spot_img

കരൾ രോഗത്തിന്റെ ലക്ഷണങ്ങളും കാരണങ്ങളും

ദിവസവും രണ്ട് പെഗ്ഗ് വീതം വീശിയാൽ ഒരു ചുക്കും സംഭവിക്കില്ലെന്നാണ് എല്ലാവരുടെയും വിശ്വാസം. ഈ വിശ്വാസത്തിൽ വലിയ പ്രശ്‌നമൊന്നുമില്ല. എന്നാൽ വസ്തുത അതല്ല എന്നതാണ് സത്യം. അത് അറിയേണ്ടതുണ്ട്.

വെട്ടു ഗ്ലാസിൽ അര ഔൺസ് വെള്ളവും കൂട്ടി ഒരു ക്വാര്‍ട്ടര്‍ മോന്തുന്ന നാട്ടിലെ കുടിയന്മാരോട് ഇത് പറഞ്ഞിട്ട് കാര്യമില്ല. എന്നാൽ കരൾ വീക്കത്തെയൊക്കെ അല്പം പേടിയുള്ളവർ മദ്യപാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ മനസിലാക്കണം. രണ്ട് പെഗ് വിദേശ മദ്യത്തിൽ നാൽപത് ഗ്രാം ആൽക്കഹോളുണ്ട്. ഒരു പെഗ്ഗിൽ 20 ഗ്രാം വീതം നാൽപത്. വിസ്‌കി, ബ്രാൻഡി, റം, വോഡ്ക എന്നിവയിലാണ് ഈയളവിൽ ആൽക്കഹോൾ ഉള്ളത്. ഇങ്ങനെ അഞ്ച് വർഷം തുടർച്ചയായി മദ്യപിച്ചാൽ കരൾ രോഗം ബാധിക്കാം. ഈ മട്ടിലുള്ള മദ്യപാനം മൂലം പുരുഷന്മാരെക്കാൾ വേഗത്തിൽ സ്ത്രീകൾക്ക് കരൾരോഗം പിടിപെടാം.

ദിവസവും രണ്ട് പെഗ്ഗ് എന്ന വീമ്പ് പറച്ചിലൊന്നും കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് സാരം.

കുടിക്കുന്ന മദ്യമെല്ലാം നിർവീര്യമാക്കുന്നത് കരളാണ്. ഇങ്ങനെ നിർവീര്യമാക്കുമ്പോൾ ഉണ്ടാകുന്ന അസറ്റാൽഡിഹൈഡ് എന്ന രാസപദാർത്ഥം കരളിനെ നശിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ദിവസവും രണ്ടെണ്ണം എണ്ണിയും എണ്ണാതെയുമൊക്കെ കുടിക്കുന്ന ഒരാളുടെ കരളിൽ കൊഴുപ്പ് അടിയുന്നു. അതിന് പിന്നാലെ കരളിൽ നീർക്കെട്ടൽ ഉണ്ടാകും. ഇതാണ് ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്. ഈയവസ്ഥയിലെ രോഗ നിർണ്ണയവും ചികിത്സയുമൊക്കെ ഗുണം ചെയ്യും. എന്നാൽ തുടർന്നും മദ്യപിച്ചാലും ചികിത്സ തേടാതിരുന്നാലും അത് മൂലം
കരൾ വീക്കം അഥവാ ലിവർ സിറോസിസ് എന്ന അസുഖം വരാം.


60 മില്ലിയിൽ ഒതുക്കാമോ?

ദിവസവും രണ്ടെണ്ണം എന്നത് ഒരെണ്ണം ആക്കിയാൽ കരളിനെ ബാധിക്കാത്ത വിധത്തിൽ കുടിക്കാനാകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. അറുപത് മില്ലിയിൽ കുറഞ്ഞ അളവിലുള്ള മദ്യപാനം കരളിനെ അത്ര കണ്ട് ബാധിക്കില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കൂടുതൽ ലഹരിക്ക് വേണ്ടി കൂടുതൽ കഴിക്കുന്നതാണ് പിന്നീട് കരൾ വീക്കത്തിലേക്ക് നയിക്കുന്നത്.

ലക്ഷണങ്ങൾ

കരൾ രോഗങ്ങൾ കാര്യമായി ലക്ഷണങ്ങൾ പ്രകടമാക്കാറില്ല. കരളിനുണ്ടാകുന്ന അല്ലറ ചില്ലറ പ്രശ്‌നങ്ങളൊക്കെ സ്വയം പരിഹരിക്കുന്നതിനാൽ ഏറെക്കാലം ലക്ഷണങ്ങൾ കാണിക്കാതെ പെട്ടെന്നായിരിക്കും രോഗം തിരിച്ചറിയുക. ഫാറ്റി ലിവർ സാധാരണമായ ഒരു അസുഖമാണ്. കുടിക്കുന്ന ഭൂരിപക്ഷം പേർക്കും ഫാറ്റി ലിവർ ഉള്ളതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

മദ്യപാനികളിൽ കരളിലെ കോശങ്ങളിൽ കൊഴുപ്പടിഞ്ഞ് കൂടാൻ അധിക  കാലമൊന്നും വേണ്ട. മദ്യപാനം തുടരുമ്പോഴാണ് ഫാറ്റി ലിവർ കാര്യമായി ബാധിച്ച് തുടങ്ങുന്നത്.  ഈ ഘട്ടത്തിൽ കരളിന്റെ സ്വാഭാവിക തവിട്ടു കലർന്ന ചുമപ്പു നിറം മാറി വെളുത്തു തുടങ്ങും. കൊഴുപ്പടിയലിന്റെ തോത് പരിധിക്കു മുകളിൽ ഉയരുകയും ഒപ്പം കരളിനെ മറ്റു രോഗങ്ങൾ ബാധിക്കുകയും ചെയ്യുമ്പോൾ കരൾ വീർത്ത് വലുതാകാനും മൃദുത്വം നഷ്ടപ്പെടാനും തുടങ്ങും. വേണ്ടത്ര പരിഗണന നൽകാതിരിക്കുകയും മദ്യപാനം തുടരുകയും ചെയ്യുന്നതിലൂടെ കരൾ രോഗങ്ങൾ അടുത്ത ഘട്ടത്തിലേക്കു നീങ്ങും.

ലക്ഷണങ്ങൾ പൊതുവെ കുറവാണെങ്കിലും വാരിയെല്ലിന് താഴെ വയറിന്റെ വലതു വശത്തായി ഉണ്ടാകുന്ന വേദന ഉണ്ടായാൽ ശ്രദ്ധിക്കണം. വയറിനുണ്ടാകുന്ന അസ്വസ്ഥതകളും ക്ഷീണവുമൊക്കെ പ്രത്യേകം നോക്കണം. ചിലവർക്ക് ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്മ, കാലിലെ നീര് എന്നിങ്ങനെ ലക്ഷണങ്ങളുണ്ടാകും.

മദ്യപാനം മാത്രമോ

മദ്യപാനം മൂലം മാത്രമല്ല കരൾ രോഗം ഉണ്ടാകുന്നത്. പ്രധാന കാരണം അതാണെന്ന് മാത്രം. പച്ചക്കറികളിൽ വ്യാപകമായി ഉപയോഗിക്കുക്കുന്ന കീടനാശിനികൾ കരളിനെ ഗുരുതരമായി ബാധിക്കുന്നതാണ്. പ്രമേഹം, അമിത വണ്ണം, കൊളസ്‌ട്രോൾ എന്നിവയും കരൾ രോഗത്തിന് കാരണമാകാം. ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ വൈറസുകളും കരൾ രോഗത്തിന് കാരണമാകും.

ശരീരത്തിൽ ഏറ്റവും കൂടുതൽ രാസപ്രവർത്തനം നടക്കുന്നത് കരളിലാണ്. ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന ഏത് രാസവസ്തുവിനേയും മെറ്റബോളൈസ് ചെയ്ത് നിർവീര്യമാക്കുന്നതാണ്‌
കരളിന്റെ പ്രധാന ദൗത്യം. അമിതമായ മദ്യപാനം, കീടനാശിനികൾ തളിച്ച പച്ചക്കറികളുടെയും മറ്റും നിരന്തര ഉപയോഗങ്ങൾ എന്നിവയാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്.


കരൾ രോഗത്തിന്റെ ഏറ്റവും ലഘുവായ അവസ്ഥകളിലൊന്നായ മഞ്ഞപ്പിത്തം കരൾ വീക്കം വരെയുള്ള ഒട്ടുമിക്ക കരൾ രോഗങ്ങളും മനുഷ്യനെ അങ്ങേയറ്റം പ്രശ്‌നത്തിലാക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.