മറ്റ് പാനീയങ്ങളേക്കാൾ ആരോഗ്യദായകമായ ഒന്നാണ് ചായ. എന്നാൽ അമിതമായാൽ അമ്യതും വിഷം എന്നപോലെ ചായ കുടിയ്ക്കുന്നത് അമിതമായാലും പല പ്രശ്നങ്ങളും ഉണ്ടാകാം. ക്ഷീണം, തളർച്ച ഉൻമേഷക്കുറവ് എന്നിവയെല്ലാം ചായ കുടി കൂടിയാലുണ്ടാകാവുന്ന പ്രശ്നങ്ങളാണ്. ഒരു ദിവസം രണ്ട് കപ്പ് ചായ കുടിയ്ക്കുന്നതൊക്കെ സാധാരണമാണ്. എന്നാൽ അതിൽ കൂടുതലാകുന്നതാണ് പല പ്രശ്നങ്ങൾക്കും കാരണം. അമിതമായി ചായ കുടിയ്ക്കുന്നവർക്ക് എപ്പോഴും വയർ നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടും. അങ്ങനെ പല ദൂഷ്യവശങ്ങളും അമിതമായ ചായ ശീലത്തെ ചുറ്റിപ്പറ്റി നിൽക്കുന്നു.
ദഹന പ്രശ്നങ്ങൾ
കടുപ്പം കൂടിയ ചായ ഉപയോഗിക്കുന്നവർക്ക് ദഹന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. വയറിന് അസ്വസ്ഥത അനുഭവപ്പെടാനും വേദനയ്ക്കും കാരണമായേക്കാം. അതിനാൽ കടുപ്പമേറിയ ചായ ഇടയ്ക്കിടെ കുടിയ്ക്കുന്ന ശീലം ഒഴിവാക്കുന്നതാണ് മെച്ചം.
മയക്കം
കടുപ്പമേറിയ ചായ നിരന്തരം കുടിയ്ക്കുന്നവർക്ക് മദ്യപിച്ച അവസ്ഥ പോലെ ഉണ്ടാകാറുണ്ട്. കടുപ്പം കൂട്ടിയ കട്ടൻ ചായ, ഒലോങ് ടീ, എന്നിവയുടെ അമിത ഉപയോഗം ബോധം നശിക്കാനും മദ്യപിച്ചവരെ പോലെ ക്ഷീണവും തളർച്ചയും ബോധക്ഷയവും സമ്മാനിക്കുന്നു. വെറും വയറ്റിൽ കടുപ്പമേറിയ ചായ കുടിയ്ക്കുന്നതും പല പ്രശ്നങ്ങൾക്കും കാരണമായേക്കാം.
അമിതമായ ചായ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങനെ ഒഴിവാക്കാം
നല്ല ചായ തിരഞ്ഞെടുക്കാം
ചായ ഉണ്ടാക്കുമ്പോൾ ഉപയോഗിക്കുന്ന ചായപ്പൊടി ഏറ്റവും ശുദ്ധവും ഗുണമേൻമയുള്ളതുമാണെന്ന് ഉറപ്പു വരുത്തുക. സാധാരണയിൽ കവിഞ്ഞ കഫീനിന്റെ അംശം ഉള്ള അൽക്കലോയിഡുകൾ അടങ്ങിയ ചായപ്പൊടികൾ മാർക്കറ്റിൽ യഥേഷ്ടം ലഭിക്കുന്നവയാണ്. വിലക്കുറവ് നോക്കി അത്തരം ചായപ്പൊടികൾ വാങ്ങാതിരിക്കുക.
ക്യത്യമായ സമയം പാലിക്കുക
ഇടയ്ക്കിടെ ചായ കുടിയ്ക്കുന്ന ശീലം ഉപേക്ഷിച്ച ചായ കുടിയ്ക്കാൻ ക്യത്യമായ സമയം നിശ്ചയിക്കുക. ആ സമയത്ത് മാത്രം ചായ കുടിയ്ക്കുക. ഒപ്പം തന്നെ ചായ പെട്ടെന്ന് കുടിച്ച് തീർക്കാതെ ആവശ്യത്തിന് സമയമെടുത്ത് ആസ്വദിച്ച് കുടിയ്ക്കുക.
ഒരു ദിവസം പത്ത് ഗ്രാമിലധികം ചായപ്പൊടി ഉപയോഗിക്കരുത്
ആരോഗ്യദാ.യകമായ പാനീയവും ഏറെ ഗുണങ്ങളും നിറഞ്ഞതാണ് ചായ. എന്നാൽ ചായ തിളപ്പിക്കുമ്പോൾ വളരെ കുറച്ച് മാത്രം ചായപ്പൊടി ഉപയോഗിക്കുക. ഒരു ദിവസം ഏറ്റവും കൂടിയത് 10 ഗ്രാം ചായപ്പൊടി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം, വിപരീത ഫലം സമ്മാനിച്ചേക്കാം.
സനാക്സുകളും കഴിയ്ക്കുക
ചായയ്ക്കൊപ്പം സ്നാക്സുകളും കഴിയ്ക്കുക. ചായയെ പെട്ടെന്ന് വലിച്ചെടുക്കാനും ദഹനം എളുപ്പമാക്കാനും ഇവ സഹായിക്കും. സ്നാക്സുകൾ തിരഞ്ഞെടുക്കുമ്പോൾ ഉപ്പും മധുരവുമുള്ളവ കഴിവതും ഒഴിവാക്കുക. ഇവ ശരീരത്തിലെ സോഡിയത്തിന്റെ അളവ് വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യദായകമായ സ്നാക്സുകൾ തിരഞ്ഞെടുക്കുക
ഭക്ഷണത്തിന് ശേഷം ചായ കുടിയ്ക്കാതിരിക്കുക
കടുപ്പമുള്ള ചായയിൽ അടങ്ങിയിരിക്കുന്ന ടാനിൻ എന്ന ഘടകം ഭക്ഷണത്തിലെ ഇരുമ്പിനെ വലിച്ചെടുക്കുന്നതിൽ നിന്ന് ശരീരത്തെ തടയുന്നു. എന്നാൽ ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷം ചായ കുടിയ്ക്കുന്നത് ദഹന പ്രക്രീയ സുഗമമാക്കുകയും ചെയ്യും.