വെളുത്ത വിഷം എന്നാണ് പഞ്ചസാരയുടെ ദുഷ്‌പേര്. ശരീരത്തിന്റെ നിരവധി ആവശ്യങ്ങള്‍ക്ക് പഞ്ചസാര ആവശ്യമാണ്. എന്നാല്‍ നാം കഴിക്കുന്ന പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ഷുഗര്‍ ശരീരത്തിന് ആവശ്യമുള്ളതാണെങ്കിലും അതിനായി പഞ്ചസാര ഉപയോഗിക്കുന്നത് അപകടമാണ്. ഷുഗറടങ്ങിയ മറ്റു ഭക്ഷണം കഴിക്കുന്നത് ശീലമാക്കുകയാണ് നല്ലത്. എന്നാല്‍ പഞ്ചസാര നിത്യോപയോഗത്തില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. ചായയിലും കാപ്പിയിലും പലഹാരങ്ങളിലും ഉപയോഗിക്കുന്ന പഞ്ചസാര മാത്രമല്ല നമ്മുടെ ശരീരത്തിലെത്തുന്നത്. നാം കടകളില്‍ നിന്നു വാങ്ങുന്ന ടിന്‍ ഫുഡുകളിലും സോഫ്റ്റ് ഡ്രിങ്കുകളിലും അമിതമായ തോതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയും നമ്മുടെ ശരീരത്തില്‍ ഈ വിഷത്തെ എത്തിക്കുന്നുണ്ട്. സുക്രോസ് എന്ന ഘടകമാണ് പഞ്ചസാരയില്‍ അടങ്ങിയിരിക്കുന്നത്. പഴങ്ങള്‍, പാല്‍, ചിലയിനം പച്ചക്കറികള്‍ എന്നിവയില്‍ പ്രകൃതിദത്തമായ ഷുഗര്‍ അടങ്ങിയിരിക്കുന്നു. ആഡഡ് ഷുഗറായ പഞ്ചസാര, ശര്‍ക്കര എന്നിവയാണ് വില്ലന്മാര്‍. ഇവയെ ജീവിതത്തില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. പഞ്ചസാരയില്‍ കലോറി വളരെ കൂടുതലാണ്. എന്നാല്‍ പോഷകങ്ങളൊന്നും അടങ്ങിയിട്ടുമില്ല. ഒരു ദിവസം ആറു മുതല്‍ ഒന്‍പതു ടീസ്പൂണില്‍ കൂടുതല്‍ പഞ്ചസാര ഉപയോഗിക്കരുതെന്നാണ് ലോകാരോഗ്യ സംഘടനം പറയുന്നത്.
- ഹൃദയാഘാതം ഉണ്ടാകുന്നതിന് പൂരിത കൊഴുപ്പുകള്‍ക്കുള്ള പങ്കിനേക്കാള്‍ വലുതാണ് പഞ്ചസാരയ്ക്കുള്ളതെന്ന് പഠനങ്ങള്‍ പറയുന്നു.
- തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കുന്നു.
- അഡിക്ഷന്‍ – പഞ്ചസാര സ്ഥിരമായി ഉപയോഗിക്കുന്നത് ആസക്തി ഉണ്ടാക്കുന്നു. നേരിട്ട് പഞ്ചസാര ഉപയോഗിക്കാത്തവരില്‍ പോലും ഇത് പ്രശ്‌നങ്ങളുണ്ടാക്കുന്നതിന്റെ കാരണം സാലഡ്, സോസ്, പാക്കറ്റ് ഫുഡ് എന്നിവയില്‍ ധാരാളമായി ഷുഗര്‍ അടങ്ങിയിരിക്കുന്നതിനാലാണ്.
- ഉയര്‍ന്ന രക്തസമ്മര്‍ദ്ദം – ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്നത് ഉപ്പാണഎന്നാണ് പൊതു ധാരണ. എന്നാല്‍ ഈ കാര്യത്തില്‍ ഉപ്പിനേക്കാള്‍ വലിയ വില്ലന്‍ പഞ്ചസാരയാണ്.
- രക്തത്തിലെ ട്രൈ ഗ്ലിസറൈഡിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ശരീരത്തില്‍ അമിതമായി എത്തുന്ന ഷുഗര്‍ ട്രൈ ഗ്ലിസറൈഡ് എന്ന ചീത്ത കൊഴുപ്പായി മാറുന്നതിന്റെ ഫലമായി രക്തത്തിലെ ഇതിന്റെ അളവ് കൂടുന്നു.
- പൊണ്ണത്തടി – പഞ്ചസാരയില്‍ ധാരാളം കലോറി അടങ്ങിയിരിക്കുന്നതിനാല്‍ ശരീരം ഉപയോഗിച്ചശേഷം ബാക്കിവരുന്ന കലോറി കൊഴുപ്പായി ശരീരത്തില്‍ സൂക്ഷിക്കപ്പെടുന്നു.
- പ്രമേഹം – പഞ്ചസാര കൂടുതല്‍ കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും പാന്‍ക്രിയാസ് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് നിരന്തരം സംഭവിക്കുമ്പോള്‍ ബീറ്റാ കോശങ്ങള്‍ തളരുകയും പ്രമേഹത്തിനു കാരണമാകുകയും ചെയ്യുന്നു. ഇന്‍സുലിന്‍ റസിസ്റ്റന്‍സ് വര്‍ധിച്ചും പ്രമേഹമുണ്ടാകുന്നു.