spot_img

ഉറക്ക ഗുളികയുടെ ദൂഷ്യവശങ്ങള്‍

രാത്രിയില്‍ ക്യത്യമായി ഉറക്കം ലഭിക്കാത്തവരുടെ ഒരേയൊരു ആശ്രയമാണ്‌ ഉറക്ക ഗുളികകള്‍. നല്ല ഉറക്കം ലഭിക്കുമെന്ന ഒറ്റ ചിന്തയില്‍ മാത്രമാണ് പലരും ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഉറക്ക ഗുളികകള്‍ കഴിയ്ക്കുന്നത് പല ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. ഉറക്ക ഗുളിക ഇല്ലെങ്കില്‍ ഉറങ്ങാന്‍ സാധിക്കില്ലെന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയേക്കാം. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ഡോക്ടര്‍മാര്‍ പോലും ഉറക്ക ഗുളികകള്‍ നിര്‍ദേശിക്കാറില്ല. ഉറക്കം കുറവുള്ളവര്‍ ഡോകടറുടെ നിര്‍ദേശം സ്വീകരിച്ചതിന് ശേഷം മാത്രമേ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കാവൂ എന്ന് കര്‍ശന നിര്‍ദേശവുമുണ്ട്. എന്തെല്ലാമാണ് ഉറക്ക ഗുളികകള്‍ കൊണ്ടുള്ള ദൂഷ്യവശങ്ങള്‍ എന്ന് പരിശോധിക്കാം.

പകലുറക്കവും ക്ഷീണവും
രാത്രിയില്‍ കഴിച്ച ഉറക്ക ഗുളികയുടെ സ്വാധീനം പകല്‍ സമയത്തും കാണാറുണ്ട്‌. ഇത് ഉറക്കം തൂങ്ങുന്നതിനും ക്ഷീണമുണ്ടാകുന്നതിനും കാരണമാകുന്നു. ഇത്തരം മരുന്നുകളില്‍ അടങ്ങിയിരിക്കുന്ന ഡ്രഗ്സ് പ്രായമായവരുടെ രക്തത്തില്‍ ഏറെ നേരം നിലനില്‍ക്കുന്നു. ഇതുമൂലം രാവിലെ ക്യത്യമായ സമയത്ത് ഉണരാന്‍ സാധിക്കാതെ വരുന്നു. നല്ല ഉറക്കത്തിനായി ഡോസേജ് കൂടിയ ഉറക്ക ഗുളികകള്‍ കഴിയ്ക്കുന്നത് അമിതമായ ഉറക്കത്തിനും ക്ഷീണം ഉണ്ടാകുന്നതിനും കാരണമാകാറുണ്ട്.

സ്വബോധമില്ലായ്മയും ദുഃസ്വപ്നങ്ങളും
സാലേപ്ലോന്‍, സോപിക്ലോന്‍ തുടങ്ങിയ മരുന്നുകള്‍ സ്ഥിരമായി കഴിയ്ക്കുന്നവര്‍ക്ക് ഹാലുസിനേഷന്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് കാണാത്തത് പലതും കാണുന്നതായും മറ്റും തോന്നും. ഇതിലടങ്ങിയിരിക്കുന്ന മയക്കുമരുന്നിന്റെ പ്രവര്‍ത്തനം മൂലമാണ് ഈ അവസ്ഥകള്‍ ഉണ്ടാകുന്നത്. ഉറക്ക ഗുളികകള്‍ കഴിയ്ക്കുന്ന ചില ആളുകള്‍ ഉറക്കത്തില്‍ ദുഃസ്വപ്നങ്ങള്‍ കാണാറുണ്ടെന്നും പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ശ്വാസതടസം വര്‍ധിപ്പിക്കുന്നു
ഉറക്കത്തിനിടെ ശ്വാസകോശത്തില്‍ ക്യത്യമായി ഓക്സിജന്‍ എത്താത്തതു മൂലം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് സ്ലീപ്പ് അപ്നിയ. ഉറക്കത്തിനിടെ ഞെട്ടി എഴുന്നേല്‍ക്കുന്നതും, ഉറക്കം നഷ്ടപ്പെടുന്നതുമെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഉറക്കം ലഭിക്കാനായി ഉറക്ക ഗുളികകള്‍ കഴിയ്ക്കുന്നവരില്‍ ഈ ശ്വാസതടസം വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഉറക്ക ഗുളികകളോട് ആസക്തിയുണ്ടാകുന്നു
സ്ഥിരമായി ഉറക്കഗുളികകള്‍ ഉപയോഗിക്കുന്നില്ല എന്ന് പറഞ്ഞാലും നിങ്ങളുടെ ശരീരത്തിന് ഉറക്ക ഗുളികകളോട് ആസക്തി തോന്നാനുള്ള സാധ്യത ഏറെയാണ്. ഉറക്കഗുളികകളില്‍ അടങ്ങിയിരിക്കുന്ന മയക്കുമരുന്ന് പതിയെ ശരീരത്തിന്റെയും ഉറക്കത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കും. ഇത്തരം മരുന്നുകളില്ലാതെ ഉറങ്ങാന്‍ സാധിക്കില്ലെന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കും. വിറയല്‍, വിയര്‍പ്പ്, ഉറക്കമില്ലായ്മ എന്നിവയെല്ലാം ആസക്തിയുടെ ലക്ഷണങ്ങളാണ്.

തലവേദനയും ശരീര വേദനയും
ഉറക്ക ഗുളിക ശീലമാക്കുന്നവരില്‍ അമിതമായ തലവേദന, നടുവേദന, പേശീ വേദന എന്നിവ കണ്ടു വരുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

മറവി രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു
ഉറക്കഗുളികകളുടെ അമിത ഉപയോഗം, സ്ഥിരമായ ഉപയോഗം എന്നിവ അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ പോലുള്ള മറവി രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മൂന്ന് മാസത്തിലോ അതില്‍ അധിമോ കാലം ഉറക്ക ഗുളികകള്‍ കഴിയ്ക്കുന്നവര്‍ക്ക് ദീര്‍ഘകാല മറവിരോഗങ്ങള്‍ പിടിപെടാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

സ്വാഭാവികമായി സംഭവിക്കേണ്ട ശാരീരിക പ്രക്രിയയാണ്‌ ഉറക്കം . ക്യത്യമായ സമയത്ത് ഉറങ്ങി എഴുന്നേല്‍ക്കുന്നവരില്‍ ഉറക്കമില്ലായ്മ ഉണ്ടാവാറില്ല. എങ്കിലും ഉറക്കമില്ലായ്മ ഒരു ഗുരുതര പ്രശ്‌നമായി മാറുന്ന നിരവധിയാളുകള്‍ ഉണ്ട്. ഇത്തരക്കാര്‍ സ്വയം ചികിത്സ നടത്തരുത്. സ്വയം ഉറക്കഗുളികകളെ ആശ്രയിക്കുന്നത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. ഒരു ഡോക്ടറെ സമീപിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യേണ്ടത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.