spot_img

പ്രസവത്തിനു ശേഷമുള്ള സെക്സ് : അറിയേണ്ടതെല്ലാം

ഗര്‍ഭകാലത്തിനു ശേഷം ഉടന്‍ തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പാടില്ല. നിങ്ങളുടെ ശരീരം മറ്റൊരു ജീവനെ പുറത്തേക്ക് വിട്ടിട്ട് വളരെക്കുറച്ച് സമയമേ ആയിട്ടുള്ളൂ. ശരീരത്തിന് മതിയായ വിശ്രമം ആവശ്യമാണ്. മുറിവുകളും തുന്നലുകളും ഉണങ്ങാന്‍ കുറച്ചു ദിവസത്തെ സമയം ആവശ്യമാണ്. ഈ സമയത്ത് വീണ്ടും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഒട്ടുംതന്നെ സുരക്ഷിതമല്ല. കുഞ്ഞിനു ജന്മം നല്‍കിയതിനു ശേഷമുള്ള ലൈംഗിക ബന്ധത്തെക്കുറിച്ചും ആ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അത് എളുപ്പമാക്കാനുള്ള ടിപ്സും വായിക്കാം.

കുഞ്ഞിനു ജന്മം നല്‍കിയതിനുശേഷം ഉടനെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പാടില്ലാത്തതെന്തുകൊണ്ട് ?

1. കനത്ത രക്തസ്രാവം ഉണ്ടായേക്കാം
പ്രസവത്തിനു ശേഷം ദിവസങ്ങളോളം സ്ത്രീകള്‍ക്ക് രക്തസ്രാവം ഉണ്ടാകാറുണ്ട്. ഓരോരുത്തരിലും ഇത് വ്യത്യാസപ്പെട്ടിരിക്കും. ഗര്‍ഭപാത്രത്തോടു ചേര്‍ന്നിരുന്ന മറുപിള്ള (Placenta) ഇപ്പോള്‍ തുറന്ന രക്തധമനികളാണ്. അതിനാലാണ് രക്തസ്രാവം ഉണ്ടാകുന്നത്. പിന്നീട് അവ ചുരുങ്ങി രക്തസ്രാവം മെല്ലെ നില്‍ക്കുന്നു. വിദഗ്ധര്‍ പറയുന്നത് യോനിയിലൂടെയുള്ള ഈ രക്തസ്രാവം നില്‍ക്കുന്നതുവരെ ലൈംഗികബന്ധം പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നാണ്.

2. മുറിവുകള്‍ പൊട്ടാനുള്ള സാധ്യത
പ്രസവസമയത്ത് ഡോക്ടര്‍മാര്‍ യോനിയ്ക്കും മലദ്വാരത്തിനുമിടയില്‍ മുറിവുണ്ടാക്കാറുണ്ട്. പ്രസവം വേഗം നടക്കേണ്ടതുള്ളപ്പോള്‍ യോനീ പേശികള്‍ വികസിക്കാത്ത സാഹചര്യത്തിലാണ് ഇങ്ങനെ മുറിവുകളുണ്ടാക്കുന്നത്. യോനിയുടെ ഉള്ളില്‍ കടന്നുള്ള ഏതുവിധ സെക്സും അതിനാല്‍ത്തന്നെ അപകടകരമാണ്.

3. ഗര്‍ഭപാത്രത്തില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത
പ്രസവമല്ല, സിസേറിയനായിരുന്നാലും ഗര്‍ഭാശയമുഖം വികസിക്കുന്നതിനാല്‍ യോനിയില്‍ നിന്ന് ഗര്‍ഭപാത്രത്തിലേക്ക് ബാക്ടീരിയ പോലുള്ളവയ്ക്ക് എളുപ്പത്തില്‍ കടക്കാന്‍ കഴിയുന്നു. ഇത് അണുബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു. യോനിയിലൂടെ എന്തു വസ്തു അകത്തേക്ക് കടത്താന്‍ ശ്രമിച്ചാലും ഇത്തരത്തില്‍ അണുബാധ സാധ്യതയുണ്ട്.

പ്രസവശേഷം എപ്പോള്‍ മുതല്‍ സെക്സ് തുടങ്ങാം
പ്രസവം കഴിഞ്ഞ് ആറു ആഴ്ചകള്‍ കഴിഞ്ഞ് സെക്സ് ചെയ്തു തുടങ്ങാം. ആറാഴ്ചയ്ക്കു ശേഷമുള്ള സെക്സ് ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കാത്തതും എളുപ്പവുമാണ്. രക്തസ്രാവം കുറഞ്ഞുവരുന്നതാണ് നിങ്ങളുടെ മുറിവുണങ്ങുന്നതിന്റെ ലക്ഷണം. ചില സ്ത്രീകളില്‍ ഈ സമയത്ത് ലൈംഗിക ബന്ധത്തിനുള്ള താല്‍പര്യം വളരെ കുറഞ്ഞുപോകാനും സാധ്യതയുണ്ട്. അതിനാല്‍ വൈകാരികമായി തയ്യാറാവുമ്പോള്‍ മാത്രം അതിനു മുതിരുന്നതാണ് നല്ലത്.

ആദ്യ ബന്ധത്തില്‍ പ്രതീക്ഷിക്കേണ്ടത്
പ്രസവശേഷമുള്ള ആദ്യ ലൈംഗികബന്ധം പഴയതു പോലെയായിരിക്കുകയില്ല. എന്തെല്ലാം വ്യത്യാസങ്ങളുണ്ടാകുമെന്നു മനസ്സിലാക്കുന്നത് അതിനെ അതിജീവിക്കാനും അമിത പ്രതീക്ഷയുണ്ടാവാതിരിക്കാനും നല്ലതാണ്.

1. താല്‍പര്യക്കുറവ്
പ്രസവശേഷം ഒരു സ്ത്രീയ്ക്ക് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിനു പാല്‍ കൊടുക്കുന്നത്, കുഞ്ഞിന്റെ ഉറക്കം, നാപ്കിന്‍ മാറ്റല്‍ അങ്ങനെ നിരവധി. സെക്സ് അവളുടെ അവസാന പരിഗണനയായിരിക്കും. സെക്സിനിടയില്‍ കുഞ്ഞ് കരയുന്നതും മറ്റും പ്രയാസമുണ്ടാക്കുകയും ചെയ്യും. അതിനാല്‍ കുഞ്ഞ് ദീര്‍ഘനേരം ഉറങ്ങുന്ന സമയത്തോ കുഞ്ഞിനെ മറ്റാരെയെങ്കിലും ഏല്‍പ്പിച്ച ശേഷമോ മാത്രം സെക്സ് ചെയ്യുക.

2. ലൂബ്രിക്കേഷന്‍ കുറവ്
നിങ്ങള്‍ക്ക് ലൈംഗിക ചോദന ഉണ്ടായാല്‍ തന്നെ ഈസ്ട്രജന്‍ തോതിലെ വ്യത്യാസം കാരണം യോനി വരണ്ടതായിരിക്കാന്‍ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ലൈംഗികബന്ധത്തില്‍ കൂടുതലായി ഫോര്‍പ്ലേ ഉള്‍പ്പെടുത്തുകയോ ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുകയോ ചെയ്യുക.

3. വേദന
മുറിവുകള്‍ പൂര്‍ണ്ണമായും ഉണങ്ങാത്തതു കൊണ്ടോ വസ്തി പേശികള്‍ തളരുന്നതുകൊണ്ടോ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ കടുത്ത വേദന ഉണ്ടായേക്കാം. അതിനാല്‍ ഫിസിയോ തെറാപ്പിസ്റ്റിനെ കണ്ട് തെറാപ്പികള്‍ ചെയ്യുകയോ വേദന കുറഞ്ഞ തരത്തിലുള്ള പൊസിഷനുകള്‍ പരീക്ഷിക്കുകയോ ചെയ്യാം.

4. പാല്‍ പുറത്തേക്കുവരാനുള്ള സാധ്യത
രതിമൂര്‍ച്ഛയുടെ സമയത്ത് മുലപ്പാല്‍ പുറത്തേക്കു വരാനുള്ള സാധ്യത കൂടുതലാണ്. അത് ഭയപ്പെടേണ്ട കാര്യമല്ല. ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് ഇത് സംഭവിക്കുന്നത്. ആശങ്കയുണ്ടെങ്കില്‍ സെക്സിലേര്‍പ്പെടുന്നതിന് മുമ്പ് കുഞ്ഞിന് പാല്‍ കൊടുക്കുകയോ പാല്‍ പമ്പ് ചെയ്ത് കളയുകയോ ചെയ്യാം.

5. ഗര്‍ഭസാധ്യത
ഈ സമയത്ത് അണ്ഡോല്‍പ്പാദന സാധ്യത കൂടുതലാണ്. അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള ജനന നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. അടുത്ത ഗര്‍ഭത്തിന് നിങ്ങളുടെ ശരീരമോ മനസ്സോ തയ്യാറെടുത്തിട്ടുണ്ടാവില്ല.

6. ആത്മാഭിമാനക്കുറവ്
പ്രസവശേഷം ശരീരത്തിനു സംഭവിക്കുന്ന വ്യത്യാസങ്ങള്‍ ചിലരില്‍ ആത്മാഭിമാനക്കുറവ് ഉണ്ടാക്കാറുണ്ട്. ഭാരം കൂടിയതോ, ശരീരത്തിന്റെ നിറ വ്യത്യാസമോ ഒക്കെ അവരില്‍ അപകര്‍ഷത ഉണ്ടാക്കിയേക്കാം. ഇത് സെക്സിനോടുള്ള താല്‍പര്യം കുറക്കാനോ മടി കാണിക്കാനോ കാരണമായേക്കും.

മറ്റു വഴികള്‍
പ്രസവശേഷം എന്തെങ്കിലും കാരണത്താല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ പങ്കാളിയുമായുള്ള അടുപ്പം നിലനിര്‍ത്താന്‍ മറ്റു വഴികള്‍ പരീക്ഷിക്കാവുന്നതാണ്. സ്വയംഭോഗം, ഫോര്‍ പ്ലേ, വദന സുരതം (oral sex) എന്നിവയിലൂടെയും അതിനു കഴിയുന്നില്ലെങ്കില്‍ കെട്ടിപ്പിടിക്കുകയും ചേര്‍ന്നുകിടക്കുകയും ഉമ്മ വെക്കുകയും ഒക്കെ ചെയ്യാവുന്നതാണ്. പരസ്പരമുള്ള അടുപ്പം നിലനിര്‍ത്തല്‍ വളരെ പ്രധാനമാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.