spot_img

ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഒഴിവാക്കുമ്പോള്‍ ഓര്‍ക്കുക; നമ്മുടെ ജീവനാണ് ഇവ സംരക്ഷിക്കുന്നത്

ബൈക്കില്‍ മുന്‍പിലിരിക്കുന്ന ആള്‍ക്കൊപ്പം പുറകിലിരിക്കുന്ന ആളും ഹെല്‍മറ്റ് ധരിക്കണം, കാറില്‍ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ഇടണം തുടങ്ങിയ നിബന്ധനകള്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയിരിക്കുകയാണ്‌. ഇത് സംബന്ധിച്ച് ഒരുപാട് വാദ പ്രതിവാദങ്ങള്‍ നടക്കുന്നുണ്ട്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കും മുന്‍പ് റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെടുന്ന നിരവധിയാളുകള്‍ ഉണ്ട്. വെറും ബാലിശമായ നിലപാടുകളാണ് ഇത്. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും സുരക്ഷയുടെ ഭാഗമായിട്ടുള്ളതാണ്. റോഡ് നല്ലതായാലും മോശം ആയാലും ഇവ നിര്‍ബന്ധമാണ്. കാരണം അപകടം സംഭവിക്കുമ്പോള്‍ സുരക്ഷ നല്‍കുന്നവയാണ് ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും.

മറ്റേതൊരു ശരീരാവയവങ്ങളില്‍ നിന്നും തലച്ചോര്‍ വ്യത്യസ്തമാണ്. അപകടം മൂലം  തലച്ചോറിനും സുഷുമ്‌ന നാഡിയ്ക്കും കേടുപാടുകള്‍ സംഭവിച്ചാല്‍ പൂര്‍ണമായി ഭേദമാക്കുക അസാധ്യമാണ്. അതേ സമയം കൈയ്യൊടിയുകയോ കാലൊടിയുകയോ ചെയ്താല്‍ പൂര്‍ണമായും ഭേദമാക്കിയെടുക്കാവുന്നതാണ്. തലച്ചോറിന്റെ സുരക്ഷ ഉറപ്പാക്കണം എന്നുള്ളതു കൊണ്ട് തന്നെയാണ് അതിനെ ആവരണം ചെയ്ത് തലയോട്ടി നിലകൊള്ളുന്നത്. പക്ഷേ വളരെ സ്പീഡില്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ തെറിച്ചു വീഴുകയോ തലയടിച്ച് വീഴുകയോ ചെയ്താല്‍ തലയോട്ടി പൊട്ടാനും അതിനുള്ളിലെ തലച്ചോറിന് പൂര്‍ണനാശം സംഭവിക്കാനും സാധ്യതയുണ്ട്‌. ജീവിത കാലം മുഴുവന്‍ ജീവച്ഛവം പോലെ കിടക്കാന്‍ ഇത് കാരണമായേക്കാം. അതു കൊണ്ടാണ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം ഉണ്ടായിരിക്കുന്നത്. പിന്‍സീറ്റിലെ യാത്രക്കാരന് മുന്നിലിരിക്കുന്ന ആളെക്കാള്‍ ശ്രദ്ധ കുറവായിരിക്കും. ബൈക്ക് ഓടിക്കുമ്പോള്‍ അപകടത്തിലേക്കാണ് എന്ന സൂചന മുന്നിലിരിക്കുന്ന ആള്‍ക്ക് ഉണ്ടായിരിക്കും. എന്നാല്‍ പിന്നിലിരിക്കുന്ന ആള്‍ക്ക് അത് മനസിലാകില്ല. അതിനാല്‍ അപകടത്തില്‍ പെടുമ്പോള്‍ പിന്നിലിരിക്കുന്ന ആള്‍ തെറിച്ച് വീഴാനും കാര്യമായ ക്ഷതമേല്‍ക്കാനും സാധ്യത വളരെ കൂടുതലാണ്. ബൈക്ക് അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പരിക്ക് പറ്റുന്നത് ബൈക്ക് ഓടിക്കുന്ന ആളെക്കാള്‍ പിന്നിലിരിക്കുന്നവര്‍ക്കാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ ഇത്തരത്തില്‍ മരണപ്പെട്ടിട്ടുണ്ട്. അതിനാല്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് അനിവാര്യമാണ്.

ഇതുപോലെ തന്നെയാണ്‌ കാറുകളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവരുടെ കാര്യവും. കുടുംബമായി യാത്ര ചെയ്യുമ്പോള്‍ ഭാര്യയോ ഭര്‍ത്താവോ ഡ്രൈവിങ് സീറ്റിലായിരിക്കും. പങ്കാളി അടുത്ത സീറ്റിലും. മധ്യഭാഗത്തായിട്ടാവും കുഞ്ഞിനെ ഇരുത്തുക. ഇത് വളരെ അപകടകരമാണ്. അപകടം സംഭവിച്ചാല്‍ കാറിന് പുറത്തേക്ക് തെറിച്ച് വീണ് കുഞ്ഞിന് ഗുരുതര പരിക്കുണ്ടാകാനും മരണം വരെ സംഭവിക്കാനും സാധ്യത ഏറെയാണ്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനായി, മുന്‍സീറ്റിലായാലും പിന്‍സീറ്റിലായാലും സീറ്റ് ബെല്‍റ്റുകള്‍ നിര്‍ബന്ധമായും ധരിക്കുക. ചെറിയ കുട്ടികള്‍ക്കായി ബേബി സീറ്ററും, പ്രത്യേക സീറ്റ് ബെല്‍റ്റും ഇന്ന് ലഭ്യമാണ്‌. ഇവ കാറില്‍ ഉണ്ടെന്ന്‌ ഉറപ്പുവരുത്തുക.

ബൈക്കില്‍ മൂന്നും നാലും പേര്‍ യാത്ര ചെയ്യുമ്പോള്‍ ഓടിക്കുന്ന ആളുടെ ബാലന്‍സ് നഷ്ടപ്പെടാനും പിന്നിലിരിക്കുന്നവര്‍ക്കെല്ലാം അപകടങ്ങള്‍ സംഭവിക്കാനും സാധ്യത ഏറെയാണ്. അതു മാത്രമല്ല, ഇത്തരം പ്രവൃത്തികള്‍ ട്രാഫിക് നിയമങ്ങളുടെ ശക്തമായ ലംഘനം കൂടിയാണ്. ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ളവ കിട്ടാതിരിക്കാനുള്ള സാധ്യതയുമുണ്ട്‌. കുഞ്ഞുങ്ങളെ ബൈക്കിന് നടുവിലിരുത്തി യാത്ര ചെയ്യുന്നത്‌ സുരക്ഷിതമല്ല. ബൈക്ക് വാങ്ങുമ്പോള്‍ മറ്റെല്ലാം ശ്രദ്ധിക്കുന്നതു പോലെ തലച്ചോറിന്റെ സുരക്ഷാ കവചമായ ഹെല്‍മറ്റിനും കാറില്‍ സീറ്റ് ബെല്‍റ്റുകള്‍ക്കും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.