spot_img

സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡറിന്റെ ലക്ഷണങ്ങള്‍

വര്‍ഷാവര്‍ഷങ്ങളില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന അസുഖങ്ങളും വിഷാദത്തിന്റെ ലക്ഷണമാണെന്ന് ശാസ്ത്രലോകം! എല്ലാ വര്‍ഷവും ഒരേ സമയം സംഭവിക്കുന്ന ഒരു തരം വിഷാദമാണ് സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍. മറ്റ് തരത്തിലുള്ള വിഷാദം പോലെ, ശൈത്യകാലത്തിന്റെ തുടക്കത്തില്‍ കടുത്ത സങ്കടവും നിരാശയും അനുഭവപ്പെടുന്നതാണ് സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍. ചിലര്‍ക്ക് ഇത് വേനല്‍ക്കാലത്തും ഉണ്ടാകാറുണ്ട്. ഇത്തരം വിഷാദത്തെയാണ് വേനല്‍ വിഷാദമെന്ന് അറിയപ്പെടുന്നത്.

സീസണല്‍ അഫക്ടീവ് ഡിസോര്‍ഡറിന്റെ ലക്ഷണങ്ങള്‍ വിഷാദത്തിന് സമാനമാണ്. ഇവ തമ്മിലുള്ള വ്യത്യാസം സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍ ഉണ്ടാകുന്നത് സീസണനുസരിച്ചാണ് എന്നത് മാത്രമാണ്. കാലാവസ്ഥാ വ്യതിയാനങ്ങളാവും സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍ ബാധിച്ച വ്യക്തിയുടെ മാനസികാവസ്ഥയെ സ്വാധീനിക്കുക. സീസണല്‍ അഫക്ടീവ് ഡിസോര്‍ഡറിന്റെ ലക്ഷണങ്ങള്‍ സൗമ്യമോ കഠിനമോ അതിനിടയിലെവിടെയോ ആകാം.

പ്രധാനപ്പെട്ട സീസണല്‍ അഫക്ടീവ് ഡിസോര്‍ഡറിന്റെ ലക്ഷണങ്ങള്‍

ഊര്‍ജമില്ലായ്മ

സീസണല്‍ അഫക്ടീവ് ഡിസോര്‍ഡറുള്ളയാള്‍ക്ക് എപ്പോഴും തളര്‍ച്ചയും അതികഠിനമായ ക്ഷീണവും ഉണ്ടാകാം, പ്രത്യേകിച്ച് ശൈത്യകാലത്ത്.

ഉറക്കത്തിന്റെ പ്രശ്നങ്ങള്‍

ഉറക്കം ലഭിക്കാത്ത രാത്രികള്‍ സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍ ബാധിച്ചവര്‍ക്ക് വിഷാദത്തിനൊപ്പം പതിവായിരിക്കും. അമിതമായ ഉറക്കവും ചിലര്‍ പ്രകടിപ്പിക്കാറുണ്ട്.

താല്‍പര്യമില്ലായ്മ

എപ്പോഴും ക്ഷീണവും ഉറക്കവും കാരണം ഒരു കാര്യത്തിലും താല്‍പര്യമില്ലാത്തവരായി സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍ ബാധിച്ചവര്‍ മാറാറുണ്ട്. ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ പോലും ഇത്തരക്കാര്‍ക്ക് താല്‍പര്യമുണ്ടാവില്ല. എന്ത് ചെയ്താലും ഇത്തരക്കാര്‍ അസംതൃപ്തരായിരിക്കും.

നെഗറ്റീവ് മനോഭാവം

പ്രകോപിക്കപ്പെടുന്ന മാനസികാവസ്ഥ അല്ലെങ്കില്‍ അശുഭാപ്തിവിശ്വാസം തുടങ്ങിയ ലക്ഷണങ്ങളും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലെ പ്രശ്നങ്ങളും ജോലിയില്‍ പിന്നോട്ട് പോകുന്നതും സാമൂഹിക ചുറ്റുപാടില്‍ പ്രത്യക്ഷപ്പെടാനാഗ്രഹിക്കാതെ ഒതുങ്ങിപ്പോകുന്നതും ഇത്തരക്കാരില്‍ സാധാരണയായി കണ്ടുവരുന്നു.

വിശപ്പിലെ വ്യത്യാസം

സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍ ബാധിച്ചവര്‍ക്ക് അമിത വിശപ്പുണ്ടാവാറുണ്ട്. കാര്‍ബോഹൈഡ്രേറ്റ് ധാരാളമടങ്ങിയ ഭക്ഷണങ്ങളോട് താല്‍പര്യം കാട്ടുന്ന ഇത്തരക്കാര്‍ക്ക് ശൈത്യ കാലത്ത് അമിത ഭാരമുണ്ടാവാറുണ്ട്.

ഈ ലക്ഷണങ്ങള്‍ക്ക് പുറമേ ശീതകാല സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍ ബാധിച്ചവര്‍ ക്ഷോഭം, കുറഞ്ഞ ഊര്‍ജ്ജം, അമിതമായി ഭക്ഷണം കഴിക്കുക,  കനത്ത കൈകളും കാലുകളും, ക്ഷീണം, ശരീരഭാരം, ഹൈപ്പര്‍സോംനിയ, സാമൂഹിക അന്തരീക്ഷത്തില്‍ നിന്ന് പിന്‍വാങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും കാണിക്കാറുണ്ട്.

ശൈത്യകാല വിഷാദം ബാധിച്ചവര്‍ക്ക് വേനല്‍ക്കാലത്തും വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടാം. ശൈത്യകാല വിഷാദത്തിന്റെ ലക്ഷണങ്ങള്‍ക്ക് പുറമേ വേനല്‍ വിഷാദ ബാധിതര്‍ അമിത വിഷാദം, ഉറക്കമില്ലായ്മ, ഭാരനഷ്ടം, വിശപ്പിന്റെ അഭാവം, അക്രമാസക്തമായ പെരുമാറ്റം, ഉത്കണ്ഠ തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കാറുണ്ട്.

സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍ കുട്ടികളില്‍

സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍ കുട്ടികളിലും കൗമാരപ്രായക്കാരിലും വരെ കണ്ടെത്തിയിട്ടുണ്ട്. ഈ രോഗമുള്ള കുട്ടികള്‍ എപ്പോഴും വിഷമിച്ചിരിക്കും. ഏകാഗ്രത നഷ്ടപ്പെടുന്നതും, പഠനത്തില്‍ പിന്നോട്ടായിപ്പോകുന്നതും, നിസാര കാര്യങ്ങള്‍ക്ക് വരെ ദേഷ്യപ്പെടുന്നതും ഈ കുട്ടികളില്‍ സാധാരണമാണ്.

മാനസികാവസ്ഥ നിയന്ത്രിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററായ സെറോടോണിന്‍ നിയന്ത്രിക്കുന്നതില്‍ എസ്.എ.ഡി (സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍) ബാധിച്ച ആളുകള്‍ക്ക് പ്രശ്നമുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു. എസ്.എ.ഡി ബാധിച്ചവരില്‍ മെലാടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനം കൂടുതലായിരിക്കും. ഇതിന്റെ അനന്തരഫലമായി ശരീരത്തില്‍ ഇരുട്ടിനോടുള്ള താല്‍പര്യം വര്‍ധിക്കുകയും ചെയ്യും. മെലാടോണിന്റെ ഉല്‍പ്പാദനത്തിനനുസരിച്ചാണ് ഇത്തരക്കാര്‍ക്ക് ഉറക്കത്തോടുള്ള അമിത താല്‍പര്യം ഉണ്ടാവുക. എസ്.എ.ഡി ബാധിച്ചവരുടെ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവും കുറവായിരിക്കും.

എപ്പോള്‍ വൈദ്യസഹായം തേടാം?

നമുക്കെല്ലാവര്‍ക്കും സങ്കടമുള്ള സമയം ഉണ്ടാവാറുണ്ടല്ലോ? എന്നാല്‍ ഒരു സമയം കഴിഞ്ഞാല്‍ നമ്മളതിനെ മറികടക്കും. എന്നാല്‍ അതിനാവാത്ത അവസ്ഥകളിലാണ് നമുക്ക് സഹായം ആവശ്യമായി വരിക. ഈ അവസരങ്ങളില്‍ നിങ്ങള്‍ക്ക് ധൈര്യമായി ഒരു ഡോക്ടറുടെ സേവനം തേടാം. ഉറക്കമില്ലായ്മയും പ്രതീക്ഷകള്‍ നഷ്ടമാകുകയും ചെയ്യുന്ന ഈ സമയങ്ങളില്‍ ഒരു ഡോക്ടര്‍ക്ക് ഉറപ്പായും നിങ്ങളെ സഹായിക്കാനാവും.

എസ്.എ.ഡി മറികടക്കാന്‍

വിഷാദത്തിന് ചികിത്സിക്കുന്നതിന് പകരം ലൈറ്റ് തെറാപ്പികള്‍ക്ക് വിധേയമാകാം. എസ്.എ.ഡി ബാധിച്ച ധാരാളമാളുകള്‍ ഇത്തരം ലൈറ്റ് തെറാപ്പികളാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്. സൂര്യപ്രകാശം ഏല്‍ക്കുന്നതിനപ്പുറം ശരീരത്തിലെ ആന്തരിക അവയവ പ്രവര്‍ത്തനങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനും അതുവഴി ഉറക്കവും ഉണര്‍ച്ചയും സാധാരണ രീതിയിലാക്കാനും ലൈറ്റ് തെറാപ്പിക്ക് കഴിയും.

കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി

കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി എസ്.എ.ഡി ബാധിച്ചവരുടെ ദൈനംദിന ജീവിതത്തെ നേരെയാക്കാന്‍ സഹായിക്കും. കാര്യങ്ങള്‍ ചെയ്യുന്നതില്‍ താല്‍പര്യമുണ്ടാക്കിയെടുക്കലാണ് ഈ തെറാപ്പിയുടെ ഉദ്ദേശം. ലൈറ്റ് തെറാപ്പിയും കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയും ഒരുമിച്ച് ചെയ്ത ധാരാളം എസ്.എ.ഡി ബാധിതര്‍ വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോയിട്ടുണ്ടെന്ന് വിവിധ പഠനങ്ങള്‍ അടിവരയിടുന്നു.

ഏത് തെറാപ്പിക്ക് വിധേയമായാലും ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ചെയ്യുക. മരുന്നിനൊപ്പം ഒരു തെറാപ്പി കൂടി വേണമെന്ന് ഡോക്ടറുടെ ഉപദേശമുണ്ടെങ്കില്‍ മാത്രമേ ഇതിനൊക്കെ വിധേയമാകാവൂ.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.