ആധുനിക കാലഘട്ടത്തില്‍ മനുഷ്യന് പലതിനും സമയമില്ല. അതിനാല്‍ പലപ്പോഴും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഹോട്ടലുകളില്‍ നിന്നും മറ്റും കഴിക്കുകയാണ് പതിവ്. അങ്ങനെ ഹോട്ടലുകളില്‍ നിന്നു നാം ചൂടുള്ള ഭക്ഷണം പാഴ്സലായി വാങ്ങുമ്പോള്‍ ഒരിക്കലും പ്ലാസ്റ്റിക് പേപ്പറിലോ പ്ലാസ്റ്റിക് ബോക്സിലോ ആയി പൊതിഞ്ഞ് വാങ്ങി കഴിക്കരുത്. കാരണം പ്ലാസ്റ്റിക് ചൂടാകുമ്പോള്‍ അതില്‍ നിന്ന് രാസ പദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അത് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമായി മാറാറുണ്ട്. സ്റ്റീല്‍, സെറാമിക് പാത്രങ്ങളാണ് ഭക്ഷണം വാങ്ങാനും പാകം ചെയ്യാനും വിളമ്പാനും ഏറ്റവും അനുയോജ്യം. ഒരു കാരണവശാലും ചൂടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എടുത്തു വെയ്ക്കാനോ പൊതിയാനോ പ്ലാസ്റ്റിക് ഉപയോഗിക്കരുത്. പ്ലാസ്റ്റിക്കിനെ അടുക്കളയില്‍ നിന്ന് ഒഴിവാക്കേണ്ട ഒന്നാണ്.
കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് ഭക്ഷണം കൊടുത്തു വിടുമ്പോല്‍ പ്ലാസ്റ്റിക് ടിഫിന്‍ ബോക്സുകള്‍ ഉപയോഗിക്കരുത്. ഇത് കുട്ടികളുടെ ആരോഗ്യത്തെ അതീവ ദോഷകരമായി ബാധിക്കും. സ്ഥിരമായി ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ കാന്‍സര്‍ വരുന്നതിനുള്ള സാഹചര്യം കൂടുതലാണ്.
അതു പോലെ തന്നെ ചൂടുള്ള വെള്ളം പ്ലാസ്റ്റിക് കുപ്പിയില്‍ ശേഖരിച്ച് ഉപയോഗിക്കുന്നതും നല്ലതല്ല. ഇതിന് സ്റ്റീല്‍ ഫ്ളാക്സുകളോ സ്റ്റീല്‍ കുപ്പികളോ ഉപയോഗിക്കുന്നതാണ് യുക്തം.
പാനീയങ്ങള്‍ കുടിക്കാനും മറ്റും പ്ലാസ്റ്റിക് സ്‌ട്രോകള്‍ ഉപയോഗിക്കുന്നതും നല്ലതല്ല. ദൈനംദിന ജീവിത്തില്‍ പ്ലാസ്റ്റിക് മുക്തമായിരിക്കുക എന്നതു തന്നെയാണ് ഏറ്റവും നല്ലത്. പെട്ടെന്ന് സാധ്യമാകുന്ന കാര്യമല്ല ഇതെങ്കിലും നമ്മള്‍ തന്നെ പലവിധത്തില്‍ ശ്രദ്ധിച്ചാല്‍ അതില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും. എന്നിരുന്നാലും ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തില്‍ നിന്ന് പ്ലാസ്റ്റിക്കിനെ പൂര്‍ണമായും മാറ്റിനിര്‍ത്തുക എന്നത് വളരെ പ്രധാനമാണ്.