spot_img

സൈനസൈറ്റിസ് ഒരു വില്ലനല്ല, സൈനസിനെ മാറ്റി നിര്‍ത്താനുള്ള മാര്‍ഗങ്ങള്‍

മനുഷ്യന്റെ ദൈംനംദിന പ്രവര്‍ത്തനങ്ങളെ ദുഷ്‌കരമാക്കുന്ന അസുഖങ്ങളിലൊന്നാണ് സൈനസൈറ്റിസ്. തലയോട്ടിയിലും മൂക്കിന്റെ ഇരുവശത്തും കണ്ണിന് ചുറ്റുമുള്ള വായു അറകളാണ് സൈനസ്. സൈനസിന്റെ ഉള്‍ ഭാഗത്തുണ്ടാകുന്ന വീക്കം അഥവാ നീരിളക്കമാണ് സൈനസൈറ്റിസ്. സൈനസില്‍ നിന്നുള്ള ദ്രവങ്ങളാണ് മൂക്കിനുള്ളിലെ മ്യൂക്കസ് പാളിക്ക് നനവ് നല്‍കുന്നത്. ശബ്ദത്തിന് കമ്പനം നല്‍കുന്ന കാര്യത്തിലും സൈനസ് സഹായിക്കുന്നുണ്ട്.

പ്രാണവായുവിനെ ചൂടാക്കുക, വേണ്ടത്ര ഈര്‍പ്പം നല്‍കുക, ശബ്ദത്തിന്റെ തീവ്രത നിയന്ത്രിക്കുക, തലയോട്ടിയുടെ ഭാരം കുറയ്ക്കുക തുടങ്ങിയവാണ് സൈനസുകളുടെ പ്രധാന ധര്‍മ്മങ്ങള്‍. സൈനസുകളെ ആവരണം ചെയ്ത് ഒരു ശ്ളേഷ്മസ്തരമുണ്ട്. ഇവ പുറപ്പെടുവിക്കുന്ന ശ്ളേഷ്മം സൈനസുകളിലെ
ചെറുചാലുകളിലൂടെ നിരന്തരം ഒഴുകികൊണ്ടിരിക്കും. ഉള്ളിലേക്കെടുക്കുന്ന വായുവിലെ മാലിന്യങ്ങളെയും അണുക്കളേയും നീക്കം ചെയ്യുന്നത് ഈ ശ്ളേഷ്മമാണ്.

അണുബാധയെത്തുടര്‍ന്ന് സൈനസുകളിലെ ശ്ളേഷ്മ സ്തരത്തിനുണ്ടാകുന്ന വീക്കമാണ് സൈനസൈറ്റീസ്. ശ്ളേഷ്മസ്തരത്തിലെ ചെറു രോമകള്‍ തള്ളി നീക്കുകയാണ് ചെയ്യുന്നത്. അണുബാധയെ തുടര്‍ന്ന് ഇത് നിലയ്ക്കുന്നു. ശ്ളേഷ്മത്തന്റെ ഒഴുക്ക് തടസ്സപ്പെട്ട് കെട്ടി കിടക്കുന്നു. കെട്ടിക്കിടക്കുന്ന ശ്ളേഷ്മത്തില്‍ അണുക്കള്‍ പെറ്റു പെരുകുന്നു. ഇങ്ങനെ അണുക്കള്‍ പെരുകിയാണ് സൈനസൈറ്റിസ് എന്ന് വിളിക്കപ്പെടുന്ന രോഗാവസ്ഥ രൂപപ്പെടുന്നത്.
കാലാവസ്ഥ വ്യതിയാനങ്ങള്‍, അന്തരീക്ഷ മലിനീകരണം,
അണപ്പല്ലുകള്‍ക്കുണ്ടാകുന്ന അണുബാധ, ശ്വാസകോശ സംബന്ധമായ ചില
രോഗങ്ങള്‍ എന്നിവയൊക്കെ സൈനസൈറ്റീസ് ഉണ്ടാകുന്നതിന് കാരണമാകാം.
മൂക്കിന്റെ പാല വളഞ്ഞിരിക്കുക, മൂക്കില്‍ ദശ വളരുക തുടങ്ങിയ കാര്യങ്ങളും
സൈനസൈറ്റീസിന് കാരണമാകും.

ജലദോഷം രൂക്ഷമാകുമ്പോള്‍ ഉണ്ടാകുന്ന അക്യൂട്ട് സൈനസൈറ്റിസാണ് സാധാരണ കണ്ട് വരാറുള്ള സൈനസൈറ്റീസ്. ജലദോഷം രൂക്ഷമാകുമ്പോള്‍ മൂക്ക് ചീറ്റാന്‍ തുടങ്ങും. ഇങ്ങനെ മൂക്ക് ചീറ്റുമ്പോള്‍ മൂക്കിനകത്തുള്ള ബാക്ടീരിയ സൈനസുകളില്‍ കടന്ന് രോഗമുണ്ടാക്കുന്നു. ഇത് രണ്ട് മൂന്നാഴ്ച വരെ നീണ്ട് നില്‍ക്കാറുണ്ട്. ആന്റിബയോട്ടിക് ചികിത്സ കൊണ്ട് രോഗം പൂര്‍ണ്ണമായും മാറും. ആവി കൊള്ളിക്കുന്നതും മറ്റും വലിയ ആശ്വാസം നല്‍കും. മൂക്കിന്റെ പാളത്തിന്റെ വളവ് സൈനസൈറ്റിസിന് വലിയൊരു കാരണമാണ്.

ശ്വാസകോശങ്ങളിലെത്തുന്ന വായുവിനെ ശുദ്ധീകരിക്കുകയാണ് മൂക്കിന്റെ ധര്‍മ്മങ്ങളിലൊന്ന്. മൂക്കിലെത്തുന്ന പൊടിയെ തടുത്ത് നിര്‍ത്തുന്ന കര്‍മ്മം നിര്‍വഹിക്കാന്‍ നനവുള്ള മ്യൂക്കസ് പാളിയും രോമങ്ങളുമുണ്ട് മൂക്കില്‍. മൂക്കിനുള്ളില്‍ വെച്ച് ശുദ്ധീകരിക്കപ്പെട്ടാണ് വായു ശ്വാസ കോശങ്ങളില്‍ എത്തുന്നത്. മൂക്കിന് വളവുണ്ടെങ്കില്‍ ഇത് കൃത്യമായി നടക്കാതാകും. വായുവിലെ പൊടിയും മറ്റ് രോഗാണുക്കളും പെരുകാന്‍ ഇത് കാരണമാകും. ഇതു വഴിയുണ്ടാകുന്ന സൈനസൈറ്റീസാണ് ക്രോണിക് സൈനസൈറ്റീസ്. സൈനസുകളില്‍ ഫംഗസ് കടന്നു കൂടിയുണ്ടാകുന്നതാണ് ഫംഗള്‍ സൈനസൈറ്റീസ്. കുട്ടികളിലെ ഏറ്റവും അപകടകാരിയായ അസുഖമാണ് ഫംഗല്‍ സൈനസൈറ്റിസ്. കുട്ടികളില്‍ ഇത് കണ്ണിനും തലച്ചോറിനും അണുബാധയുണ്ടാക്കാം.

പരിഹാരങ്ങള്‍

  • ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ക്ക് തുടക്കത്തിലെ ചികിത്സ തേടുക.
  • മൂക്ക് ശക്തിയായി ചീറ്റുന്നത് പരമാവധി ഒഴിവാക്കുക.
  • ഒരു മൂക്ക് അടച്ച് പിടിച്ച് ചീറ്റുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക.
  • തണുപ്പുമായുള്ള സമ്പര്‍ക്കം പൂര്‍ണ്ണമായും ഒഴിവാക്കുക.
  • തണുത്ത പദാര്‍ത്ഥങ്ങള്‍, പുളിരസം, പുളി രുചിയുള്ള പഴങ്ങള്‍ എന്നിവ കുറയ്ക്കുന്നതാണ് നല്ലത്.
  • ഉറക്കമിളച്ചിരുന്നുള്ള പണികള്‍ ഒഴിവാക്കുക. എ സി, ഫാന്‍ സ്പീഡില്‍ ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങളും ഒഴിവാക്കണം.

പതിനാല് ദിവസത്തെ ചികിത്സയാണ് പലപ്പോഴും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളത്. എന്നാല്‍ രോഗികളില്‍ നല്ലൊരു ശതമാനവും ഇത് പാലിക്കാറില്ല. അതു കൊണ്ടു തന്നെ രോഗം പൂര്‍ണ്ണമായും മാറാതിരിക്കുന്നു. ചികിത്സ പൂര്‍ണ്ണമാക്കിയാല്‍ ഒരു പരിധിവരെ സൈനസിനെ മാറ്റി നിര്‍ത്താനാകും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.