വ്യായാമങ്ങളില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്നതും ഏറ്റവും കൂടുതല്‍ ആളുകള്‍ ചെയ്തുവരുന്നതും ഓടലാണ്. ജിമ്മില്‍ പോയി വര്‍ക്കൗട്ടിനായി പണം ചിലവഴിക്കേണ്ട. നല്ലൊരു ഷൂവും കൂടെയൊരാളുമുണ്ടെങ്കില്‍ ഓടുന്നതിനേക്കാള്‍ മികച്ചൊരു വ്യയാമം ഇല്ലെന്ന് തന്നെ പറയാം. രാവിലെയും വൈകുന്നേരവുമാണ് ഓടാന്‍ അനുയോജ്യമായ സമയം. അതിരാവിലെ എഴുന്നേറ്റ് ഓടുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്. ശരീരത്തിനെ മൊത്തത്തില്‍ ഉന്‍മേഷമുള്ളതാക്കാന്‍ ഓട്ടത്തിന് സാധിക്കുന്നു. ഓടുമ്പോള്‍ ശരീരത്തിലെ മിക്ക മസിലുകളും പ്രവര്‍ത്തിക്കുന്നു. സ്ട്രെസ് കുറയ്ക്കാനും, ഹ്യദയാരോഗ്യത്തിനും, മെച്ചപ്പെട്ട ഉറക്കം ലഭിക്കാനുമെല്ലാം ഓട്ടം നിങ്ങളെ സഹായിക്കുന്നു. ദിവസവും ഓടുന്ന ഒരാളുടെ ഹ്യദയം മറ്റുള്ളവരെ അപേക്ഷിച്ച് കുടുതല്‍ ആരോഗ്യമുള്ളതായിരിക്കും.
ആകസ്മിക മരണം ഒഴിവാക്കുന്നു
ഓട്ടം ദിനചര്യയുടെ ഭാഗമാക്കുന്നവരില്‍ ആരോഗ്യനില മെച്ചപ്പെട്ടിരിക്കും. ഓരോ മൈല്‍ ഓടുമ്പോളും നിങ്ങളുടെ ശരീരത്തില്‍ നിന്ന് 100 കലോറി വരെയാണ് എരിഞ്ഞ് തീരുന്നത്. ഓടുമ്പോള്‍ ശരീരത്തിന്റെ മിക്ക ഭാഗങ്ങളും പ്രവര്‍ത്തനക്ഷമമായിരിക്കും. മസിലുകളുടെ ബലം വര്‍ധിക്കും. രക്തസമ്മര്‍ദം കുറയ്ക്കാനും, ഹ്യദയാരോഗ്യം മെച്ചപ്പെടുത്താനും ഓട്ടത്തിലൂടെ സാധിക്കുന്നു. പ്രമേഹവും കൊളസ്ട്രോളും ഉള്ളവര്‍ക്ക് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം സ്വീകരിച്ച് ഓട്ടം ദിനചര്യയാക്കാവുന്നതാണ്. മനസിനും ശരീരത്തിനും ഉന്‍മേഷം തരുന്ന ഒരു വ്യായാമം കൂടിയാണ് ഓട്ടം. രോഗങ്ങള്‍ വരാതിരിക്കാനുള്ള ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഗമാണിത്.
മൂഡ് മാറ്റുന്നു
രാവിലെ എഴുന്നേറ്റ് രണ്ട് കിലോമീറ്റര്‍ ഓടുന്നവരെ പ്രത്യേകം തിരിച്ചറിയാം, അവരുടെ മനസും ശരീരവും ഉന്‍മേഷമുള്ളതായിരിക്കും. ഓടുന്നതുമൂലം രക്തചംക്രമണം വര്‍ധിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഗുണപരമായ രീതിയില്‍ അവ സ്വാധീനിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഉള്ളിലെ സ്ട്രെസ്, മാനസിക പിരിമുറുക്കം, ദേഷ്യം എന്നിവ നിയന്ത്രിക്കാന്‍ ഈ വ്യായാമത്തിലൂടെ സാധിക്കുന്നു. ശരീരത്തില്‍ എന്‍ഡ്രോഫിന്‍ ഹോര്‍മോണിന്റെ ഉല്‍പാദനം വര്‍ധിപ്പിച്ച് സന്തോഷവും സമാധാനവുമുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നു. വിഷാദം, തനിച്ചായ അവസ്ഥ എന്നിവയിലൂടെ കടന്നുപോകുന്നവര്‍ ജോഗിങ് ശീലമാക്കിയാല്‍ അവരുടെ മൂഡ് തന്നെ മാറും.
മാനസിക പിരിമുറുക്കം കുറയ്ക്കുന്നു
വ്യായാമത്തിലൂടെ ശരീരത്തിന് മാത്രമല്ല മനസിനും ആരോഗ്യം കൈവരുന്നു. മൃഗങ്ങളില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യായാമത്തിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനവും മികച്ചു നില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിലെ ന്യൂറോണുകളുടെ പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കുന്നതില്‍ വ്യായാമം പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ ഓട്ടം പതിവാക്കുന്നവരില്‍ മാനസിക പിരിമുറുക്കം കുറവായിരിക്കും.
നല്ല ഉറക്കം ലഭിക്കും
എല്ലാ ദിവസവും രാവിലെ ഓടാന്‍ പോകുന്നവര്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. മാനസിക പിരിമുറുക്കവും സ്ട്രെസും കുറച്ച് സുഖമായ ഉറക്കം വ്യായാമത്തിലൂടെ ലഭിക്കുന്നു. ഓടുന്നതിലൂടെ ഉറക്കം ഉണ്ടാകാന്‍ സഹായിക്കുന്ന സെറോടോനിന്‍ ഹോര്‍മോണിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. അതിനാല്‍ രാത്രി സുഖമായി കിടന്നുറങ്ങാന്‍ സാധിക്കും.
കാലുകള്‍ക്ക് ബലമേകുന്നു
തുടര്‍ച്ചയായി ഓടുന്നവരില്‍ കാലുകളുടെ ബലം വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് കാലിനെ ബാധിക്കാവുന്ന രോഗങ്ങള്‍ വരാനുള്ള സാധ്യത കുറവായിരിക്കും. കാര്‍ട്ടിലേജിന് ഉറപ്പും, മസിലുകള്‍ക്ക് ബലവും ഓട്ടത്തിലൂടെ ലഭിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഓടുന്നവരില്‍ ഓസ്റ്റിയോആര്‍തറ്റൈറ്റിസ് വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. കാലുകളിലെ മസിലുകള്‍ക്കൊപ്പം തന്നെ കൈകളിലെ പേശികള്‍ക്കും ഈ വ്യായാമത്തിലൂടെ ബലം ലഭിക്കുന്നു.
ഓസ്റ്റിയോപൊറോസിസ് തടയുന്നു
പ്രായം കൂടുംതോറും മനുഷ്യ ശരീരത്തിലെ എല്ലുകളില്‍ മിനറലുകളുടെ അളവ് കുറഞ്ഞുകൊണ്ടിരിക്കും. പ്രത്യേകിച്ചും കാല്‍ഷ്യത്തിന്റെ അഭാവം ഉണ്ടാകാറുണ്ട്. ഇത് ഓസ്റ്റിയോപൊറോസിസിന് കാരണമാകുന്നു. എല്ലിന്റെ ആരോഗ്യം നഷ്ടപ്പെടുകയും എല്ലൊടിയാനോ പൊട്ടാനോ ഉള്ള സാധ്യത വര്‍ധിപ്പിക്കുന്നതുമായ ഒരു അവസ്ഥയാണിത്. എന്നാല്‍ ഓട്ടം ശീലമാക്കിയവരില്‍ ബോണ്‍ ഡെന്‍സിററി മറ്റുള്ളവരെ അപേക്ഷിച്ച് ഉയര്‍ന്നിരിക്കും. അവരുടെ എല്ലുകള്‍ക്ക് ഉറപ്പും ആരോഗ്യവും കൂടുതലായിരിക്കും. സൈക്ലിങ് ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ ബലം ഓടുന്നവരുടെ എല്ലുകള്‍ക്ക് ഉണ്ടാകും. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഓട്ടം വലിയ പങ്ക് വഹിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.