പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതിനൊപ്പം തന്നെ ശരീരത്തിനുള്ളിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതും പ്രധാനപ്പെട്ട കാര്യമാണ്. മലമൂത്ര വിസര്ജനത്തിലൂടെയാണ് ശരീരത്തിലെ ഏറിയ പങ്ക് മാലിന്യങ്ങളും നാം പുറന്തള്ളുന്നത്. ഈ സമയത്ത് നാം ശരിയായ രീതിയിലാണോ ഇരിക്കാറുള്ളത്… കാലം മാറുന്നതിനനുസരിച്ച് ജീവിതത്തിലും ചുറ്റുപാടും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതുപോലെ തന്നെയാണ് ബാത്ത്റൂമിന്റെ കാര്യത്തിലും. നമ്മുടെ സൗകര്യത്തിനായി പലപ്പോഴും യൂറോപ്യന്‍ ക്ലോസ്റ്റുകളാണ് പ്രാഥമിക കാര്യങ്ങള്‍ക്കായി നാം ഉപയോഗിക്കുന്നത്. എന്നാല്‍ അവയിലിരുന്ന് കൊണ്ടുള്ള മലമൂത്ര വിസര്ജനത്തെക്കാള് ഏറെ ഗുണകരം പണ്ടു കാലങ്ങളില്‍ മനുഷ്യര്‍ ശീലിച്ചു വന്ന രീതി തന്നെയാണ്.
നിങ്ങള്‍ ആ രീതിയില്‍ പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി ഇരിക്കുമ്പോള്‍ ശരീരത്തിലെ മാലിന്യങ്ങള്‍ക്ക് എളുപ്പം പുറത്തു കടക്കാന്‍ സാധിക്കും. അധിക സമ്മര്‍ദങ്ങളൊന്നും തന്നെ ആവശ്യമായി വരുന്നില്ല. അല്ലാത്ത പക്ഷം ശരീരത്തിനുള്ളിലെ മാലിന്യങ്ങള്‍ പൂര്‍ണമായി പുറന്തള്ളാന്‍ സാധിക്കാതെ വരികയും അമിതമായ സമ്മര്‍ദം ചെലുത്തേണ്ടി വരികയും ചെയ്യുന്നു. ക്യത്യമായ രീതിയില്‍ ഇരുന്ന് പ്രാഥമിക ക്യത്യങ്ങള്‍ ചെയ്യാത്തവര്‍ക്ക് മലബന്ധം പോലുള്ള അസുഖങ്ങള്‍ കണ്ടു വരാറുണ്ട്.
ആരോഗ്യമുള്ള ഒരാളുടെ ശരീരത്തില്‍ നിന്നും മാലിന്യം പുറന്തള്ളാന്‍ പരമ്പരാഗത രീതി അനുസരിച്ചാണെങ്കില്‍ 51 സെക്കന്‍ഡും, മറ്റ് പൊസിഷനില്‍ 130 സെക്കന്‍ഡും വേണ്ടി വരും. അതിനാല്‍ കുറഞ്ഞ സമയം കൊണ്ട് മുഴുവന്‍ വിസര്‍ജ്യവും പുറന്തള്ളാന്‍ പരമ്പരാഗത രീതി തന്നെയാണ് ഉത്തമം. മലമൂത്ര വിസര്‍ജനം നടത്തുമ്പോള്‍ വല്ലാതെ സമ്മര്‍ദം കൊടുക്കുന്നവര്‍ക്ക് പിന്നീട് മൂലക്കുരു ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ ചെറിയ വിഷയമായി ഇവയെ കാണാതെ ക്യത്യമായ രീതിയില്‍ ഇരുന്നില്ലെങ്കില്‍ കാത്തിരിക്കുന്നത് വേദനയുടെ നാളുകളായിരിക്കും..
സാധാരണ ഇന്ത്യന്‍ ക്ലോസറ്റിന് പകരം യൂറോപ്യന്‍ ക്ലോസറ്റ് ഉപയോഗിക്കുന്നവര്‍ക്കും പരമ്പരാഗതമായ രീതിയില്‍ ഇരിക്കാവുന്നതാണ്. അതിനായി, നിങ്ങള്‍ ഇരിക്കുമ്പോള്‍ കാലിന് താഴെ ഒരു ചെറിയ സ്റ്റൂള് വെക്കുക. നിങ്ങളുടെ മുട്ടിരിക്കുന്ന ഭാഗം ഉയര്‍ന്നിരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. കൈമുട്ടുകള്‍ കാല്‍മുട്ടിനോട് ചേര്‍ത്ത് നടുവ് അല്പം കുനിഞ്ഞിരിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മലമൂത്ര വിസര്‍ജനം സുഗമമായി നടക്കും.
യൂരോപ്യന് ക്ലോസറ്റ് ഉപയോഗിച്ച് സാധാരണ രീതിയില്‍ നാം മല വിസര്‍ജ്ജനം നടത്തുമ്പോള്‍ 90 ഡിഗ്രിയില്‍ ആണ് ഇരിക്കാറുള്ളത്. ഇത്തരത്തില്‍ ഇരിക്കുമ്പോള്‍ അത് കുടലില്‍ നിന്നും മാലിന്യം തടസ്സപ്പെടാനും ബ്ലോക്ക് ആയി പോകാനും കാരണമാകുന്നു.
അതേസമയം നാം ഒരു ചെറിയ സ്റ്റൂളോ മറ്റോ വെച്ച് അതില്‍ കാല് വെച്ച ശേഷം അല്‍പ്പം മുന്നോട്ടാഞ്ഞ് ഇരുന്നാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ നിര്‍ദ്ദേശിക്കപ്പെടുന്നതും പിന്തുടരേണ്ടതുമായ രീതി.
ശരീരത്തിലെ മാലിന്യങ്ങളെ സുഗമമായി പുറന്തള്ളാന്‍ ഇതിനോടൊപ്പം ചില കാര്യങ്ങളും ശീലമാക്കുക. ധാരാളം വെള്ളം കുടിയ്ക്കുക, കഫീന്‍ അടങ്ങിയ കാപ്പി പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കുക. എന്നാല്‍ ഭക്ഷണത്തോടൊപ്പം ഒരുപാട് വെള്ളം കുടിയ്ക്കുന്നത് ദോഷകരമാണ്. ഇത് ആമാശയത്തിലെ ആസിഡുകളുമായി പ്രതി പ്രവര്‍ത്തനം ചെയ്ത് ദഹനം ദുഷ്കരമാക്കും. ഫൈബര്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ നിത്യവും കഴിയ്ക്കുക.
ഓടസ്, നട്സ്, പയറു വര്‍ഗങ്ങള്‍ എന്നിവയില്‍ നിന്നും ധാരാളം ഫൈബര്‍ ലഭിക്കും. എപ്പോഴും ശാരീരികമായും മാനസികമായും ആക്ടീവ് ആയിരിക്കുക. ഭക്ഷണത്തിന് ശേഷം ചെറിയ നടത്തങ്ങള്‍ ശീലമാക്കുക. വ്യായാമം ചെയ്യുക. ഇവയിലൂടെയൊന്നും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നമാണെങ്കില്‍ വിദഗ്ദ്ധനായ ഒരു ഡോക്ടറെ സമീപിക്കുക.