കുട്ടികള്‍ സ്‌കൂളില്‍ പോയി തുടങ്ങുകയാണ്. അംഗന്‍വാടികളിലും എല്‍കെജി ക്ലാസ്സുകളിലുമൊക്കെയുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ വെച്ച് ഇടയ്ക്ക് കഴിക്കാന്‍ സ്നാക്സ് കൊടുത്തു വിടുന്ന രീതിയുണ്ട് രക്ഷിതാക്കള്‍ക്ക്. ഈ സ്നാക്സുകള്‍ പലപ്പോഴും വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങളുമൊക്കെ ആയിരിക്കും. ബേക്കറി സംസ്‌ക്കാരം കുട്ടികളുടെ ആരോഗ്യത്തിന് ഒട്ടും തന്നെ നല്ലതല്ല. കുട്ടികള്‍ക്ക് ഫ്രൂട്ട്സോ വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന മറ്റു പലഹാരങ്ങളോ കൊടുത്തുവിടാന്‍ ശ്രദ്ധിക്കുക. എല്ലാ രക്ഷിതാക്കളും ഇത്തരം ചെറിയ ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ തന്നെ കുട്ടികളുടെ ആരോഗ്യത്തെ കുറിച്ച് പിന്നീട് വിഷമിക്കേണ്ടി വരില്ല. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം കൊടുത്തുവിടുന്നതാണ്. പരമാവധി പ്ലാസ്റ്റിക് പാത്രങ്ങളോ കുപ്പികളോ കുട്ടികള്‍ക്ക് കൊടുത്തു വിടാതിരിക്കുക. ചൂടുള്ള ഭക്ഷണ സാധനങ്ങള്‍ ഒരു കാരണവശാലും പ്ലാസ്റ്റിക് ബോക്സുകളില്‍ കൊടുത്തു വിടരുത്.
കുട്ടികളുടെ യൂണിഫോമുകളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ ചെലുത്തണം. ഈര്‍പ്പമുള്ള, ഇറുക്കമുള്ള വസ്ത്രങ്ങള്‍ കുട്ടികള്‍ക്ക് ഇട്ടുകൊടുക്കരുത്. ഇവ ഫംഗസ് അണുബാധയുണ്ടാക്കും. മഴക്കാലത്ത് നനഞ്ഞ ഷൂസുകളും സോക്സുകളും ഉപയോഗിക്കുന്നത് പല തരത്തിലുള്ള അസുഖങ്ങള്‍ക്ക് കാരണമാകും. മഴക്കാലത്തും വേനല്‍ക്കാലത്തും അതിനനുസരിച്ചുള്ള വസ്ത്രധാരണം കുട്ടികള്‍ക്ക് ചെയ്തു കൊടുക്കാന്‍ ശ്രമിക്കണം. വേനല്‍ക്കാലത്ത് ഇറുകിയ വസ്ത്രങ്ങളും ടൈ, സോക്സ് പോലുള്ളവയും കുട്ടികള്‍ക്ക് കൂടുതല്‍ ചൂടുണ്ടാക്കുന്നു.
വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുട്ടികള്‍ക്ക് കൊടുക്കുക. ദിവസവും എട്ടോ പത്തോ തവണ മൂത്രമൊഴിക്കുന്ന രീതിയില്‍ വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിരവധി രോഗങ്ങള്‍ ബാധിക്കുമെന്ന് മാത്രമല്ല ക്ഷീണവും, തളര്‍ച്ചയും നിര്‍ജ്ജലീകരണവും പോലെയുള്ള പ്രശ്നങ്ങള്‍ കുട്ടികളെ പഠനത്തില്‍ നിന്ന് പുറകോട്ടു വലിക്കും.
ഇന്നത്തെ കാലത്ത് രക്ഷിതാക്കള്‍ അവരുടെ സമയക്കുറവും മറ്റും കൊണ്ട് കുട്ടികള്‍ക്ക് അസുഖം വന്നാല്‍ ഡോക്ടറെ കാണിച്ച ശേഷം സ്‌കൂളിലേക്ക് വിടുന്നതായി കാണാറുണ്ട്. അതൊരു ശരിയായ രീതിയല്ല. കുട്ടികള്‍ക്ക് അസുഖ സമയത്ത് ആവശ്യത്തിന് ശ്രദ്ധയും പരിചരണവും കൊടുക്കണം. സ്‌കൂളിലേക്ക് വിടാതെ അവരെ വീട്ടില്‍ വിശ്രമിക്കാന്‍ അനുവദിക്കണം. മാത്രമല്ല, പകരുന്ന രോഗങ്ങളാണെങ്കില്‍ അത് ക്ലാസ്സിലെ മറ്റു കുട്ടികളെ കൂടി ബാധിക്കാനിടയുണ്ട്. അതിനാല്‍ കുട്ടിയെ വീട്ടില്‍ നിര്‍ത്തി പരിചരിക്കുകയും ശ്രദ്ധിക്കുകയും വേണം.
ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും പഠിപ്പിക്കുന്ന കാര്യങ്ങള്‍ ഒരുപോലെ മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിന് പല കാരണങ്ങളുണ്ട്. കുട്ടികളുടെ ഐക്യു വ്യത്യാസം, ലേണിങ് ഡിസെബിലിറ്റി, ചെവി കേള്‍ക്കാനോ കണ്ണ് കാണാനോ വയ്യാത്ത അവസ്ഥ, ശ്രദ്ധക്കുറവ്, ബുദ്ധിയ്ക്ക് വൈകല്യം, ഹൈപ്പര്‍ ആക്ടീവ് അറ്റന്‍ഷന്‍ ഡെഫിസിറ്റി. അനീമിയ ഇങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ട് കുട്ടികള്‍ക്ക് നന്നായി ശ്രദ്ധിക്കാന്‍ കഴിയാതിരിക്കുകയും നന്നായി പഠിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യും. അത്തരം കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടി നന്നായി പഠിക്കാത്തതോ ശ്രദ്ധിക്കാത്തതോ അവന്റെ മടിയാണെന്നു കരുതി ശിക്ഷിക്കാനോ തള്ളിക്കളയാനോ നില്‍ക്കാതെ കാരണമെന്തെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക. ഓരോ കുട്ടിയും വ്യത്യസ്തരാണ്. ഒരു കാരണവശാലും ഒരു കുട്ടിയെ മറ്റൊരു കുട്ടിയോട് താരതമ്യം ചെയ്യരുത്.
ലഹരി ഉപയോഗത്തിന് വളരെയധികം സാഹചര്യങ്ങളുള്ള കാലമാണിത്. കുട്ടികള്‍ ലഹരി വസ്തുക്കളിലേക്ക് അടുക്കാനോ അവ ഉപയോഗിക്കാനോ സാധ്യതയേറെയാണ്. അതിനുള്ള നിരവധി അസരങ്ങള്‍ ഇന്നുണ്ട്. അതിനാല്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ ആരോടൊക്കെ മിണ്ടുന്നു, ആരെയൊക്കെ കാണുന്നു എന്നെല്ലാം ശ്രദ്ധിക്കണം.
സ്‌കൂളിലേക്കുള്ള യാത്രകള്‍ വളരെ അപകടം പിടിച്ചതാണ്. നാലു കുട്ടികള്‍ കയറേണ്ട ഓട്ടോറിക്ഷയില്‍ എട്ടു കുട്ടികളെ വരെ ഇരുത്തി യാത്ര ചെയ്യുന്ന എത്രയോ കാഴ്ചകള്‍ ദിനംപ്രതി നാം റോഡുകളില്‍ കാണുന്നു. രക്ഷിതാക്കളുടെ സാമ്പത്തികമായ പ്രശ്നങ്ങള്‍ ഇതിനു കാരണമായിരിക്കാം. എന്നാല്‍ അതിനു പിന്നിലെ അപകടത്തെക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണയുള്ളതു കൊണ്ട് അത്തരം സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. കൂടാതെ റോഡ് ക്രോസ് ചെയ്യാന്‍ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനവും മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കുക. ഓരോ വര്‍ഷവും എത്ര കുട്ടികളുടെ ജീവനുകളാണ് റോഡില്‍ പൊലിഞ്ഞു വീഴുന്നത്. അശ്രദ്ധയാണ് പലപ്പോഴും ഇതിനു കാരണം. ധൃതി കൂട്ടാതെ ശ്രദ്ധയോടെ ഇരുവശവും ശ്രദ്ധിച്ച് റോഡ് ക്രോസ് ചെയ്യേണ്ടത് എങ്ങനെയെന്ന ശീലം കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുക.
കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു വേണ്ട എല്ലാ കാര്യങ്ങളും രക്ഷിതാക്കളും അധ്യാപകരും ഇപ്പോഴേ അവര്‍ക്ക് പറഞ്ഞു കൊടുത്താല്‍ ചെറിയ കുട്ടികളായിരിക്കുമ്പോള്‍ തന്നെ അവര്‍ക്ക് അവ എളുപ്പത്തില്‍ ശീലിച്ചു തുടങ്ങാം.