spot_img

ക്ഷയ രോഗത്തെ ചെറുക്കാം തോല്‍പ്പിക്കാം

പ്രധാനമായും ശ്വാസകോശങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ് ക്ഷയം അഥവാ Tuberculosis (ടി.ബി എന്നും അറിയപ്പെടുന്നു). ചിലപ്പോള്‍ ശ്വാസകോശമല്ലാതെയുള്ള ശരീര ഭാഗങ്ങളെയും ഇത് ബാധിക്കാറുണ്ട്.  ഒരു കാലത്തു വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്ന ഈ രോഗത്തെ ഇപ്പോള്‍ കൃത്യമായ ചികിത്സാ, പ്രതിരോധ കുത്തിവെയ്പ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ നിയന്ത്രിക്കാന്‍ സാധിക്കും.

പനി, വിറയല്‍, രാത്രിയിലെ വിയര്‍പ്പ്, വിശപ്പില്ലായ്മ, ഭാരം കുറയുക, വേഗത്തില്‍ ക്ഷീണിക്കുക, കൈ വിരലുകളുടെ അറ്റത്ത് നീരുണ്ടാകുക ,ക്ലബ്ബിംഗ് എന്നിവയാണ് ലക്ഷണങ്ങള്‍. നെഞ്ചു വേദന, ചുമച്ച് രക്തം തുപ്പുക, കഫത്തോടു കൂടി മൂന്ന് ആഴ്ചയില്‍ അധികം നീണ്ടു നില്‍ക്കുന്ന ചുമ, വിളര്‍ച്ച, എന്നിവയുമുണ്ടാകും. ശ്വാസകോശ ക്ഷയം ഉള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുപ്പുമ്പോഴും പുറത്തു വരുന്ന രോഗാണുവിലൂടെ രോഗം പകരാം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്ഷയ രോഗികള്‍ ഇന്ത്യയിലാണ്. ഓരോ അഞ്ചു മിനിട്ടിലും ഭാരതത്തില്‍ രണ്ട് ക്ഷയരോഗ മരണം സംഭവിക്കുന്നു.

വയനാട് ജില്ലയിലെ ക്ഷയരോഗ ബാധിരരുടെ എണ്ണം സംസ്ഥാന ശരാശരിയേക്കാള്‍ മുന്നിലാണെന്ന് ഔദ്യോഗിക കണക്ക്. നിലവിലെ കണക്കനുസരിച്ച് ജില്ലയില്‍ 649 രോഗ ബാധിതരുണ്ട്. ഇതില്‍ 60 ശതമാനത്തിലധികം പേരും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. 2018 ലെ കണക്കനുസരിച്ച് 649 ക്ഷയരോഗികളാണ് ജില്ലയിലുള്ളത്. ഇതില്‍ 557 പേര്‍ സര്‍ക്കാര്‍ ആശുപത്രിയിലും 92 പേര്‍ സ്വകാര്യ ആശുപത്രികളിലുമാണ് ചികില്‍സ തേടുന്നത്.

ഒരു ലക്ഷം ആളുകളെയെടുക്കുമ്പോള്‍ എഴുപത്തി ഏഴു പേര്‍ക്ക് ക്ഷരോഗം എന്നതാണ് ജില്ലയിലെ ശരാശരി. ഇത് സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണ്. 649 ക്ഷയരോഗികളില്‍ 275 പേരും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. ഒരു ലക്ഷം ആദിവാസി വിഭാഗക്കാരെയെടുക്കുമ്പോള്‍ അതില്‍ 176 പേര്‍ രോഗബാധിതരെന്നാണ് കണക്ക്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി നമ്മുടെ സംസ്ഥാനത്ത് ക്ഷയ രോഗബാധ ഓരോ വര്‍ഷവും കുറഞ്ഞു വരികയാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. കേരളത്തിന്റെ ആരോഗ്യ സൂചകങ്ങളില്‍ സമീപ കാലത്തായി ക്ഷയരോഗ ബാധയില്‍ വര്‍ഷംതോറും രേഖപ്പെടുത്തി കൊണ്ടിരിക്കുന്ന കുറവ് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള ഒരു വസ്തുതയാണ്. ഭാരതത്തില്‍ ഏറ്റവും കുറഞ്ഞ ക്ഷയ രോഗ ബാധ രേഖപ്പെടുത്തിയിട്ടുള്ളത് കേരളത്തിലാണ്. അതു കൊണ്ടു തന്നെ വര്‍ഷം തോറും 4 ശതമാനം എന്ന നിരക്കില്‍ ക്ഷയ രോഗ ബാധ കുറഞ്ഞു കൊണ്ടിരിക്കുന്നു.

കുട്ടികളിലെ ക്ഷയ രോഗം വര്‍ഷം തോറും 6.5 ശതമാനം എന്ന നിരക്കിലാണ് കുറയുന്നത്. 2009 ല്‍ 27500 പേര്‍ക്ക് ക്ഷയ രോഗ ചികിത്സ നല്‍കിയ സംസ്ഥാനത്ത് 2016 ല്‍ ക്ഷയ രോഗ ബാധിതരുടെ എണ്ണം 20000 ആക്കി കുറയ്ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ക്ഷയ രോഗത്തെ പൂര്‍ണ്ണമായും തുടച്ചു നീക്കാതെ സമഗ്ര പുരോഗതിക്കായുള്ള നമ്മുടെ ലക്ഷ്യം കൈവരിക്കാന്‍ സാധ്യമല്ല. കാരണം പകര്‍ച്ചവ്യാധി എന്നതിനേക്കാള്‍ സാമ്പത്തിക സാമൂഹ്യ മേഖലയില്‍ ക്ഷയരോഗം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. നമ്മുടെ സംസ്ഥാനം കൈവരിച്ച മികച്ച സാക്ഷരത, ആരോഗ്യ നിലവാരം, സ്വന്തമായ വീട്, ചേരി നിര്‍മ്മാര്‍ജ്ജനം, പോഷകാഹാര ലഭ്യത ഇവയൊക്കെ ക്ഷയ രോഗ ബാധ കുറക്കുന്നതിനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കേരളത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി ക്ഷയ രോഗ മുക്ത കേരളത്തിനായുള്ള ഒരു കര്‍മ്മ പദ്ധതിക്ക് സര്‍ക്കാര്‍ ഇപ്പോള്‍ രൂപം നല്‍കിയിട്ടുണ്ട്.

കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളിലും സന്നദ്ധ പ്രവര്‍ത്തകര്‍ എത്തി ഓരോ കുടുംബത്തേയും നേരില്‍ കണ്ട് ക്ഷയ രോഗത്തെപ്പറ്റി അവബോധം നല്‍കുകയും ക്ഷയ രോഗത്തിന് അനുകൂലമായ സാഹചര്യങ്ങളുണ്ടെങ്കില്‍ അത് കണ്ടെത്തുകയും ക്ഷയ രോഗ ബാധയ്ക്കുള്ള വിദൂര സാധ്യതയുള്ളവര്‍ക്കു പോലും സംശയ നിവാരണത്തിനായുള്ള സൗജന്യ പരിശോധനകളും ലഭ്യമാക്കുകയും ചെയ്യും. ക്ഷയ രോഗ ബാധ സ്ഥിരീകരിക്കപ്പെടുന്നവര്‍ക്കുള്ള ചികിത്സയും അനുബന്ധ പരിശോധനയും പൂര്‍ണ്ണമായും സൗജന്യമായാണ് നല്‍കുന്നത്.

2020 അവസാനത്തോടെ ക്ഷയ രോഗത്തെ സംസ്ഥാനത്തു നിന്നും പൂര്‍ണ്ണമായും തുടച്ചു നീക്കുകയാണ് ലക്ഷ്യമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും ദേശീയ ക്ഷയ രോഗ നിയന്ത്രണ പരിപാടിയുടെയും ലോകാരോഗ്യ സംഘടനയുടെയും സംയുക്ത പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സംസ്ഥാന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ദൗത്യത്തിന്റെ മുദ്രാവാക്യം ‘ ക്ഷയരോഗ വിമുക്തമായ എന്റെ കേരളം ‘ എന്നതാണ്. കേരളത്തിലെ ഓരോ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പ്രദേശങ്ങള്‍ എന്നിവ രോഗ വിമുക്തമായെങ്കില്‍ മാത്രമേ നമുക്ക് ഈ ലക്ഷ്യം കൈവരിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനായി ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അവരവരുടെ പ്രദേശത്ത് പ്രസിഡന്റ് / ചെയര്‍മാന്‍ / മേയര്‍ ആദ്ധ്യക്ഷം വഹിക്കുന്ന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന കര്‍മ്മ സേന രൂപീകരിക്കുകയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ക്ഷയ രോഗ നിര്‍മ്മാര്‍ജ്ജന ദൗത്യം നടപ്പിലാക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.