spot_img

രക്തസമ്മര്‍ദ്ദം കുറക്കാന്‍ ചില പൊടിക്കൈകള്‍

ഇന്ന് പലരേയും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് രക്തസമ്മര്‍ദ്ദം. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഈ രോഗം ഇന്ന് സര്‍വ സാധാരണമാണ്. മുന്‍പ് പ്രായമായവരില്‍ ആയിരുന്നു രോഗം കണ്ടിരുന്നത്. എന്നാല്‍ ഇന്നത്തെ മാറിയ ജീവിതശൈലി മൂലം ചെറുപ്പക്കാരിലും രോഗം കാണപ്പെടുന്നു.

ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണ രീതികളും കൂടെ മാനസിക സംഘര്‍ഷങ്ങളും രോഗം വരാനുള്ള സാധ്യത കൂട്ടുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള രോഗമാണിത്.

ബിപി 140/90ന് മുകളില്‍ എത്തുന്നത്‌ മറ്റ് പല ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാന്‍ വഴി തെളിക്കും. ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക രോഗങ്ങള്‍ എന്നിവയ്ക്ക് ഹൈപ്പര്‍ ടെന്‍ഷന്‍ ഒരു കാരണമായേക്കാം. ഈ രോഗത്തിന്‍റെ പ്രധാന പ്രശ്നം പലരും ഇത് തിരിച്ചറിയാന്‍ വൈകുന്നു എന്നതാണ്. ആശുപത്രിയില്‍ ചെന്ന് പരിശോധിക്കുമ്പോള്‍ മാത്രമാണ് തങ്ങള്‍ക്ക് രോഗമുണ്ടെന്ന് ഒരാള്‍ മനസിലാക്കുന്നത്.

തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നതാണ്. ഇതോടൊപ്പം ജീവിത ശൈലിയിലും ഭക്ഷണ രീതിയിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ രോഗം തടയാനാകും.

ഹൃദയം ആവശ്യത്തിലധികം രക്തം പമ്പ് ചെയ്യുന്നത് രക്തക്കുഴലുകളെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇങ്ങനെയാണ് ഹൈപ്പര്‍ ടെന്‍ഷന്‍ രൂപപ്പെടുന്നത്. അമിത മദ്യപാനം രക്തസമ്മര്‍ദ്ദം ഉണ്ടാക്കുമെന്ന് മാത്രമല്ല, ഹൃദയത്തെയും കരളിനെയും മോശമായി ബാധിക്കുകയും ചെയ്യുന്നു.

കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും അസുഖമുണ്ടെങ്കില്‍ വരും തലമുറകളിലേക്ക് ഇത് കൈമാറ്റം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

പൊണ്ണത്തടിയും ദേഹമനങ്ങാതെ മടി പിടിച്ചുള്ള ഇരിപ്പും ഹൈപ്പര്‍ടെന്‍ഷന് ആക്കം കൂട്ടുന്നു. പുകയിലയും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നത് രോഗം വരാനുള്ള സാധ്യത കൂട്ടുന്നുണ്ട്. ഇത് കൂടാതെ വിറ്റാമിനുകളുടെ അഭാവം മൂലവും ഇത് സംഭവിക്കാം. വിറ്റാമിന്‍ ഡി, പൊട്ടാസ്യം  എന്നിവയുടെ കുറവ് മൂലവും രോഗം വരാം. ചില മരുന്നുകളുടെ ഉപയോഗവും ഇതിന് കാരണമാണ്.

രക്തസമ്മര്‍ദ്ദം കുറക്കാന്‍

ജീവിത ശൈലിയിലും ഭക്ഷണത്തിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ബ്ലഡ് പ്രഷര്‍ ഒരു പരിധി വരെ പിടിച്ചു നിര്‍ത്താനാകും. ഇലക്കറികള്‍ ആഹാരത്തിന്‍റെ ഭാഗമാക്കുന്നത് രക്തസമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കും. ചീര, മുരിങ്ങയില എന്നിവയിലെ മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിന്‍ സി എന്നീ പോഷകങ്ങള്‍ ഇതിന് സഹായകമാണ്.

പാലില്‍ അടങ്ങിയിട്ടുള്ള കാത്സ്യം, വിറ്റാമിന്‍ ഡി എന്നീ പോഷകങ്ങള്‍ ഹൈപ്പര്‍ ടെന്‍ഷന്‍ കുറക്കും. കൊഴുപ്പ് പ്രശ്നമുള്ളവര്‍ പാട നീക്കിയ പാല്‍ ഉപയോഗിക്കുന്നതാകും നല്ലത്.

ഏത്തപ്പഴം പൊട്ടാസ്യം കൊണ്ട് സമൃദ്ധമാണ്. രക്തസമ്മര്‍ദ്ദം നല്ല തോതില്‍ കുറക്കാന്‍ ഇതുകൊണ്ട് സാധിക്കും. കിവി പഴത്തിലും ധാരാളം പൊട്ടാസ്യവും കാത്സ്യവുമുണ്ട്. ഇത് കൂടാതെ കിവിയിലുള്ള ലൂട്ടിന്‍ എന്ന ആന്‍റി ഓക്സിഡന്‍റ് ശരീരത്തിന്‍റെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മികച്ചതാണ്.

തക്കാളിയില്‍ കാണപ്പെടുന്ന ലിക്കോപിന്‍ ഒരു ആന്‍റിഓക്സിഡന്‍റ് ആണ്. ഇത് രക്തസമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.  ബീന്‍സിലുള്ള പൊട്ടാസ്യവും മഗ്നീഷ്യവും ബ്ലഡ് പ്രഷര്‍ കുറക്കാന്‍ നല്ലതാണ്. ഇതിലുള്ള ധാതുക്കള്‍, കാത്സ്യം, പ്രോട്ടീന്‍ എന്നിവ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നുണ്ട്. കറിയുപ്പിന്‍റെ ഉപയോഗം കുറക്കുന്നത് രോഗത്തെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കും. ഉപ്പിലിട്ട ആഹാരവും ടിന്‍ ഫുഡും പൂര്‍ണമായും ഒഴിവാക്കുക.

പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കുറക്കുന്നത് ബിപി കുറയാന്‍ സഹായിക്കും. മദ്യപാനികളായ രോഗികള്‍ മദ്യം പൂര്‍ണമായും ഉപേക്ഷിച്ചാല്‍ മാത്രമേ രക്തസമ്മര്‍ദ്ദത്തിന്‍റെ നില താഴൂ. ഇനി നിങ്ങള്‍ കാപ്പി പ്രിയരാണെങ്കില്‍ അതും പ്രശ്നമാണ്. അമിതമായി കാപ്പി കുടിക്കുന്നതും ബിപി കൂടാന്‍ കാരണമാണ്. കാപ്പി കുടി കുറക്കാന്‍ മറക്കണ്ട.

പൊണ്ണത്തടിയുള്ളവര്‍ ശരീരഭാരം കുറച്ചാല്‍ ഇവരുടെ ബിപി കാര്യമായി കുറയും. ആഹാരം കൃത്യമായി നിയന്ത്രിച്ചാല്‍ ഇത്തരക്കാര്‍ക്ക് അസുഖത്തില്‍ നിന്നും മോചനം ലഭിക്കും. ഇതിനോടൊപ്പം ചിട്ടയോടെ വ്യായാമം ചെയ്‌താല്‍ അസുഖം നിയന്ത്രിച്ച്‌ നിര്‍ത്താം. നടത്തം, നീന്തല്‍, നൃത്തം എന്നിവ ദിവസവും ശീലമാക്കുന്നത് ഉത്തമമാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.