റെഡ്മീറ്റും പ്രോസസ്ഡ് മീറ്റും മരണ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ചെറിയ അളവില്‍ ഇവ കഴിച്ചാല്‍ പോലും മരണ സാധ്യത കൂടുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ പഠനം ന്യൂട്രിയന്റ്‌സ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്. മാംസം ഭക്ഷിക്കാത്ത ആളുകളുമായി താരതമ്യം ചെയുമ്പോള്‍ റെഡ്മീറ്റും പ്രോസസ്ഡ് മീറ്റും കഴിക്കുന്നവരില്‍ ഹൃദയ സംബന്ധമായ രോഗങ്ങളും കാന്‍സര്‍ ബാധയ്ക്കുമുള്ള സാധ്യതയുണ്ടെന്നും പഠനം പറയുന്നു.
ഈ പഠനം നടത്തിയത് അഡ്‌വന്റിസ്റ്റ് ഹെല്‍ത്ത് സ്റ്റഡിയുടെ ഭാഗമായിട്ടാണ്. തൊണ്ണൂറായിരത്തോളം സെവന്‍ത് ഡേ അഡ്‌വന്റിസ്റ്റ് സ്ത്രീ പുരുഷന്മാര്‍ പഠനത്തിന്റെ ഭാഗമായി. അമേരിക്കിലെയും കാനഡയിലെയും സെവന്‍ത് ഡേ അഡ്‌വന്റിസ്റ്റ് വിഭാഗത്തിലെ 50 ശതമാനത്തോളം പേര്‍ സസ്യ ഭുക്കുകളാണ്. അതിനു പുറമെ ഇവരില്‍ മാംസം കഴിക്കുന്നവര്‍ വളരെ കുറച്ച് മാത്രമാണ് ഭക്ഷിക്കുന്നത്. ഈ രണ്ടു കാരണങ്ങളാണ് ഇവരില്‍ പഠനം നടത്താന്‍ കാരണമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
7900 ലധികം പേരുടെ മരണ കാരണം പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ പരിശോധിച്ചു. മരിച്ചവരില്‍ മാംസം ഭക്ഷിക്കുന്നവരില്‍ 90 ശതമാനം പേരും രണ്ട് ഔണ്‍സോ അതില്‍ കുറവോ റെഡ്മീറ്റ് ദിനം പ്രതി ഭക്ഷിച്ചിരുന്നു. 7900 ലധികം പേരില്‍ 2600 പേര്‍ മരിച്ചത് ഹൃദയ സംബന്ധമായ രോഗം കാരണവും 1800 പേര്‍ മരിച്ചത് കാന്‍സര്‍ കാരണവുമായിരുന്നു. 4400 പേരുടെ മരണത്തിന് ഭക്ഷണ ക്രമം കാരണമായിട്ടുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാക്കുന്നതായി ഗവേഷകര്‍ അവകാശപ്പെടുന്നു.
ഇതിനാല്‍ തന്നെ ചെറിയ അളവില്‍ പോലും റെഡ്മീറ്റും പ്രോസസ്ഡ് മീറ്റും ഭക്ഷിക്കുന്നതിന് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.