spot_img

റംസാന്‍ വ്രതം; ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നന്മയുടെയും വിശുദ്ധിയുടെയും മാസമാണ് റംസാന്‍. ഭക്ഷണ കാര്യത്തിലും ജീവിത ശൈലിയിലും ഏറെ മാറ്റങ്ങള്‍ വരുത്തുന്ന ഈ മാസം നാം ശരീര ശുദ്ധി വരുത്തുന്ന സമയം കൂടിയാണ്.

നോമ്പുള്ള ഒരു ദിവസം പുലര്‍ച്ചെ കഴിക്കുന്ന ഭക്ഷണമാണ് (അത്താഴം) ആ ദിവസത്തേക്കുള്ള മുഴുവന്‍ ഊര്‍ജ്ജവും നല്‍കുന്നത്. ആ സമയത്തെ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അധികമായി എരിവ്, നെയ്യ്, എണ്ണ എന്നിവ കലരാത്ത ഭക്ഷണം കഴിക്കണം. അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കരുത്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളുമാണ് കഴിക്കേണ്ടത്. തണ്ണിമത്തന്‍, ഓറഞ്ച് പോലുള്ളവ ഉദാഹരണം. ഈന്തപ്പഴം കഴിക്കുന്നതും നല്ലതാണ്. ശരീരത്തില്‍ ഏറ്റവും കുറച്ച് ഫൈബര്‍ (നാര്) അടങ്ങിയ ഭക്ഷണമെത്തുന്ന മാസമാണിത്. ദഹനത്തിന് നാരടങ്ങിയ ഭക്ഷണം വളരെ പ്രധാനമാണ്. അതിനാല്‍ ദഹന പ്രക്രിയ താറുമാറാകാതിരിക്കാന്‍ കൂടുതലായി ഫ്രൂട്ട്സും പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കണം. ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണ വസ്തുക്കള്‍ അത്താഴ സമയത്ത് കഴിവതും ഒഴിവാക്കുക. പൊറോട്ട, ബീഫ്, ബിരിയാണി എന്നിവ ആ സമയത്ത് കഴിക്കാതിരിക്കുന്നതാണ് ഉചിതം.

കിട്ടുന്നതെന്തും കഴിക്കുന്ന ശീലം നല്ലതല്ല

വൈകുന്നേരം നോമ്പ് തുറക്കുന്ന സമയത്ത് കിട്ടുന്നതെല്ലാം കൂടി ഒന്നിച്ചു കഴിക്കുന്ന രീതി ഒട്ടും ആരോഗ്യകരമല്ല. കുറച്ച് ഫ്രൂട്ട്സും ഈന്തപ്പഴവും വെള്ളവുമെല്ലാം കുടിച്ച് കുറച്ചു സമയം കഴിഞ്ഞു മാത്രം മറ്റെന്തെങ്കിലും കഴിക്കുക. ആ സമയത്ത് ഒരുപാട് സ്നാക്സും വറുത്തതും പൊരിച്ചതുമെല്ലാം കഴിക്കുന്നത് അനാരോഗ്യകരമാണ്. ദിവസവും നോണ്‍ വെജ് കഴിക്കുന്ന ശീലവും നന്നല്ല. ഒരുപാട് വിഭവങ്ങളുണ്ടാക്കി അതെല്ലാം പരമാവധി കഴിക്കുന്നത് ഒട്ടും ആശാസ്യമല്ല. വളരെ ചുരുങ്ങിയ അളവില്‍ ഒന്നോ രണ്ടോ ഭക്ഷണ സാധനങ്ങള്‍ മാത്രം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

പാഴ്‌സല്‍ ഉപയോഗം കുറക്കുക

പണ്ടൊക്കെ വീട്ടില്‍ തന്നെ ഒരുപാട് ഭക്ഷണം പാചകം ചെയ്യുന്ന രീതിയാണ് നോമ്പു കാലത്തുണ്ടായിരുന്നതെങ്കില്‍ ഇന്ന് വലിയ തോതില്‍ പാഴ്സല്‍ വാങ്ങുന്ന രീതി കണ്ടു വരുന്നുണ്ട്. കടകളില്‍ നിന്നു വാങ്ങുന്ന ഭക്ഷണത്തില്‍ അമിതമായി എണ്ണ കലര്‍ന്നിരിക്കും. കൂടാതെ ഈ എണ്ണ പലയാവര്‍ത്തി ഉപയോഗിച്ചതുമായിരിക്കും. വീണ്ടും വീണ്ടും തിളപ്പിക്കുന്ന എണ്ണ വയറ്റില്‍ അര്‍ബുദം പോലുള്ള മാരക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതിനാല്‍ പരമാവധി പാഴ്സല്‍ ഉപയോഗം കുറക്കാന്‍ ശ്രമിക്കുക.

വിനാഗിരിയിലിട്ട മാങ്ങ പോലുള്ളവ വാങ്ങിക്കഴിക്കുന്നതും ഈ മാസം പരമാവധി ഒഴിവാക്കുക. പകല്‍ മുഴുവന്‍ ഭക്ഷണം കിട്ടാതിരുന്ന ശരീരത്തിലേക്ക് ആസിഡില്‍ കിടന്ന മാങ്ങയും നെല്ലിക്കയും ചെല്ലുന്നത് ഒട്ടും തന്നെ ആരോഗ്യകരമല്ല.

12 ഗ്ലാസ് വെള്ളം കുടിക്കുക

ശരീരത്തിന് ധാരാളം വെള്ളം ആവശ്യമുള്ള സമയമാണ്. കൂടാതെ കഠിനമായ ചൂടുള്ള സമയം കൂടിയായതിനാല്‍. ദിവസവും 12 ഗ്ലാസ് വെള്ളം ഈ ദിവസങ്ങളിലും ശരീരത്തിന് നല്‍കാന്‍ ശ്രദ്ധിക്കുക. ഭൂരിഭാഗം പേര്‍ക്കും അതിന് കഴിയില്ല എന്നതാണ് വാസ്തവം. ഏതു രൂപത്തിലുള്ള പാനീയമായാലും 12 ഗ്ലാസ് നിര്‍ബന്ധമാണ്. എന്നാല്‍ ജ്യൂസ്, പാക്കേജ്ഡ് ഡ്രിങ്ക്സ്, ചായ, കാപ്പി എന്നിവ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.

പാക്കേജ്ഡ് ഡ്രിങ്ക്സ് ഉപയോഗിക്കാതിരിക്കാന്‍ ഈ മാസം പ്രത്യേകം ശ്രദ്ധിക്കണം. കാരണം, ഇവയില്‍ അമിതമായ അളവില്‍ പഞ്ചസാര അടങ്ങിയിരിക്കും. പരമാവധി തിളപ്പിച്ചാറിയ വെള്ളം കുടിക്കാനാണ് ശ്രമിക്കേണ്ടത്.

അമിതമായി തണുപ്പിച്ച പാനീയങ്ങള്‍ ഒഴിവാക്കുക

അമിതമായി തണുപ്പിച്ച പാനീയങ്ങളും ഒഴിവാക്കണം. പകല്‍ മുഴുവന്‍ പട്ടിണി കിടന്ന ശരീരത്തിലേക്ക് വളരെയധികം തണുപ്പിച്ച പാനീയമെത്തുന്നത് ഒട്ടും നല്ലതല്ല.

വിശപ്പിന്റെ വിലയറിയാനുള്ള ഒരു മാസത്തില്‍ പരമാവധി കഴിക്കുന്നതും അനാരോഗ്യകരമായി കഴിക്കുന്നതും തെറ്റാണ്. ജീവിതത്തിന്റെ ശൈലി മെച്ചപ്പെടുത്തുവാനും ഭക്ഷണത്തിലെ പോഷകങ്ങളുടെ അളവ്‌ ക്രമീകരിച്ച്‌ ആരോഗ്യപരമായ ജീവിതം നയിക്കാനുമുള്ള ഒരോർമ്മപ്പെടുത്തലാണ്‌ റമദാൻ.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.