spot_img

റംസാന്‍ വ്രതം; ഗര്‍ഭിണികളും ജീവിതശൈലീ രോഗം ഉള്ളവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റമദാന്‍ മാസമെത്തിയാല്‍ പലവിധ രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് നോമ്പെടുക്കാന്‍ കഴിയുമോ എന്ന് പലര്‍ക്കും സംശയമുണ്ട്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും കഴിവതും നോമ്പ് ഒഴിവാക്കുന്നതായിരിക്കും ഉത്തമം. കാരണം, ഗര്‍ഭിണികള്‍ കഴിയ്ക്കുന്ന ഭക്ഷണമാണ് കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത്. വളര്‍ച്ചയെയും ബുദ്ധി വികാസത്തേയും വരെ സ്വാധീനിക്കാന്‍ ഇവയ്ക്ക് സാധിക്കുന്നു. മുലപ്പാല്‍ മാത്രം ലഭിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യവും ഇങ്ങനെ തന്നെ. അതിനാല്‍ നിങ്ങളുടെ ശരീരത്തില്‍ ആവശ്യമായ പോഷകങ്ങളും അന്നജവും ഉണ്ടായിരിക്കേണ്ടത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും കൂടി വേണ്ടിയാണ്.

പനി പോലുള്ള അസുഖങ്ങള്‍ ബാധിക്കുന്നവര്‍ക്ക് ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരക്കാര്‍ നോമ്പിന് രണ്ട് ദിവസത്തെ ഇടവേള നല്‍കി നന്നായി വെള്ളം കുടിച്ച് ശാരീരിക അസ്വസ്ഥതകള്‍ മാറ്റിയതിന് ശേഷം മാത്രം നോമ്പ് വീണ്ടും തുടങ്ങുക. അസുഖങ്ങള്‍ അവഗണിച്ച് നോമ്പ് തുടരുന്നത് കൂടുതല്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.

അമിത രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങി ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്കും നോമ്പ് എടുക്കാവുന്നതാണ്. എന്നാല്‍ നോമ്പ് തുടങ്ങുന്നതിന് മുന്‍പ് ബ്ലഡ് പ്രഷര്‍, ഷുഗര്‍ എന്നിവ നിയന്ത്രണ വിധേയമാക്കേണ്ടതുണ്ട്. അതിന് ശേഷമായിരിക്കണം നോമ്പിലേക്ക് കടക്കാന്‍. പ്രമേഹമുള്ളവരാണ് ഈ സമയത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ചും ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സമയമായതിനാല്‍ പ്രമേഹ രോഗികള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

നോമ്പ് കാലത്ത് ഇന്‍സുലിന്‍ എടുക്കുന്ന പ്രമേഹ രോഗികള്‍, ലോങ് ആക്ടിങ് ഇന്‍സുലിന് പകരമായി ഷോര്‍ട്ട് ആക്ടിങ് ഇന്‍സുലിന്‍ എടുക്കുന്നതായിരിക്കും ഉത്തമം. മരുന്നു കഴിയ്ക്കുന്നതിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരും. നോമ്പ് എടുക്കാന്‍ താല്‍പര്യപ്പെടുന്ന പ്രമേഹ രോഗികള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മരുന്നുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം വേണം നോമ്പ് തുടങ്ങാന്‍. പെട്ടെന്ന് ഗ്ലൂക്കോസ് കുറഞ്ഞ് പോകുന്ന അവസ്ഥ ചിലപ്പോള്‍ ഉണ്ടായേക്കാം. അമിത വിയര്‍പ്പ്, നെഞ്ചിടിപ്പ് ഉയരുന്നത്, ക്ഷീണം എന്നിവ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ നോമ്പ് അവസാനിപ്പിക്കുക.

നോമ്പ് അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നതെങ്കിലും നോമ്പ് അവസാനിപ്പിക്കുകയാണ് വേണ്ടത്.  അമിത രക്തസമ്മര്‍ദം ഉള്ളവര്‍ക്കും ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ക്യത്യമായ തയ്യാറെടുപ്പുകളോടെ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിച്ച് വേണം നോമ്പ് എടുക്കാന്‍. തൈറോയിഡ് പോലുള്ള മറ്റു രോഗങ്ങള്‍ക്ക് മരുന്ന് കഴിയ്ക്കുന്നവര്‍ക്കും നോമ്പ് എടുക്കാവുന്നതാണ്. എങ്കില്‍ പോലും ഡോക്ടറുടെ നിര്‍ദേശം അനിവാര്യമാണ്. ഡയാലിസിസ്, കീമോ തെറാപ്പി മരുന്നുകള്‍ കഴിയ്ക്കുന്നവരും നോമ്പ് എടുക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.