ആരോഗ്യ ഗുണങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും മുസ്ലിംകള്‍ വ്രതം അനുഷ്ഠിക്കുന്നു. നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ ഉപവാസം നല്ലൊരു ചികിത്സാ രീതിയായി ഗവേഷണങ്ങളില്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. വ്രതം മുറിച്ച ശേഷം അമിതമായി ഭക്ഷണം കഴിക്കുന്ന രീതിയെക്കുറിച്ചല്ല പറഞ്ഞു വരുന്നത്. തികച്ചും ആരോഗ്യകരമായും ശാസ്ത്രീയമായും വ്രതം അനുഷ്ഠിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങളാണ്.
ബിഎംഐ നിയന്ത്രിക്കാന്‍ വ്രതം
പകരുന്നതല്ലാത്ത പല രോഗങ്ങളുടെയും അടിസ്ഥാന കാരണം അമിത വണ്ണമോ കുടവയറോ ആണ്. നമ്മുടെ ബിഎംഐ (body mass index) ആരോഗ്യകരമായ അളവിലാണോ എന്ന് ഒരാള്‍ അറിഞ്ഞിരിക്കണം. നിങ്ങളുടെ ഉയരവും ഭാരവും തമ്മിലുള്ള ഒരു കണക്കാണത്. നിങ്ങളുടെ ഉയരത്തില്‍ നിന്ന് 100 അല്ലെങ്കില്‍ 105 എന്ന സംഖ്യ കുറക്കുമ്പോള്‍ കിട്ടുന്ന സംഖ്യയായിരിക്കണം നിങ്ങളുടെ ഭാരം. അതില്‍ കൂടുന്നതും കുറയുന്നതും നല്ലതല്ല. 18 മുതല്‍ 25 വരെയാണ് നോര്‍മല്‍ ബിഎംഐ. ഇന്ത്യക്കാര്‍ക്ക് 23 വരെയാണ് യഥാര്‍ത്ഥത്തിലുള്ള കണക്ക്. 30 വരെ അമിത വണ്ണമാണ്. 30 നു മുകളില്‍ പോയാല്‍ പൊണ്ണത്തടിയും. അതിനാല്‍ റമസാന്‍ മാസം നല്ല രീതിയില്‍ വിനിയോഗിച്ച് നിങ്ങളുടെ ബിഎംഐ ബാലന്‍സ് ചെയ്ത് നിര്‍ത്തുക. ഈ മാസം കൊണ്ടും കൃത്യമായില്ലെങ്കില്‍ അതുകഴിഞ്ഞും ഉപവാസം തുടര്‍ന്നു കൊണ്ട് ആരോഗ്യകരമായ ബിഎംഐയില്‍ എത്തിച്ചേരുക.
ഓട്ടോഫാജി പ്രക്രിയ നടക്കുന്നു
2016 ല്‍ വൈദ്യശാസ്ത്രത്തിലെ നൊബേല്‍ സമ്മാനം ഓട്ടോഫാജി കണ്ടു പിടിച്ച ഓഷിനോറി യോഷുമി എന്ന ശാസ്ത്രജ്ഞനായിരുന്നു. നമ്മുടെ ശരീരത്തിലെ കേടായ കോശങ്ങളെ ശരീരം തന്നെ ഭക്ഷിക്കുന്നു അഥവാ സ്വയം വൃത്തിയാക്കല്‍ പ്രക്രിയ നടത്തുന്നു എന്നതായിരുന്നു ഈ കണ്ടു പിടിത്തം. 12 മണിക്കൂര്‍, 24 മണിക്കൂര്‍ നിയന്ത്രിത ഉപവാസം നടത്തുന്ന ശരീരത്തില്‍ ഓട്ടോഫാജി പ്രക്രിയ നടക്കുന്നു. അനേകം രോഗങ്ങള്‍ വരാതിരിക്കാന്‍ ഓട്ടോഫാജി പ്രക്രിയ സഹായിക്കുന്നു. അര്‍ബുദം പോലുള്ള രോഗങ്ങളെ തുടക്കത്തില്‍ ശരീരം പ്രതിരോധിക്കുന്നു എന്നര്‍ത്ഥം. വ്രതാനുഷ്ഠാനം ഇതിന് വളരെയധികം സഹായിക്കുന്നു.
റമസാന്‍ കഴിഞ്ഞും വ്രതം തുടരുന്നത് ഗുണകരം
സമയ നിയന്ത്രിത ഭക്ഷണ രീതി റമസാന്‍ കഴിഞ്ഞും തുടരുന്നത് ശരീരത്തിന് വളരെയധികം ആരോഗ്യ ഫലങ്ങളുണ്ടാക്കുന്നുണ്ട്. തുടര്‍ച്ചയായി ഭക്ഷണം കഴിക്കാതെ ദീര്‍ഘമായ ഇടവേളകള്‍ നല്‍കുന്ന രീതിയാണിത്. രാവിലെ എട്ടു മണിക്ക് പ്രഭാത ഭക്ഷണം കഴിക്കുന്ന ഒരാള്‍ അയാളുടെ അന്നത്തെ ഭക്ഷണം വൈകിട്ട് നാലു മണിയോടെ അവസാനിപ്പിക്കണം. അടുത്ത ദിവസം രാവിലെ മാത്രമേ പിന്നീട് ഭക്ഷണം കഴിക്കാവൂ. അതുപോലെ തന്നെ പ്രഭാത ഭക്ഷണവും ലഞ്ചും ഒരുമിച്ച് ഉച്ചയ്ക്ക് 12 മണിയ്ക്കോ ഒരു മണിയ്ക്കോ കഴിക്കുന്ന ഒരാള്‍ അന്ന് രാത്രി എട്ടു മണിയോടെ ഭക്ഷണം നിര്‍ത്തുക. അടുത്ത ദിവസം ഉച്ചയ്ക്കു മാത്രമേ പിന്നെ ഭക്ഷണം കഴിക്കാവൂ. ഈ രീതി റമസാന്‍ കഴിഞ്ഞും തുടരുന്നത് ഒരാളെ പലവിധ രോഗങ്ങളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുകയും രോഗം വരാനുള്ള സാധ്യതകളെ പ്രതിരോധിക്കുകയും ചെയ്യുന്നു.