റമദാൻ മാസം നോമ്പ് നോക്കുന്ന നിരവധി സ്ത്രീകൾ ഉണ്ട്. മെയ് മാസം കൂടിയായതിനാൽ വേനലിന്റെ കാഠിന്യം കൂടുതലായിരിക്കുമെന്ന് പറയേണ്ടതില്ല. ഇക്കാലയളവിൽ ജലപാനം പോലുമില്ലാതെ നോമ്പ് അനുഷ്ടിക്കുമ്പോൾ പല സ്ത്രീകളും മൂത്രത്തിൽ പഴുപ്പുമായി ഡോക്ടർമാരെ സമീപിക്കുന്നത് പതിവാണ്. ഗർഭിണികളായ സ്ത്രീകൾ വരെ ഈ പ്രശ്‌നവുമായി എത്താറുണ്ട്. പലരും രോഗം മൂർച്ഛിക്കുന്ന ഘട്ടത്തിലാണ് ഡോക്ടറുടെ സഹായം തേടുക. ഇൻജക്ഷനും മരുന്നുമെല്ലാം നൽകി ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ പറഞ്ഞാൽ അത് പലരും ചെവികൊള്ളാറില്ല. മരുന്നുകൾ വാങ്ങി പോകുന്നവർ വീണ്ടും അതേ പ്രശ്‌നവുമായി ഡോക്ടറെ കാണാനെത്തുന്നതും പതിവ് കാഴ്ചയാണ്.
ഗർഭിണികളായിരിക്കുന്നവർ കഴിവതും ഇക്കാലയളവിലുള്ള നോമ്പ് എടുക്കാതിരിക്കുന്നതാണ് ഉചിതം. അല്ലാത്തവർ നോമ്പ് തുറക്കുന്ന സമയത്ത് ധാരാളം വെളളം കുടിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. കാരണം പകൽ സമയത്തെ ചൂടും വെയിലിന്റെ കാഠിന്യവും ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തി നിർജലീകരണത്തിന് കാരണമാകും. ഇതൊഴിവാക്കാൻ നോമ്പ് തുറക്കുന്ന സമയത്തും, രാത്രി അത്താഴത്തിനും നന്നായി വെള്ളം കുടിയ്്ക്കുക. ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം നന്നായി വെള്ളം കുടിയ്‌ക്കേണ്ടതും അത്യന്താപേക്ഷിതമാണ്.
ഗര്‍ഭിണികള്‍ വ്രതം ഉപേക്ഷിക്കുന്നത് ഉചിതം
ഗർഭിണിയായിരിക്കുമ്പോൾ നോമ്പെടുക്കുന്നവരിൽ ആദ്യത്തെ 3 മാസത്തിൽ മൂത്രത്തിൽ പഴുപ്പ് വരുന്നത് കുഞ്ഞിനെ ബാധിക്കാം. ഇൻഫക്ഷൻ മൂലം ഗർഭം അലസിപ്പോകാൻ വരെ സാധ്യതയുണ്ട്. 5 മുതൽ 10 മാസം വരെയുള്ള കാലഘട്ടത്തിലാണ് ഇൻഫക്ഷൻ ഉണ്ടാകുന്നതെങ്കിൽ പ്രസവം നേരത്തെയായെന്നും വരാം. 5 മാസം പിന്നിട്ട നോമ്പ് നോക്കുന്ന ഗർഭിണികളുടെ കുഞ്ഞുങ്ങൾക്ക് ഭാരം കുറയാൻ സാധ്യതയുണ്ട്. വേണ്ടത്ര പോഷകങ്ങൾ ശരീരത്തിൽ എത്താത്തതാണ് ഇതിന്റെ കാരണം. അതിനാൽ ഗർഭിണികൾ കഴിവതും വ്രതം ഉപേക്ഷിക്കുന്നതാണ് ഉചിതം. ഗർഭിണയായിരിക്കുന്ന സമയത്താണ് മൂത്രത്തിൽ പഴുപ്പ് വരാൻ സാധ്യതയേറെയുള്ളത്. ഈ സമയം കുട്ടിയുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകുകയാണ് വേണ്ടത്.
നന്നായി വെള്ളം കുടിക്കുക
ഗർഭിണികളാണെങ്കിലും അല്ലെങ്കിലും നന്നായി വെള്ളം കുടിയ്ക്കുക. ഒരു ദിവസം കുറഞ്ഞത് 2 ലിറ്റർ വെള്ളമെങ്കിലും കുടിയ്ക്കുക. വേനൽക്കാലത്ത് വെള്ളം പതിവിലും കൂടുതൽ കുടയ്ക്കാൻ ശ്രമിക്കുക. ശരീരത്തിലുണ്ടാകുന്ന നിർജലീകരണവും ക്ഷീണവും തടയാൻ ഇത് സഹായകരമാണ്.