spot_img

ശബ്ദ മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍

വാഹനങ്ങളുടെ അരോചകമായ ഹോണ്‍, എന്‍ജിനുകളുടെ ഉച്ചത്തിലുള്ള ശബ്ദം, പട്ടിയുടെ കുര അങ്ങനെ ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന നിരവധി കാര്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും അതിനെ കണ്ടില്ലെന്ന് നടിക്കാനേ സാധിക്കൂ. എന്നാല്‍ ഇങ്ങനെ കണ്ടില്ലെന്ന് നടിക്കുന്ന കാര്യങ്ങള്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. പ്രത്യേകിച്ചും സ്ഥിരമായി വലിയ ശബ്ദങ്ങള്‍ കേള്‍ക്കുന്നവരില്‍. ശബ്ദ മലിനീകരണം പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതോടൊപ്പം തന്നെ മനുഷ്യന്റെ ആരോഗ്യത്തെയും ബാധിക്കുന്നതാണ്. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് ശബ്ദ മലിനീകരണം മൂലം ഉണ്ടാകുന്നതെന്ന് നോക്കാം..

കേള്‍വി ശക്തിയെ ബാധിക്കുന്നു
സ്ഥിരമായി ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ക്ക് നടുവില്‍ കഴിയുന്നവരുടെ കേള്‍വി ശക്തി മറ്റുള്ളവരെ അപേക്ഷിച്ച് കുറവായിരിക്കും. എപ്പോഴും ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുന്നത്‌ നിങ്ങളുടെ കര്‍ണപടങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. പിന്നീട് ചെറിയ ശബ്ദങ്ങള്‍ തിരിച്ചറിയാതെ പോവുകയോ, കര്‍ണപടം പൊട്ടി കേള്‍വി ശക്തി പൂര്‍ണമായി നഷ്ടമാകാനോ സാധ്യതയുണ്ട്.

ഉറക്കം നഷ്ടപ്പെടുത്തുന്നു
ചെറിയ ശബ്ദം കേട്ടാല്‍ പോലും ഉറക്കം നഷ്ടപ്പെടുന്നവരാണ് പലരും. ശബ്ദമാനമായ ഒരു അന്തരീക്ഷത്തില്‍ കിടന്നുറങ്ങുന്ന വ്യക്തിക്ക് ക്യത്യമായ വിശ്രമം ലഭിക്കുകയില്ല. ഉച്ചത്തിലുള്ള ശബ്ദം ഇത്തരക്കാരെ ഉണര്‍ത്തുന്നു. വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചാല്‍ പോലും ഉറക്കെയുള്ള ശബ്ദങ്ങള്‍ അനുവദിച്ചെന്നു വരില്ല. കിടന്നുറങ്ങാന്‍ തിരഞ്ഞെടുക്കുന്ന ചുറ്റുപാടില്‍ ശബ്ദങ്ങള്‍ കുറവായിരിക്കുന്നത് ഉറക്കം സുഗമമാകാന്‍ സഹായിക്കുന്നെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഉറങ്ങുന്ന സമയത്തുണ്ടാകുന്ന ശബ്ദ കോലാഹലങ്ങള്‍ ഉറക്കത്തെ നശിപ്പിക്കുന്നതിനൊപ്പം പകല്‍ സമയത്ത്‌ ക്ഷീണം, തളര്‍ച്ച, ഉറക്കം തൂങ്ങല്‍ എന്നിവയ്ക്കും കാരണമാകുന്നു.

മാനസിക നിലയെ ബാധിക്കുന്നു
ഉച്ചത്തിലുള്ള ശബ്ദം ചെവിയില്‍ തുളച്ചു കയറുന്നത് എല്ലാവരിലും ദേഷ്യം ഉണ്ടാക്കുന്ന ഒന്നാണ്. ശബ്ദ മലിനീകരണം രൂക്ഷമായിരിക്കുന്ന ഇടങ്ങളില്‍ കഴിയുന്നവര്‍ക്ക് ഒരു കാര്യം ക്യത്യമായി ഓര്‍ക്കാനോ, പറയാനോ സാധിച്ചെന്ന് വരില്ല. ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ഉച്ചത്തിലുള്ള ശബ്ദം ശ്രദ്ധ തെറ്റിക്കും. എന്ത് കാര്യം ചെയ്യാനും കൂടുതല്‍ സമയം ആവശ്യമായി വരും. ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ നഷ്ടപ്പെടും. ഇത്തരം സാഹചര്യങ്ങളില്‍ ദേഷ്യവും ആക്രമണ സ്വഭാവവും പ്രകടിപ്പിക്കാന്‍ ഇടയുണ്ട്‌.

രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്നു
ശബ്ദ കോലാഹലങ്ങളുളള പരിസ്ഥിതിയില്‍ നില്‍ക്കുമ്പോള്‍ രക്ത സമ്മര്‍ദം, ഹ്യദയമിടിപ്പ് എന്നിവ കൂടുക, തലവേദന, വിറയല്‍ തുടങ്ങിയ ശാരീരിക വ്യതിയാനങ്ങള്‍ പലരിലും കണ്ടുവരാറുണ്ട്. ഉയര്‍ന്ന ശബ്ദങ്ങള്‍ ശാരീരിക അസ്വസ്ഥതകള്‍ക്ക് പുറമേ മാനസിക അസ്വസ്ഥതകളും സ്യഷ്ടിക്കുന്നു. ഇതാണ്‌ പിന്നീട് രക്ത സമ്മര്‍ദം ഉയരാനും, ഹ്യദയമിടിപ്പ് വര്‍ധിക്കുന്നതിനും തലവേദനയ്ക്കുമെല്ലാം കാരണമാകുന്നത്. കഠിനമായ ജോലി ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ രക്ത സമ്മര്‍ദം ഉണ്ടാകുന്നത് വ്യവസായ മേഖലകളില്‍ ജോലിയെടുക്കുന്നവര്‍ക്കാണെന്ന് പഠനങ്ങള്‍ തന്നെ തെളിയിക്കുന്നു.

മാനസിക പിരിമുറുക്കം വര്‍ധിപ്പിക്കുന്നു
മാനസിക പിരിമുറുക്കം വര്‍ധിപ്പിക്കുന്നതില്‍ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ ഒരു പ്രധാന ഘടകമാണ്. മറ്റൊരാളോട് സംസാരിക്കുന്ന രീതി നോക്കിയാല്‍ തന്നെ വ്യത്യാസം മനസിലാക്കാം. ടെന്‍ഷന്‍, തലവേദന, തര്‍ക്കിക്കാനുള്ള തോന്നല്‍ എന്നിവയെല്ലാം ഉച്ചത്തില്‍ സംസാരിക്കുന്നതിന്റെ ഭാഗമായി തന്നെ വരുന്നതാണ്. ആളുകളോടുള്ള ഇടപെടലുകളിലെ വ്യത്യാസം പിന്നീട് കുറ്റബോധത്തിലേക്കും, ആത്മനിന്ദയിലേക്കും കൊണ്ടെത്തിക്കും.

അമിത ശബ്ദങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞ്‌ നില്‍ക്കുകയാണ് ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗം. ജോലി ചെയ്യുന്ന ഫാക്ടറികളില്‍ ശബ്ദം ഒരു പ്രശ്‌നമായി മാറുന്നെങ്കില്‍ മറ്റൊരു ജോലി സ്ഥലം തിരഞ്ഞെടുക്കാം. ശബ്ദ മലിനീകരണമുള്ള ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് കുട്ടികളെ മാറ്റി നിര്‍ത്തേണ്ടത് മുതിര്‍ന്നവരുടെ ഉത്തരവാദിത്തമാണ്. കാരണം സ്ഥിരമായി ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്നത് കുഞ്ഞിന്റെ കേള്‍വി ശക്തിയെ സാരമായി ബാധിക്കാന്‍ ഇടയുണ്ട്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.