spot_img

കോളറ തടയാം; മുന്‍കരുതല്‍ എടുക്കാം

മഴക്കാലം രോഗങ്ങളുടെ കാലം കൂടിയാണ്. കൃത്യമായ ശ്രദ്ധ നൽകിയില്ലെങ്കിൽ രോഗങ്ങൾ എളുപ്പത്തില്‍ ശരീരത്തില്‍ കടന്നുകൂടുന്നു. മഴക്കാലത്താണ് കോളറയുടെ വ്യാപനവും വർധിക്കുന്നത്. വിബ്രിയോ കോളറ എന്ന ബാക്ടീരിയ മൂലമാണ് കോളറ പടർന്നു പിടിക്കുന്നത്. മലിന ജലം, കേടായ ആഹാരം എന്നിവയിലൂടെയാണ് പ്രധാനമായും ബാക്ടീരിയ ശരീരത്തിനുള്ളിൽ എത്തുന്നത്.ലോകത്തില്‍ കോളറ ബാധിച്ച 2.9 മില്ല്യൺ ആളുകളിൽ ഒരു ലക്ഷത്തോളം ആളുകൾ മരിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനാൽ കോളറയെ ചെറിയ ഒരു രോഗമായി കണക്കാക്കാനാകില്ല. ക്യത്യമായ ചികിത്സ നൽകിയില്ലെങ്കിൽ മരണം പോലും സംഭവിച്ചേക്കാം. മുൻകരുതൽ ആണ് രോഗം വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കോളറയുടെ പിടിയിൽ നിന്നും രക്ഷ നേടാൻ സാധിക്കും.

കൈകള്‍ വ്യത്തിയായി കഴുകുക
സോപ്പ് ഉപയോഗിച്ച് കൈകൾ എന്നും വ്യത്തിയായി കഴുകുക. ബാക്ടീരിയ കൈകളിൽ നിന്ന് വായിലൂടെ ശരീരത്തിലെത്തുന്നത് തടയാൻ ഇത് സഹായിക്കും. ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപും ശേഷവും, മലമൂത്ര വിസർജനത്തിന് ശേഷവും,കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിന് മുൻപും കൈകൾ സോപ്പിട്ട് കഴുകുന്നത് നിർബന്ധമാക്കണം.

ശുദ്ധമായ വെള്ളം ഉപയോഗിക്കുക
പ്രധാനമായും വെള്ളത്തിലൂടെയാണ് കോളറ ബാക്ടീരിയ പകരുന്നത്. അതിനാൽ ശുദ്ധമായ ജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തുക. പലപ്പോഴും കിണറുകളിലേയും പൈപ്പുകളിലേയും വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി ഉയര്‍ന്ന് കാണാറുണ്ട്‌. അതിനാൽ പച്ചവെള്ളം കുടിയ്ക്കാതെ നന്നായി തിളപ്പിച്ചാറ്റിയതിന് ശേഷം മാത്രം കുടിയ്ക്കുക. ഭക്ഷണം പാകം ചെയ്യാനും, പാത്രം കഴുകാനും, കുളിയ്ക്കാനും എല്ലാം നല്ല വെള്ളം ഉപയോഗിക്കുക. ഇത് കോളറ ബാക്ടീരിയയുടെ വ്യാപനം തടയാൻ സഹായിക്കും. അണുനാശിനി ചേർത്ത വെള്ളത്തിൽ കുളിയ്ക്കുന്നതും ഉത്തമമാണ്. യാത്ര ചെയ്യുമ്പോള്‍ വ്യത്തിഹീനമായ സാഹചര്യങ്ങളിൽ  വെള്ളം വാങ്ങി കുടിയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.

നന്നായി പാകം ചെയ്ത ഭക്ഷണങ്ങള്‍ കഴിയ്ക്കുക
വെള്ളം പോലെ തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ അനിവാര്യമാണ്. പഴകിയതും കേടു വന്നതും തണുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. നന്നായി പാകം ചെയ്ത ഭക്ഷണങ്ങൾ ചൂടോടെ കഴിയ്ക്കാൻ പരമാവധി ശ്രമിക്കുക. പച്ചക്കറികളും പഴങ്ങളും തിരഞ്ഞെടുക്കുമ്പോൾ അവ ഗുണമേൻമയുള്ളതാണെന്ന് ഉറപ്പു വരുത്തുക. ശുദ്ധമായ വെള്ളത്തിൽ തയ്യാറാക്കുന്നതാണെന്ന് ഉറപ്പില്ലെങ്കിൽ ഐസ് ക്രീം പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിയ്ക്കാതിരിക്കുക. പച്ചക്കറികളും ഫലവർഗങ്ങളും വ്യത്തിയായി കഴുകി ഉപയോഗിക്കുക.

കക്കൂസില്‍ മാത്രം മലമൂത്ര വിസര്‍ജനം നടത്തുക
മനുഷ്യ ശരീരത്തിൽ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങൾ പല രോഗങ്ങൾക്കും കാരണമാകാറുണ്ട്. അതിനാൽ പ്രാഥമിക ആവശ്യങ്ങൾക്കായി ശൗചാലയങ്ങൾ ഉപയോഗിക്കുക. വെളിമ്പ്രദേശത്തുള്ള മലമൂത്ര വിസർജനം കോളറ പോലുള്ള രോഗങ്ങൾ പെട്ടെന്ന് പടർന്നു പിടിക്കാൻ കാരണമായേക്കാം.

പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുക
കോളറയ്‌ക്കെതിരായ നിരവധി പ്രതിരോധ മരുന്നുകളും കുത്തിവെയ്പ്പുകളും WHO യുടെ നിർദേശാനുസരണം ലോകത്തെമ്പാടും നൽകി വരുന്നുണ്ട്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നവർ ആവശ്യമെങ്കിൽ മാത്രം പ്രതിരോധ കുത്തിവെയ്പ്പ് എടുത്താൽ മതിയാകും. അല്ലാത്ത പക്ഷം, കോളറ പിടിപെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും പ്രതിരോധ മരുന്നുകളോ കുത്തിവെയ്പ്പുകളോ എടുക്കേണ്ടതാണ്. .

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.