spot_img

ക്യാന്‍സര്‍ പ്രതിരോധിക്കാന്‍ ചില വഴികള്‍

നമ്മളെല്ലാം ഒരേപോലെ ഭയപ്പെടുന്ന രോഗമാണ് ക്യാന്‍സര്‍. ഇന്ന് ലോകമെങ്ങും വ്യാപിക്കുകയാണ് ഈ അസുഖം. ഈ മാരകരോഗം പിടിപെടുന്നവരില്‍ സ്ത്രീകളും പുരുഷന്‍മാരും എന്തിന് കൊച്ചുകുട്ടികളും വരെ ഉള്‍പ്പെടുന്നു. ശരീരത്തെയും മനസിനെയും കൃത്യമായി നിലനിര്‍ത്തി ചിട്ടയോടെ ജീവിച്ചാല്‍ ഒരു പരിധി വരെ രോഗം തടയാന്‍ സാധിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ജീവിത ശൈലിയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഇത്തരത്തില്‍ ക്യാന്‍സര്‍ സാധ്യത കുറക്കാന്‍ നമ്മെ സഹായിക്കും.

പുകവലി വേണ്ട

ക്യാന്‍സര്‍ വരാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് പുകവലി. പുകവലിക്കുന്നതും പുകയില ചവക്കുന്നതും ആരോഗ്യത്തിന് അങ്ങേയറ്റം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. വായ, തൊണ്ട, ശ്വാസകോശം, പാന്‍ക്രിയാസ്, സ്വനപേടകം എന്നിവിടങ്ങളിലെ ക്യാന്‍സറിനു പിന്നില്‍ പ്രധാനമായും പുകവലിയാണ് കാരണം. ഇത് കൂടാതെ കിഡ്നികളെയും സെര്‍വിക്സിനെയും ഇത് മോശമായി ബാധിക്കും.

പുകയില പോലെ തന്നെ പ്രശ്നക്കാരനാണ് പാന്‍ മസാല. നാക്ക്, അണ്ണാക്ക്, കവിള്‍ എന്നിവിടങ്ങളിലെ ക്യാന്‍സറിന് പലപ്പോഴും കാരണക്കാരന്‍ പാന്‍മസാലയാണ്.

മദ്യപാനത്തോട് ബൈ

മദ്യപാനം ഉണ്ടാക്കാത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. എപ്പോഴും ആരോഗ്യത്തിന്റെ എതിരാളിയാണ് മദ്യം. അമിത മദ്യപാനം ശ്വാസകോശ ക്യാന്‍സര്‍, അന്നനാള ക്യാന്‍സര്‍ എന്നിവ കൂടാതെ കരളിലെ ക്യാന്‍സറിനും കാരണമാകുന്നു. കടുത്ത മദ്യപാനികളില്‍ ലിവര്‍ സിറോസിസ് ഉണ്ടാകാനും സാധ്യതയുണ്ട്. ലിവര്‍ സിറോസിസ് പിന്നീട് ക്യാന്‍സര്‍ ആയി മാറാനുള്ള സാധ്യതകളും കുറവല്ല.

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണക്രമം രോഗവിമുക്തമായ ജീവിതമാണ്‌ നമുക്ക് തരുന്നത്. ആവശ്യത്തിന് പ്രോട്ടീനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണം ജീവിതത്തിന്‍റെ ഭാഗമാക്കുന്നത് ക്യാന്‍സറിനെ തടയാന്‍ നമ്മെ സഹായിക്കും. ധാരാളം ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മുഴു ധാന്യങ്ങള്‍, പയറു വര്‍ഗങ്ങള്‍ എന്നിവയും ആഹാരത്തിന്‍റെ ഭാഗമാക്കുക. ഒലിവ് ഓയില്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

മാംസ ഭക്ഷണം നിയന്ത്രിക്കുന്നത് ക്യാന്‍സര്‍ തടയാന്‍ സഹായിക്കും. ബീഫ്, പോര്‍ക്ക്‌ എന്നിങ്ങനെയുള്ള ചുവന്ന ഇറച്ചി ഒഴിവാക്കുന്നത് നന്നാകും. ഇവയിലെ കൊഴുപ്പ് കുടലിലെ ക്യാന്‍സറിനു കാരണമാകാം. അത് പോലെ തന്നെ കാര്യമായി മാംസം കഴിക്കുന്നവര്‍ക്ക് ക്രമേണ പൊണ്ണത്തടി ഉണ്ടാകാനും അത് ക്യാന്‍സറിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.

ജങ്ക് ഫുഡ് ഒഴിവാക്കൂ

പുറത്ത് പോയി കണ്ണില്‍ കണ്ടതൊക്കെ വാങ്ങി കഴിക്കുന്നതിനോടാണ് പലര്‍ക്കും പ്രിയം. ദിവസവും ജോലി കഴിഞ്ഞ് വഴിയില്‍ നിന്നും വറുത്തതും പൊരിച്ചതുമായ ഭക്ഷണം വാങ്ങി കഴിക്കുമ്പോള്‍ ഒന്നോര്‍ക്കണം, ക്യാന്‍സറിനെയാണ് നിങ്ങള്‍ വിളിച്ചു വരുത്തുന്നത്.

വറുത്തു പൊരിച്ച ചിക്കനിലെയും മട്ടനിലെയും മറ്റും കൊഴുപ്പ് ഹോര്‍മോണ്‍ നിലയില്‍ പോലും വ്യത്യാസമുണ്ടാക്കുന്നു. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നീ അസുഖങ്ങള്‍ വരാനുള്ള പ്രധാന കാരണം ഈ കൊഴുപ്പാണ്‌.

വ്യായാമം ശീലമാക്കൂ

വ്യായാമത്തേക്കാള്‍ നല്ലൊരു മരുന്നില്ല. മനസിനും ശരീരത്തിനും ഒരേ പോലെ ഉണര്‍വ് നല്‍കാന്‍ വ്യായാമം കൊണ്ട് സാധിക്കും. വ്യയാമത്തിലൂടെ പല ക്യാന്‍സറുകളെ തടയാന്‍ സാധിക്കും. ശരീരത്തില്‍ അനാവശ്യ കൊഴുപ്പുകള്‍ അടിഞ്ഞു കൂടുന്നത് തടയാന്‍ വ്യായാമത്തിന് സാധിക്കും. ദിവസം മുഴുവന്‍ ഊര്‍ജസ്വലരായിരിക്കാനും വ്യായാമം കൊണ്ട് കഴിയും. നടത്തവും നീന്തലും ശീലിക്കുന്നതും നല്ലതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.