spot_img

ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സര്‍ജറി പൊതുവെ എല്ലാവര്‍ക്കും പേടിയുള്ള കാര്യമാണ്. വേദന മുതല്‍ അനസ്‌തേഷ്യ വരെ എല്ലാത്തിനെക്കുറിച്ചും അനാവശ്യമായ പേടി വെച്ചുപുലര്‍ത്തും. പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുകയും ആവശ്യമായ മരുന്നുകള്‍ കഴിക്കുകയും മനസ്സും ശരീരവും സര്‍ജറിക്കു വേണ്ടി ഒരുക്കുകയും ചെയ്ത് സമാധാനത്തോടെ ഇരിക്കുക മാത്രം ചെയ്താല്‍ മതിയെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. 

ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്ന ഒരാള്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നു നോക്കാം.

 1. പുകവലി നിര്‍ത്തുക

നിങ്ങള്‍ പുകവലിക്കുന്ന ആളാണെങ്കില്‍ സര്‍ജറി തീരുമാനിച്ച ശേഷം പുകവലിയും മറ്റു ടൊബാക്കോ ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് നിര്‍ത്തുക. ഇത് നിങ്ങളുടെ മുറിവ് പെട്ടെന്ന് ഉണങ്ങാനും സുഖപ്പെടാനും സഹായിക്കും. പുകവലി കാലുകളില്‍ രക്തം കട്ടപിടിക്കുന്നതിന്റെ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. പിന്നീടിത് ശ്വാസകോശത്തിലേക്കും മറ്റും വ്യാപിക്കാനും അപകടമുണ്ടാകാനും കാരണമാകുന്നു. കൂടാതെ പുകവലിക്കുമ്പോള്‍ മുറിവിനു ലഭിക്കുന്ന ഓക്‌സിജന്റ് അളവ് കുറയുകയും സുഖപ്പെടല്‍ പ്രക്രിയ വൈകുകയും ചെയ്യുന്നു. അണുബാധയ്ക്കുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. ശസ്ത്രക്രിയ പ്രശ്‌നരഹിതമാണെങ്കിലും പുകവലിക്കുന്നവരുടെ ഹൃദയവും ശ്വാസകോശവും ആ സമയത്ത് പുകവലിക്കാത്തവരുടേതിനേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടിവരുന്നു. 

 1. ഏതൊക്കെ മരുന്നുകള്‍ നിര്‍ത്തണമെന്ന് കണ്ടെത്തുക

കഴിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും മരുന്നുകള്‍ ശസ്ത്രക്രിയയുടെ സമയത്ത് നിര്‍ത്തേണ്ടതുണ്ടോ എന്ന് ഡോക്ടറോട് ചോദിച്ചറിയുക. ഇത് താല്‍ക്കാലികമായി നിര്‍ത്തണോ അതോ ശസ്ത്രക്രിയയുടെ ദിവസം മാത്രം കഴിക്കാതിരുന്നാല്‍ മതിയോ എന്നിങ്ങനെയുള്ള സംശയങ്ങള്‍ ദൂരീകരിക്കുക. അത് വേദനസംഹാരികളോ, വിറ്റാമിന്‍ ഗുളികകളോ സപ്ലിമെന്റുകളോ എന്തുമാവാം.

 1. ശസ്ത്രക്രിയയ്ക്കു മുന്നേയുള്ള ഭക്ഷണ നിയന്ത്രണം 

ശസ്ത്രക്രിയയുടെയും അനസ്‌തേഷ്യയുടെയും സ്വഭാവമനുസരിച്ച് തലേദിവസത്തെ ഭക്ഷണക്രമത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. ശസ്ത്രക്രിയാ നടപടികള്‍ക്ക്  24 മണിക്കൂര്‍ മുന്നേ മുതല്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കരുത്. വയറ് കാലിയായിരിക്കാനായി ചിലപ്പോള്‍ ഡോക്ടര്‍ നിങ്ങള്‍ക്ക് വയറിളക്കത്തിനുള്ള മരുന്ന് തന്നേക്കും. അനസ്‌തേഷ്യ ഏതാണെന്നതിനനുസരിച്ച് എപ്പോള്‍ ഭക്ഷണം കഴിക്കണം, കഴിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

 1. ചോദ്യങ്ങള്‍ ചോദിക്കുക

ശസ്ത്രക്രിയ തീരുമാനിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ നൂറു ചോദ്യങ്ങളുണ്ടായേക്കും. ചോദ്യങ്ങള്‍ വിഡ്ഢിത്തമാകുമോ, ചോദിച്ചാല്‍ മോശമാണോ എന്നൊന്നും ചിന്തിക്കേണ്ട കാര്യമില്ല. നിങ്ങളുടെ സംശയങ്ങള്‍ യാതൊരു മടിയും കൂടാതെ ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കണം. എത്ര സമയം കൊണ്ട് സര്‍ജറി പൂര്‍ത്തിയാകും, എത്ര സമയം വിശ്രമിക്കണം, എന്നു മുതല്‍ ജോലിക്കു പോയി തുടങ്ങാം, അനസ്‌തേഷ്യയുടെയും സര്‍ജറിയുടെയും അനന്തരഫലങ്ങള്‍ എന്തെല്ലാമാണ്, എത്ര നാള്‍ മരുന്ന് കഴിക്കണം, വേദന എത്ര സമയം നില്‍ക്കും, എന്തെല്ലാം മുന്‍കരുതലുകളും തയ്യാറെടുപ്പുകളും നടത്തണം.. തുടങ്ങീ നിങ്ങളുടെ മനസ്സിലുള്ള ഓരോ ചെറിയ ചോദ്യത്തിനും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നത് മനസ്സിലെ ടെന്‍ഷനും സമ്മര്‍ദ്ദവും കുറക്കുകയും സര്‍ജറിയെക്കുറിച്ച് വിശദമായ അറിവ് നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. 

 1. വ്യായാമം പ്ലാന്‍ ചെയ്യുക

നിങ്ങളുടെ സ്ഥിരം വ്യായാമം തുടരാമോ ഇല്ലയോ എന്ന കാര്യം ഡോക്ടറെ കണ്ട് അന്വേഷിക്കുക. ചില വ്യായാമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയോ ചിലവ സ്ഥിരമായി നിര്‍ത്തുകയോ ചെയ്യേണ്ടിവരും. അവ ഏതെല്ലാമാണെന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം തീരുമാനിക്കുക.

 1. ആശുപത്രിയില്‍ പോകും മുന്‍പ് ചിലത് ശ്രദ്ധിക്കാം
 • ആവശ്യത്തിനുള്ള സാധനങ്ങള്‍ പാക്ക് ചെയ്യുക. എന്നാല്‍ അനാവശ്യമായി ഒരുപാട് സാധനങ്ങള്‍ പാക്ക് ചെയ്യരുത്. 
 • നഖങ്ങളില്‍ പോളിഷ് ഇട്ടിട്ടുണ്ടെങ്കില്‍ അവ നീക്കം ചെയ്യുക. ഓക്‌സിജന്‍ ലെവല്‍ മനസ്സിലാക്കുന്നതിന് ഡോക്ടര്‍മാര്‍ നഖങ്ങള്‍ നോക്കാറുണ്ട്. 
 • ആശുപത്രിയിലേക്ക് പോകുമ്പോള്‍ മേക്കപ്പ് ഇട്ട് പോകരുത്. 
 • ശസ്ത്രക്രിയ സമയത്ത് ആഭരണങ്ങള്‍ ഉപയോഗിക്കാന്‍ സമ്മതിക്കില്ല എന്നതിനാല്‍ അവ വീട്ടില്‍ ഭദ്രമായി വെച്ച് ആശുപത്രിയിലേക്ക് പോകുക.
 • നിങ്ങള്‍ കണ്ണടയോ, കോണ്ടാക്ട് ലെന്‍സോ, കൃത്രിമ പല്ലുകളോ ഉപയോഗിക്കുന്നവരാണെങ്കില്‍ അവ ആവശ്യമുണ്ടെങ്കില്‍ മറക്കാതെ എടുക്കുക.
 • അയഞ്ഞ, ഉപയോഗിക്കാന്‍ സൗകര്യമുള്ള വസ്ത്രങ്ങള്‍ വേണം പാക്ക് ചെയ്ത് കൊണ്ടുപോകാന്‍. ഇറുകിയ വസ്ത്രങ്ങള്‍ മുറിവുണങ്ങുന്നതിനും കട്ടിയുള്ള ബാന്‍ഡേജുകള്‍ക്കും തടസ്സമായിരിക്കും.
 • കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ സഹായത്തിനായി കൂടെ കൂട്ടുക. ആശുപത്രിയില്‍ നിങ്ങള്‍ക്ക് അവരുടെ സഹായം ആവശ്യമായി വരും.
 • ശസ്ത്രക്രിയ കഴിഞ്ഞ് വരുന്ന നിങ്ങള്‍ക്ക് വൃത്തിയും ശുചിത്വവുമുള്ള അന്തരീക്ഷം ആവശ്യമാണ്. അതിനാല്‍ വീടും മുറിയും ടോയ്‌ലറ്റും വൃത്തിയാക്കിയെന്ന് ആശുപത്രിയിലേക്ക് പോകും മുന്നേ ഉറപ്പാക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.