ശസ്ത്രക്രിയ എന്ന് കേട്ടാല്‍ പേടിക്കാത്തവരായി ആരും തന്നെ കാണില്ല. ചെറിയ ശസ്ത്രക്രിയ ആണെങ്കില്‍ പോലും അതിനെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടുന്നവരാണ് നമ്മില്‍ പലരും. അനസ്തേഷ്യ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദന എന്നിവയെല്ലാം പലരേയും അലട്ടുന്ന കാര്യങ്ങളാണ്. ഇത്തരം ചിന്തകളെല്ലാം മാറ്റിവെച്ച് ശസ്ത്രക്രിയയെ പോസിറ്റീവായി മാത്രം കാണുക. മനസിനെ ശാന്തമാക്കി ശരീരത്തെ സജ്ജമാക്കുകയാണ് ഏറ്റവും അത്യാവശ്യം. അതിന് ശേഷം വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി ശസ്ത്രക്രിയയ്ക്കായി ഒരുങ്ങാവുന്നതാണ്.
പുകവലിയും മദ്യപാനവും നിര്‍ത്തുക
ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നവര്‍ പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ പാടെ ഒഴിവാക്കുക. ശസ്ത്രക്രിയയ്ക്ക് ശേഷം വേഗം സുഖം പ്രാപിക്കാന്‍ അത് നിങ്ങളെ സഹായിക്കുന്നു. പുകവലിക്കുന്നതിലൂടെ ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത ഏറെയാണ്. ഒപ്പം തന്നെ ഇന്‍ഫെക്ഷന്‍ ഉണ്ടാകാനും ശരീരത്തിനുള്ളിലേക്ക് എത്തുന്ന ഓക്സിജന്റെ അളവ് കുറയാനും പുകവലി കാരണമാകുന്നു. മദ്യപാനവും ഇതേ രീതിയില്‍ തന്നെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. അതിനാല്‍ ശസ്ത്രക്രിയയ്ക്കായുള്ള ആദ്യത്തെ തയ്യാറെടുപ്പ് ഇവ രണ്ടും ഉപേക്ഷിക്കുക എന്നതാണ്.
കഴിയ്ക്കുന്ന മരുന്നുകളില്‍ താല്‍ക്കാലികമായി നിര്‍ത്തേണ്ടവ ഉണ്ടോയെന്ന് പരിശോധിക്കുക
ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുമ്പോള്‍ നിലവില്‍ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളില്‍ ഏതെങ്കിലും താല്‍ക്കാലികമായി നിര്‍ത്തി വെക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കുക. ഇതിനായി ഡോക്ടറുടെ വിദഗ്ധ ഉപദേശം തേടാവുന്നതാണ്. ചില മരുന്നുകള്‍ രക്തം കട്ട പിടിക്കുന്നതിന് കാരണമാകാറുണ്ട്. ഇത് ശസ്ത്രക്രിയ സമയത്ത് പ്രശ്നങ്ങള്‍ സ്യഷ്ടിച്ചേക്കാം. അതിനാല്‍ നിങ്ങള്‍ സ്ഥിരമായി കഴിയ്ക്കുന്ന മരുന്നുകളെ സംബന്ധിച്ച ക്യത്യമായ വിവരം നേരത്തെ തന്നെ ഡോക്ടറെ അറിയിക്കുക. അവരുടെ നിര്‍ദേശ പ്രകാരം മരുന്നുകള്‍ തുടരുക.
ഭക്ഷണം ശ്രദ്ധിക്കുക
ശസ്ത്രക്രിയയ്ക്ക് മുന്‍പായി ഭക്ഷണ കാര്യത്തിന് മുഖ്യ ശ്രദ്ധ കൊടുക്കുക. പ്രത്യേകിച്ചും ശസ്ത്രക്രിയയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍. ശസ്ത്രക്രിയയ്ക്ക് 24 മണിക്കൂര്‍ മുന്‍പ് മദ്യം പോലുള്ള ലഹരി പാനീയങ്ങള്‍, ലഹരി വസ്തുക്കള്‍ എന്നിവ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പല ശസ്ത്രക്രിയയ്ക്കും പല സമയത്താണ് അനസ്തേഷ്യ നല്‍കുന്നത്. ഡോക്ടറുടെ നിര്‍ദേശങ്ങള്‍ എല്ലാം പാലിക്കുക. ജനറല്‍ അനസ്തേഷ്യ ആണെങ്കില്‍ 24 മണിക്കൂര്‍ സമയത്തേക്ക് വെള്ളം പോലും കുടിയ്ക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ശ്വാസകോശത്തിലേക്ക് ഭക്ഷണമോ വെള്ളമോ കടക്കാതിരിക്കാനാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നത്.
വ്യായാമം ചെയ്യുക
ശസ്ത്രക്രിയയ്ക്ക് മുന്‍പായി തയ്യാറെടുപ്പ് എന്ന നിലയില്‍ ശരീര ആരോഗ്യം ശ്രദ്ധിക്കുക. ക്യത്യമായ വ്യായാമത്തിലൂടെ ഓപ്പറേഷനായി തയ്യാറെടുക്കാവുന്നതാണ്. വ്യായാമം ചെയ്യുന്നതിലൂടെ മനസിലെ പേടിയും ആശങ്കയും കുറയും. ചെറിയ നടത്തം, നീന്തല്‍, സൈക്ലിങ് എന്നിവ ശീലമാക്കുക. സര്‍ജറിക്ക് മുന്‍പ് എന്തെല്ലാം വ്യായാമങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഡോക്ടറോട് ചോദിക്കുന്നത് ഉത്തമമായിരിക്കും.
ശസ്ത്രക്രിയയ്ക്കായി പുറപ്പെടുമ്പോള്‍ ആശുപ്ത്രിയിലേക്ക് കൂടെ ഒരാളെ കൂടി കൂട്ടുക. നഖങ്ങള്‍ വെട്ടി കൈകാലുകള്‍ വ്യത്തിയാക്കുക. ആശുപത്രിയില്‍ ഇടാന്‍ അയഞ്ഞ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. ശസ്ത്രക്രിയയ്ക്ക് ശേഷം തിരികെ വീട്ടിലെത്തുമ്പോള്‍ കിടക്കാനുള്ള മുറി നേരത്തേ തയ്യാറാക്കിയിടാന്‍ നിര്‍ദേശം നല്‍കുക.