spot_img

മാസം തികയാതെയുള്ള പ്രസവം; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നവംബര്‍ 17, ലോക പ്രീ മെച്ച്വരിറ്റി ദിനമാണ്. എന്തിനാണ് ഇങ്ങനെയൊരു ദിവസമെന്നും ഈ ദിനം ആചരിക്കുന്നതിന്റെ കാരണമെന്താണെന്നും നോക്കാം.

40 ആഴ്ച പൂര്‍ത്തിയായി വേണം ഒരു കുഞ്ഞ് ഭൂമിയിലേക്ക് ജനിച്ചു വീഴാന്‍. 37 ആഴ്ച തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെയാണ് പ്രീമെച്വര്‍ ന്യൂ ബോണ്‍ അഥവാ മാസം തികയാത്ത നവജാത ശിശു എന്നു പറയുന്നത്. ലോകത്തു ജനിക്കുന്ന 10 കുട്ടികളില്‍ ഒരാള്‍ മാസം തികയാതെ ജനിക്കുന്നു. ഒരു വര്‍ഷം ഒന്നരക്കോടി കുട്ടികളാണ് ഇപ്രകാരം ഭൂമിയില്‍ ജനിക്കുന്നത്. ഇവരില്‍ പത്ത് ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ ഒരു വയസ്സിനുള്ളില്‍ത്തന്നെ മരിച്ചുപോകുന്നു. പത്ത് ലക്ഷം കുഞ്ഞുങ്ങളെന്നാല്‍ പത്ത് ലക്ഷം കുടുംബങ്ങള്‍ കൂടിയാണ്. ഈ കുഞ്ഞുങ്ങള്‍ രക്ഷപ്പെട്ടാല്‍ തന്നെ അവരുടെ ബുദ്ധി വളര്‍ച്ചയ്ക്കും മാനസിക വളര്‍ച്ചയ്ക്കും കേള്‍വിക്കും കാഴ്ചയ്ക്കും വൈകല്യങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ലോകത്തൊട്ടാകെ ഒന്നരക്കോടി കുടുംബങ്ങള്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ഇത്തരം വൈകല്യങ്ങള്‍ കാരണം പ്രയാസം അനുഭവിക്കുന്നുണ്ട്. ഇതേക്കുറിച്ച് എല്ലാവര്‍ക്കും വ്യക്തമായ അറിവും അവബോധവുമുണ്ടാകാനാണ് 2008 മുതല്‍ നവംബര്‍ 17 ലോക പ്രീ മെച്വരിറ്റി ദിനമായി ആചരിക്കുന്നത്.

എങ്ങനെയാണ് ഇത്തരം ജനനങ്ങള്‍ സംഭവിക്കുന്നത് ? മിക്ക കേസുകളിലും കൃത്യമായൊരു കാരണം കണ്ടെത്താന്‍ കഴിയില്ലെങ്കിലും ചില കേസുകളില്‍ അമ്മയ്ക്കുണ്ടാകുന്ന ഇന്‍ഫെക്ഷനുകളോ പ്രമേഹം, രക്താതി സമ്മര്‍ദ്ദം പോലെയുള്ള രോഗങ്ങളോ ഇതിനു കാരണമാകാറുണ്ട്. വന്ധ്യതാ ചികിത്സയിലൂടെ കുട്ടികള്‍ ജനിക്കുമ്പോഴും ഓരോ ഗര്‍ഭത്തിലും ഒന്നിലധികം കുട്ടികളുണ്ടാകുന്ന സാഹചര്യത്തിലും ഇതുപോലെ മാസം തികയാതെ പ്രസവിക്കാന്‍ സാധ്യതയുണ്ട്.

28-32 ആഴ്ചക്കുള്ളിലാണെങ്കില്‍ very pre-term എന്നും 32-37 ആഴ്ചക്കുള്ളിലാണെങ്കില്‍ moderate pre-term എന്നും പറയും. ആഴ്ചകളുടെ എണ്ണം കുറയുന്തോറും കുട്ടിക്ക് വൈകല്യവും ജീവന് അപകടവും ഉണ്ടാകാനുള്ള സാധ്യത കൂടുന്നു. ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക് ശ്വാസകോശത്തിന് വേണ്ടത്ര വികാസമുണ്ടാകാത്തതിനാല്‍ ശ്വാസമെടുക്കാന്‍ പ്രയാസമുണ്ടാകുന്നു. മുലപ്പാല്‍ കുടിക്കുന്നതിനും കുഞ്ഞുങ്ങളുടെ ദഹന വ്യവസ്ഥയ്ക്കും പ്രയാസം നേരിടുന്നു. കുഞ്ഞിന് ഭാരക്കുറവുള്ളതിനാല്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടാകാനും അത് കുഞ്ഞിന്റെ ബുദ്ധി വികാസത്തെ ബാധിക്കാനും സാധ്യതയുണ്ട്. കാഴ്ചയ്ക്കു പ്രയാസമുണ്ടാകുന്ന റെറ്റിനോപ്പതി ഓഫ് പ്രീ മെച്വരിറ്റി എന്ന അവസ്ഥയുണ്ടാകാനും, കേള്‍വിക്കു ബുദ്ധിമുട്ടുണ്ടാകാനും, സെറിബ്രല്‍ പാര്‍സി പോലുള്ള അവസ്ഥകളുണ്ടാകാനും തലച്ചോറിനുണ്ടാകുന്ന ക്ഷതം കാരണമായേക്കും.

ശ്വാസകോശം ആവശ്യത്തിന് വികാസം പ്രാപിക്കാത്തതിനാല്‍ കുഞ്ഞിന് കൃത്രിമമായി ശ്വാസം നല്‍കുകയോ ഓക്സിജന്‍ ലഭ്യമാക്കുകയോ ചെയ്യുന്നു. ശരീരത്തിനു മഞ്ഞ നിറം കൂടി കരളിനെയും തലച്ചോറിനെയും ബാധിക്കാനുള്ള സാധ്യതയും ഇത്തരം കുഞ്ഞുങ്ങള്‍ക്കുണ്ട്. മുലപ്പാല്‍ ദഹിക്കാതെയുള്ള പ്രയാസങ്ങളുമുണ്ടാകുന്നു. അതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ദീര്‍ഘനാള്‍ വെന്റിലേറ്ററില്‍ കിടക്കേണ്ടി വരുന്നു. ഇത്തരത്തിലുള്ള പലതരം ബുദ്ധിമുട്ടുകളിലൂടെയാണ് ഓരോ കുഞ്ഞും കുടുംബവും കടന്നു പോകുന്നത്. 28 ആഴ്ചയ്ക്ക് മുന്‍പ് ജനിക്കുന്ന കുട്ടികള്‍ക്ക് മാസങ്ങളോളം ആശുപത്രിയില്‍ തങ്ങേണ്ടി വരുന്നു. എന്നാല്‍ അതോടെ പ്രശ്നങ്ങള്‍ ഒഴിയുന്നുമില്ല. പിന്നീടും നിരവധി രോഗാവസ്ഥകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പരിശോധനകള്‍ കൃത്യമായി നടത്തണം. കാഴ്ചയ്ക്കും കേള്‍വിയ്ക്കും കുഴപ്പമില്ലെന്ന് വിദഗ്ധരായ ഡോക്ടര്‍മാരെ കണ്ട് പരിശോധിച്ച് ഉറപ്പു വരുത്തണം. കുഞ്ഞിനെ അമ്മയുടെയോ അച്ഛന്റെയോ നെഞ്ചില്‍ കിടത്തി വേണം ഉറക്കാന്‍. കുഞ്ഞിന് അസഹനീയമായ തണുപ്പ് അനുഭവപ്പെടുന്നതിനാലാണിത്. അല്ലാത്ത സമയങ്ങളില്‍ ആവശ്യത്തിന് ചൂട് ലഭിക്കുന്ന രീതിയില്‍ വസ്ത്രധാരണം ചെയ്യുകയും ശ്രദ്ധിക്കുകയും ചെയ്യണം. തലയില്‍ ക്യാപ്പും കൈയിലും കാലിലും സോക്സുകളും ഉപയോഗിക്കണം. കുഞ്ഞിന് രണ്ട്, മൂന്ന് വയസ്സാകുന്നതുവരെ ഇവയെല്ലാം ശ്രദ്ധിക്കണം. ആവശ്യത്തിന് മുലപ്പാലും, ഇരുമ്പ്, കാത്സ്യം എന്നിവയും ലഭ്യമാക്കണം. കുഞ്ഞുങ്ങള്‍ക്ക് പ്രായത്തിനനുസരിച്ച് വാക്സിനേഷനുകള്‍ ലഭ്യമാക്കാനും പ്രത്യേകം ജാഗ്രത പാലിക്കണം. അതീവ ശ്രദ്ധയോടെ മാത്രമേ മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളെ ആരോഗ്യകരമായ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയുകയുള്ളൂ.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.