spot_img

പോസ്റ്റ് പാര്‍ടം ഡിപ്രഷന്‍ അഥവാ പ്രസവ ശേഷമുള്ള മാനസിക ബുദ്ധിമുട്ട്; വേണ്ടത് കുടുംബത്തിന്റെ പിന്തുണ

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ / അനുഗൃഹീതമായ സമയം അവള്‍ അമ്മയാകുന്ന കാലമാണ്. പലപ്പോഴും പ്രസവം കഴിഞ്ഞുള്ള ദിവസങ്ങളില്‍ സ്ത്രീകള്‍ കുഞ്ഞുങ്ങളെ ശ്രദ്ധിക്കുന്നില്ല. പാല്‍ കൊടുക്കുന്നില്ല, വെറുതെയിരുന്ന് കരയുന്നു, പെട്ടെന്ന് ദേഷ്യം വരുന്നു എന്നൊക്കെയുള്ള കാരണങ്ങള്‍ പറഞ്ഞ് അവരെ കൗണ്‍സിലിങിന് കൊണ്ടു വരാറുണ്ട്. സൗന്ദര്യം നഷ്ടമാകുമെന്നു കരുതിയാണ് പാല്‍ കൊടുക്കാത്തത്, ഉത്തരവാദിത്തവും അനുഭവപരിചയവും ഇല്ലാത്തതു കൊണ്ടാണ് കുഞ്ഞിനെ ശ്രദ്ധിക്കാത്തത് എന്നൊക്കെയാണ് കൂടെ വരുന്നവര്‍ പറയുന്നത്. എന്നാല്‍ വാസ്തവം ഇതല്ല. പ്രസവം കഴിഞ്ഞ 50 ശതമാനം സ്ത്രീകളും പോസ്റ്റ് പാര്‍ടം ഡിപ്രഷന്‍ എന്നൊരു മാനസിക പ്രയാസത്തിലൂടെ കടന്നു പോകാറുണ്ട്. ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍, തൈറോയിഡ് തുടങ്ങിയ ഹോര്‍മോണുകളിലുണ്ടാകുന്ന വ്യതിയാനമാണ് പോസ്റ്റ് പാര്‍ടം ഡിപ്രഷനു കാരണമാകുന്നത്.

കാരണമില്ലാതെ കരയുക, ദേഷ്യം വരുക, കുട്ടിയോട് അകല്‍ച്ച തോന്നുക, കുട്ടിയെ ഉപദ്രവിക്കുക, ആത്മഹത്യാ പ്രേരണ, താന്‍ ഒരു മോശം അമ്മയാണെന്ന തോന്നല്‍, ആരും തന്നെ അംഗീകരിക്കുന്നില്ല എന്നിവയാണ് ലക്ഷണങ്ങള്‍. ഭൂരിഭാഗം സ്ത്രീകള്‍ക്കും രണ്ടാഴ്ചയോളം ഈ പ്രശ്നങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ രണ്ടാഴ്ചയ്ക്കു ശേഷവും ഇത് തുടരുകയാണെങ്കില്‍ അത് പോസ്റ്റ് പാര്‍ടം ഡിപ്രഷനാണെന്നു സംശയിക്കണം.

പോസ്റ്റ് പാര്‍ടം സൈക്കോസിസ് എന്ന മറ്റൊരു അവസ്ഥയുമുണ്ട്. വളരെ ശക്തമായ വൈകാരിക പ്രകടനങ്ങളാണ് ഈ അവസ്ഥയിലുള്ളവര്‍ പ്രകടിപ്പിക്കുക. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നു തോന്നുക (hallucination), ചെവിയില്‍ അശരീരികള്‍ കേള്‍ക്കുക, കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുക എന്നിവയാണ് ലക്ഷണങ്ങള്‍. ഈ അവസ്ഥയില്‍ കുട്ടികളെ കൊന്നു കളഞ്ഞ അമ്മമാര്‍ പോലുമുണ്ട്.

ഹോര്‍മോണ്‍ വ്യതിയാനങ്ങളും പരമ്പരാഗതമായ കാരണങ്ങളും ഇതിനു പിന്നിലുണ്ട്. പ്രസവ സമയത്ത് വളരെയധികം സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കും പോസ്റ്റ് പാര്‍ടം സൈക്കോസിസ് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ, അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമുക്ക് വളരെ മനോഹരമായ സങ്കല്‍പ്പങ്ങളുണ്ട്. എന്നാല്‍ എല്ലാ സ്ത്രീകള്‍ക്കും തുടക്കത്തില്‍ തന്നെ കുഞ്ഞുമായി അങ്ങനെയൊരു ബന്ധം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞെന്നുവരില്ല. അത് അവര്‍ക്ക് നിരാശയും കുറ്റബോധവും ഉണ്ടാക്കിയേക്കും. താനൊരു മോശം അമ്മയാണെന്ന തോന്നലില്‍ നിന്നും പോസ്റ്റ് പാര്‍ടം ഡിപ്രഷന്‍ ഉണ്ടാവാം.

വളരെ അപകടകരമായ അവസ്ഥയാണിവ. ശരിയായ ചികിത്സ ലഭ്യമാക്കിയാല്‍ പരിഹരിക്കാവുന്നതുമാണ്. കൗണ്‍സിലിങ്, ടോക് തെറാപ്പി എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്ന ചികിത്സാ രീതി. മരുന്ന് ആവശ്യമുള്ളവര്‍ക്ക് മരുന്ന് ചികിത്സയും ചെയ്യാറുണ്ട്. കുടുംബത്തിലുള്ള മറ്റുള്ളവര്‍ക്കും കൗണ്‍സിലിങ് കൊടുക്കാറുണ്ട്. കുടുംബത്തിലുള്ളവരും പ്രിയപ്പെട്ടവരും സുഹൃത്തുക്കളും ഈ അവസ്ഥയില്‍ കൂടെയുണ്ടെന്ന തോന്നലും പിന്തുണയും അവരെ ഒരു പരിധിവരെ ഈ അവസ്ഥയില്‍ നിന്ന് പുറത്തു കടക്കാന്‍ സഹായിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.