spot_img

പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് ഡിസോര്‍ഡര്‍; ലക്ഷണങ്ങളും ചികിത്സയും

നാമൊരു വലിയ ദുരന്തത്തെ നേരിട്ടിട്ട് ഒരു മാസമേ ആകുന്നുള്ളൂ. നിരവധിയാളുകള്‍ക്ക് വീടും സ്ഥലവും പ്രിയപ്പെട്ടവരെയുമെല്ലാം നഷ്ടമായി. ആളുകള്‍ ദുരന്തത്തില്‍ നിന്ന് പുറത്തുകടക്കുകയാണ്. ഇതിന്റെ ഒരു രണ്ടാം ഘട്ടമെന്ന നിലയില്‍ സംഭവിക്കാന്‍ പോകുന്നത് ദുരന്തമനുഭവിച്ചവര്‍ക്കുണ്ടാകുന്ന മാനസിക പ്രയാസങ്ങളാണ്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് ഡിസോര്‍ഡര്‍ (PTSD) എന്നാണ് ഇതിനു പറയുന്നത്. വ്യക്തികള്‍ എന്തെങ്കിലും ദുരന്തം നേരിടുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന മാനസിക പ്രശ്നങ്ങളെയാണ് പിടിഎസ്ഡി എന്നു പറയുന്നത്. അത് എപ്പോഴും പ്രകൃതി ദുരന്തമാവണമെന്നില്ല. ഒരു ആക്സിഡന്റോ, പ്രിയപ്പെട്ടവരുടെ മരണമോ, ലൈംഗിക പീഡനമോ എന്തുമാവാം. ആ ദുരന്തം അവര്‍ നേരിട്ടു കാണണമെന്നോ അതിനു ഇരയാകണമെന്നോ ഇല്ല. നമ്മുടെ പ്രിയപ്പെട്ടവരുടെ അത്തരം വിവരങ്ങള്‍ ഫോണിലൂടെ കേള്‍ക്കുകയോ ടിവിയിലൂടെ കാണുന്നതോ പോലും പിടിഎസ്ഡിയിലേക്ക് എത്തിച്ചേക്കാം. സാധാരണ ഇത്തരം ദുരന്തങ്ങള്‍ നമ്മള്‍ കുറേ ദിവസങ്ങള്‍ക്കു ശേഷം മെല്ലെ മറന്നുപോകുന്നു. എന്നാല്‍ ഇവിടെ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ വളരെ വ്യക്തമായി ദിവസങ്ങളോളം ഇവരെ അലട്ടുകയും ഇവരുടെ ശാരീരിക-മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.

പിടിഎസ്ഡിക്കു നാലു ലക്ഷണങ്ങളാണുള്ളത്.

1. ഓര്‍മ്മകള്‍ നിരന്തരം ശല്യം ചെയ്യുന്നതായിരിക്കും ഒന്നാമത്തെ ലക്ഷണം. ദുരന്തവുമായി ബന്ധപ്പെട്ട ഓര്‍മകള്‍ എപ്പോഴും, ഉറക്കത്തില്‍ സ്വപ്നങ്ങളായും മറ്റും സദാ അലട്ടുന്നതാണ് ആദ്യത്തെ സൂചന.

2. ഒഴിവാക്കുക : ദുരന്തവുമായി ബന്ധപ്പെട്ട സ്ഥലം, സാഹചര്യം എന്നിവ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് രണ്ടാമത്തെ ലക്ഷണം. അവ വീണ്ടും വീണ്ടും കാണാനോ അഭിമുഖീകരിക്കാനോ കഴിയാതെവരുന്നു. ആ സാഹചര്യത്തിലെത്തിപ്പെട്ടാല്‍ പ്രക്ഷുബ്ധരാകുന്നു.

3. നെഗറ്റീവ് ചിന്തകളും വികാരങ്ങളും : എല്ലായ്പ്പോഴും നെഗറ്റീവായ ചിന്തകളും വികാരങ്ങളും ഉണ്ടാകുന്നു. നമ്മളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും മോശമായി മാത്രം ചിന്തിക്കുക, ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ലാതിരിക്കുക എന്നിവയും ഇതിന്റെ ഭാഗമായുണ്ടാകുന്നു. പുതിയ സൗഹൃദങ്ങള്‍ സൃഷ്ടിക്കാനോ ഉള്ളത് നിലനിര്‍ത്താനോ കഴിയാതെവരുക.

4. ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ : ഉറക്കക്കുറവ്, പെട്ടെന്ന് ദേഷ്യം വരിക, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ വരിക, പ്രക്ഷുബ്ധമായി പെരുമാറുക എന്നിവയാണ് ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങള്‍.

പിടിഎസ്ഡി എപ്പോള്‍ വേണമെങ്കിലും പ്രത്യക്ഷപ്പെടാം. ദിവസങ്ങള്‍ക്കോ മാസങ്ങള്‍ക്കോ ശേഷവും പിടിഎസ്ഡി കണ്ടെത്താറുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം പിടിഎസ്ഡി കണ്ടെത്തിയ സാഹചര്യങ്ങളുമുണ്ട്. സാധാരണയായി ദുരന്തമുണ്ടായി കുറച്ചു നാളത്തേക്ക് ആ ഓര്‍മകള്‍ മൂലം പ്രയാസമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ഒരു മാസത്തിലധികം അലട്ടുന്നുണ്ടെങ്കില്‍ പിടിഎസ്ഡി ആണെന്നു സംശയിക്കുകയും ചികിത്സ തേടുകയും ചെയ്യണം. കൗണ്‍സിലിങും തെറാപ്പികളുമാണ് പിടിഎസ്ഡിയുടെ പ്രധാന ചികിത്സ. ചിലര്‍ക്ക് മരുന്ന് ചികിത്സയും ആവശ്യമായി വരും.

കുട്ടികളിലെ പിടിഎസ്ഡിയുടെ ലക്ഷണങ്ങള്‍ മേല്‍പ്പറഞ്ഞവയല്ല. അവര്‍ പലപ്പോഴും ദുരന്തത്തിന്റെ ഓര്‍മകള്‍ പ്രകടിപ്പിക്കുന്നത് കളികളിലൂടെയാണ്. അവരുടെ നെഗറ്റീവ് വികാരങ്ങളുടെ പ്രകടനങ്ങളും കളികളിലൂടെയായിരിക്കും. അതിനാല്‍ പ്ലേ തെറാപ്പിയാണ് കുട്ടികള്‍ക്കുള്ള ചികിത്സയായി ഉപയോഗിക്കുന്നത്.

പിടിഎസ്ഡി തിരിച്ചറിയപ്പെടാതെ പോയി ആത്മഹത്യ ചെയ്യുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. അതിനാല്‍ ഈ ലക്ഷണങ്ങള്‍ നിങ്ങളെയോ പ്രിയപ്പെട്ടവരെയോ അലട്ടുന്നുണ്ടെങ്കില്‍ എത്രയും വേഗം ചികിത്സ തേടുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.