spot_img

പോണ്‍ അഡിക്ഷന്‍: അറിയേണ്ടതെല്ലാം

പോണ്‍ അഡിക്ഷന്‍ എന്താണെന്നു പറയുന്നതിനു മുമ്പ് സ്‌ക്രീന്‍ അഡിക്ഷന്‍ എന്താണെന്നു നോക്കാം. വിശ്വപ്രസിദ്ധമായ ഒരു കേസ് റിപ്പോര്‍ട്ട് ഇവിടെ പറയുന്നത് കാര്യം മനസ്സിലാക്കാന്‍ പ്രയോജനകരമായിരിക്കും. ഡാനി ബോമാന്‍ എന്ന ബ്രിട്ടീഷുകാരനായ കൗമാരക്കാരന്റെ ജീവിതത്തിലുണ്ടായ സംഭവമാണ് പിന്നീട് സെല്‍ഫിയൈറ്റിസ് എന്ന വാക്കുണ്ടാകാന്‍ പോലും കാരണമായത്. ഡാനി ബോമാന് ഒരു ഐ ഫോണുണ്ടായിരുന്നു. 15 വയസു മുതല്‍ ഡാനി ബോമാന്‍ തന്റെ ഐ ഫോണില്‍ സെല്‍ഫികളെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. 19 വയസായപ്പോഴേക്കും ഇത് ഡാനിയ്ക്ക് ഒരു അസുഖമായിത്തീര്‍ന്നു. തന്റെ മനോഹരമായ സെല്‍ഫികളെടുക്കാന്‍ ഡാനി ദിവസവും 10 മണിക്കൂറിലധികം ചെലവഴിച്ചു. ഏതാണ്ട് 200 മുതല്‍ 300 വരെ സെല്‍ഫികള്‍ ഡാനി എടുത്തിരുന്നു. മനോഹരമായ സെല്‍ഫികള്‍ എടുക്കാന്‍ കഴിയാതെ ഡാനി വിഷാദത്തിന് അടിമപ്പെട്ടു. ഡാനി വിഷാദരോഗിയായി. പഠനമുപേക്ഷിച്ചു. ആറു മാസത്തോളം വീട്ടില്‍ത്തന്നെ അടച്ചിരുന്ന് സെല്‍ഫികളെടുക്കാന്‍ തുടങ്ങി. അങ്ങനെ വിഷാദത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഡാനി ഉറക്കഗുളികള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ഡാനിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. പിന്നീട് ഡാനി ബോമാന്റെ ജീവിതത്തിലുണ്ടായ ഈ സംഭവം ലോകത്തുടനീളം ചര്‍ച്ച ചെയ്യപ്പെട്ടു.

ഇലക്ട്രോണിക് ഉപകരണങ്ങളോടുള്ള അഡിക്ഷന്‍ അഥവാ അടിമത്വം മദ്യത്തോടും മയക്കുമരുന്നിനോടുമുള്ള ജീവശാസ്ത്രപരമായ അടിമത്വത്തിനു സമാനമാണെന്ന് പിന്നീട് കണ്ടുപിടിക്കപ്പെട്ടു. ഇവരുടെ തലച്ചോറിലുണ്ടാകുന്ന ഘടനാപരമായ വ്യത്യാസം മദ്യപാനത്തിനും പുകവലിക്കും, ബിഹേവിയറല്‍ ഡിസോര്‍ഡേഴ്സായ ചൂതുകളി, സ്‌ക്രീന്‍ അഡിക്ഷന്‍, പോണ്‍ അഡിക്ഷന്‍ എന്നിവയ്ക്കു അടിമപ്പെട്ട വ്യക്തികളുടെ തലച്ചോറിലുണ്ടാകുന്ന ഘടനാപരമായ വ്യത്യാസങ്ങളുടേതിനു സമാനമാണെന്ന് കണ്ടെത്തി.

ഇലക്ട്രോണിക് മീഡിയയെത്തുടര്‍ന്നുണ്ടായ മറ്റൊരു അഡിക്ഷനാണ് പോണ്‍ അഡിക്ഷന്‍. ലൈംഗികത വിഷയമാക്കുന്ന, ലൈംഗികത മറയില്ലാതെ കാണിക്കുന്ന സിനിമകളെയാണ് പോണ്‍ സിനിമകള്‍ എന്ന് പറയുന്നത്. പോണ്‍ സിനിമകള്‍ കാണുന്ന ശീലം കൂടുതലും പുരുഷന്മാരിലാണ് കണ്ടുവരുന്നത്. ഒരു പരിധിവരെ പോണ്‍ സിനിമകള്‍ കാണുന്നത് ലൈംഗിക വിദ്യാഭ്യാസത്തിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും നല്ലതാണ്. എന്നാല്‍ പോണ്‍ സിനിമകള്‍ തുടര്‍ച്ചയായി കാണുന്ന ശീലം നല്ലതല്ല. ഇവ മണിക്കൂറുകളോളം കാണുക, ഇവ കാണുന്നതുകൊണ്ട് ഒരാളുടെ ദൈനംദിന കാര്യങ്ങള്‍ തടസ്സപ്പെടുക, ജോലിയില്‍ പ്രശ്നങ്ങളുണ്ടാകുക, ഉറക്കക്കുറവുണ്ടാകുക, വിലയേറിയ സമയം നഷ്ടപ്പെടുക എന്നിവ സംഭവിച്ചുകഴിഞ്ഞാല്‍ ഇത് ഒരു ബിഹേവിയറല്‍ അഡിക്ഷന്‍ അഥവാ പെരുമാറ്റവുമായി ബന്ധപ്പെട്ട അഡിക്ഷന്‍ ആണെന്നു പറയാം. മദ്യാസക്തിയുള്ളവരില്‍ കാണുന്ന ലക്ഷണങ്ങള്‍ ഇവരിലും കണ്ടുവരുന്നു. അതായത് പിന്നെയും പിന്നെയും കാണാനുള്ള ത്വര, കാണാന്‍ പറ്റാതെ വരുമ്പോഴുള്ള പ്രയാസം, പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ എന്നിവ പോണ്‍ അഡിക്ഷനുള്ളവരും പ്രകടിപ്പിക്കുന്നു.

യഥാര്‍ത്ഥത്തില്‍ എന്താണ് തലച്ചോറില്‍ സംഭവിക്കുന്നത്? നമുക്ക് ആനന്ദം നല്‍കുന്ന ഒരു സര്‍ക്യൂട്ട് തലച്ചോറിലുണ്ട്. ഇതിനെ റിവാര്‍ഡ് പാത്ത് വേ എന്നു വിളിക്കുന്നു. ഇവിടെ ഡോപമിന്‍ എന്ന് പേരുള്ള ഒരു കെമിക്കല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഡോപമിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുമ്പോഴാണ് നമുക്ക് സന്തോഷം ലഭിക്കുന്നത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമ്പോഴോ, ഇഷ്ടപ്പെട്ടവരെ കാണുമ്പോഴോ ഒക്കെ ഈ ഡോപമിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇത് വളരെ ജൈവികമായ ഒരു പ്രവൃത്തിയാണ്. എന്നാല്‍ തുടര്‍ച്ചയായി പോണ്‍ സിനിമകള്‍ കാണുമ്പോഴും, ഇലക്ട്രോണിക്-സാമൂഹ്യ മാധ്യമങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുമ്പോഴും ഈ റിവാര്‍ഡ് പാത്ത് വേയെ ഇവ ഹൈജാക്ക് ചെയ്യുന്നു. പിന്നെ മറ്റെന്തു ചെയ്താലും നമുക്ക് ആനന്ദം ലഭിക്കാത്ത അവസ്ഥയുണ്ടാകുന്നു. എന്ത് സന്തോഷമുണ്ടായാലും അതിനും മുകളില്‍ പോണ്‍ സിനിമ കാണാനും മൊബൈലില്‍ നോക്കാനുമുള്ള പ്രവണത മുന്നിട്ടുനില്‍ക്കുന്നു. പോണ്‍ അഡിക്ഷന്‍, സ്‌ക്രീന്‍ അഡിക്ഷന്‍, മൊബൈല്‍ അഡിക്ഷന്‍, സെല്‍ഫി അഡിക്ഷന്‍ ഇങ്ങനെ പല പദങ്ങളിലും ഇത് അറിയപ്പെടുന്നു. ഇത് നമ്മുടെ സ്വാഭാവിക ജീവിതത്തെ തടസ്സപ്പെടുത്തുകയും ചികിത്സ തേടേണ്ടി വരികയും വരുന്നു. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് അക്കാദമികതലത്തില്‍ ഒരുപാട് മുന്നോട്ടുപോകാന്‍ കഴിയാതെ വരുന്നു. സ്‌ക്രീനില്‍ അധികസമയം നോക്കിയിരിക്കുന്നത് മറ്റു ശാരീരിക പ്രശ്നങ്ങളുമുണ്ടാക്കുന്നു. ഇത് ഉറക്കത്തെയും കാഴ്ചയെയും ബാധിക്കുകയും ചെയ്യുന്നു.

പോണ്‍ അഡിക്ഷന്‍ യുവാക്കളിലും കുട്ടികളിലുമാണ് കൂടുതല്‍ കണ്ടുവരുന്നത്. ഇതിനുള്ള ചികിത്സ സിബിടി (കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി) ആണ്. അവരുടെ പരിസരങ്ങളെയും ശീലങ്ങളെയും മനസ്സിലാക്കി പെരുമാറ്റരീതി പരിഷ്‌ക്കരിക്കുന്ന സൈക്കോ തെറാപ്പിയാണ് സിബിടി. മദ്യപാന രോഗികളില്‍ ഉപയോഗിക്കുന്ന എംഇടി (മോട്ടിവേഷണല്‍ എന്‍ഹാന്‍സ്മെന്റ് തെറാപ്പി)യും ഇവരില്‍ ഉപയോഗിക്കുന്നു. പലര്‍ക്കും വിഷാദരോഗവും അമിത ഉല്‍ക്കണ്ഠയും ഉണ്ടാകും. അങ്ങനെയുള്ളവര്‍ക്ക് ഔഷധ ചികിത്സ വളരെ അത്യാവശ്യമാണ്. പോണ്‍ അഡിക്ഷന്‍ പലപ്പോഴും ഒരു ധാര്‍മിക പ്രശ്നമെന്ന തലത്തില്‍ നിന്നും ജീവശാസ്ത്ര പ്രശ്നമെന്ന തലത്തിലേക്ക് മാറുന്നുണ്ട്. അവര്‍ക്ക് മാനസിക ചികിത്സതന്നെ വേണ്ടിവരും. അതിനാല്‍ അധ്യാപകരും അച്ഛനമ്മമാരും ഇലക്ട്രോണിക് മീഡിയയുമായി ബന്ധപ്പെട്ട അഡിക്ഷനുകളെക്കുറിച്ച് ജാഗരൂകരായിരിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.