spot_img

പൊങ്കാലയിടുമ്പോൾ

ഇത്തവണ ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ ഭക്തിപൂർവ്വം പൊങ്കാലയിടാനെത്തുന്നത് നാൽപത് ലക്ഷത്തിലധികം സ്ത്രീകൾ. ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയായി ഗിന്നസ് ബുക്കിൽ വരെ ഉൾപ്പെട്ട മാമാങ്കം. ആഗ്രഹസാഫല്യത്തിനും ഉപകാര സ്മരണക്കും നാം നമ്മെത്തന്നെ സമർപ്പിക്കുമ്പോൾ ചില ആരോഗ്യ കാര്യങ്ങൾ കൂടി മറക്കാതെ ശ്രദ്ധിക്കണം.

▪ചൂടുകാലത്ത് സൂര്യന്റെ നേർ രശ്മി പതിച്ചും , അടുത്തുള്ള അടുപ്പുകളിൽ നിന്ന് പതിവില്ലാതെ ചൂട് ശരീരത്തിൽ പതിച്ചും , തലക്കറക്കവും സൂര്യാഘാതവും ഉണ്ടാവാനിടയുണ്ട്.

▪പൊങ്കാലയിടുമ്പോൾ തുണി കൊണ്ട് തലയും മുഖവും മറക്കുക.

▪കോട്ടൺ തുണിത്തരങ്ങളും ഇളം നിറത്തിലുള്ള വസ്ത്രങ്ങളും തിരഞ്ഞെടുക്കുക.

▪ തൊങ്ങലുകളും നീളം കൂടിയതുമായ വസ്ത്രങ്ങൾ കഴിവതും ഒഴിവാക്കുക.

▪ ആളിപ്പടരുന്ന ചൂട്ട് ഒഴിവാക്കുക.

▪ധാരാളം വെള്ളം കുടിക്കുക. വ്രതം കാരണം അന്നേ ദിവസം ജലപാനം ചെയ്യാതിരിക്കുന്നവർ തലേ ദിവസവും പൂജയ്ക്കു ശേഷവും ധാരാളം വെള്ളം കുടിക്കുക.വെറും വെള്ളത്തിനു പകരം ഉപ്പിട്ട കഞ്ഞിവെള്ളമോ മോരോ നാരങ്ങാ വെള്ളമോ ഉപയോഗിക്കാവുന്നതാണ്.

▪വഴിയോരങ്ങളിലെ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക.

▪മുഖത്തും കൈകളിലും കാലുകളിലും സൺ സ്ക്രീൻ ഉപയോഗിക്കുക.

▪ കുടകൾ ഉപയോഗിക്കുന്നതും തൊപ്പി ധരിക്കുന്നതും സൂര്യാഘാതം തടയാൻ സഹായിയ്ക്കും.

▪പ്രമേഹരോഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വ്രതമെടുത്ത് ഭക്ഷണം ഒഴിവാക്കുന്നവരാണെങ്കിൽ രാവിലത്തെ ഗുളിക ഒഴിവാക്കുന്നതാണ് ഉത്തമം.ഇൻസുലിൻ എടുക്കുന്നവർ രക്തത്തിലെ ഷുഗർ ലെവൽ മുൻകൂട്ടി ടെസ്റ്റ് ചെയ്ത് ഡോക്ടറെ കണ്ട് ഡോസ് ക്രമീകരിക്കണം. പൊങ്കാലക്കു മുമ്പു തന്നെ പ്രമേഹം നിയന്ത്രണത്തിലാണെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച് നമ്മൾ ഉറപ്പു വരുത്തേണ്ടതുണ്ട്.

▪ചെരുപ്പുകൾ നിർബന്ധമായും ധരിക്കണം.

▪ഉത്സവം കഴിഞ്ഞ് അടുത്ത അഞ്ച് ദിവസമെങ്കിലും കാലിന്റെ അടിഭാഗം സ്വയം പരിശോധിക്കണം. പോളങ്ങളോ മുറിവുകളോ ഉണ്ടെങ്കിൽ ഉടനടി ഡോക്ടറുടെ സഹായം തേടണം.

▪തലക്കറക്കം അനുഭവപ്പെട്ടാലുടൻ കിടക്കുക.കാലുകൾ നീട്ടി പറ്റുമെങ്കിൽ കാലുകൾ കുറച്ച് ഉയരത്തിൽ വച്ച് കിടക്കുക. തലക്കറക്ക സമയത്ത് ബോധക്ഷയമുണ്ടാകുന്നതിന് മുമ്പ് തന്നെ കുറച്ച് മധുരം കഴിക്കുന്നത് നല്ലതാണ്. ബോധക്ഷയം വന്ന വ്യക്തിയെ ഒരു കാരണവശാലും തിരിച്ച് ബോധം വരുന്നതു വരെ വെള്ളം കുടിപ്പിക്കാനോ ഭക്ഷണം കഴിപ്പിക്കാനോ പാടില്ല.

▪ തീയിൽ നിന്നും നിശ്ചിത അകലം പാലിക്കുക. മുടി ഉണക്കി കെട്ടി വയ്ക്കാൻ ശ്രദ്ധിക്കണം.പൊള്ളലുകൾ ഉണ്ടായാൽ ഉടനടി മരുന്ന് പുരട്ടുകയോ വെള്ളത്തിൽ കഴുകുകയോ ചെയ്യുക.

▪ഭക്തജന തിരക്കു മൂലമോ പുക ശ്വസിച്ചോ ആസ്ത്മയോ അലർജിയോ ഉള്ളവർക്ക് ശ്വാസം മുട്ട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇൻഹേലർ ഉപയോഗിക്കുന്നവർ അത് കയ്യിൽ കരുതുക.

▪ തിളപ്പിച്ചാറ്റിയ വെള്ളവും നന്നായി കഴുകിയ അരിയും മറ്റ് പദാർത്ഥങ്ങളും ഉപയോഗിക്കുക. നിലത്തു വീണവ ഉപേക്ഷിക്കുക.

▪ കുട്ടികളുമായി പോകുന്നവർ അവർക്കാവശ്യമായ ലഘു പലഹാരങ്ങളും വെള്ളവും തൊപ്പികളും കരുതുക.

▪സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും വരുന്നവർ അവരറിയാതെ തന്നെ രോഗ വാഹകരാകാം എന്നത് കൊണ്ട് നമ്മൾ മാസ്ക് ധരിക്കുന്നതോ തുണി കൊണ്ട് മുഖം മറയ്ക്കുന്നതോ ഉത്തമം.

▪ ഉത്സവത്തിനു ശേഷം ഉണ്ടാകുന്ന ചർദ്ദി,വയറിളക്കം, ശരീരത്തിലെ പാടുകൾ,ചൊറിച്ചിൽ, രണ്ടാഴ്ചയിൽ കൂടുതൽ ചുമ എന്നിവ പകർച്ചവ്യാധികളുടെ ലക്ഷണമാകാം . ഇവ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ
അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.

▪പൊങ്കാലക്കു വരുന്നവർക്ക് ദേവിയുടെ അനുഗ്രഹം അല്ലെങ്കിൽ ശ്രീ ലഭിക്കണമെന്നുണ്ടെങ്കിൽ പരിസരം ശുചിയായി സൂക്ഷിക്കണം എന്ന് കൂടി ഓർക്കുമല്ലോ.

▪ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക.. അവ നിക്ഷേപിക്കാനുള്ള ഇടങ്ങളിൽ നിക്ഷേപിക്കുക. പ്ലാസ്റ്റിക് ഒഴിവാക്കുക .നിങ്ങൾ പോയതിന് ശേഷവും വലിച്ചെറിഞ്ഞ ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നോർക്കുക..

ഏതൊരു ഉത്സവത്തിന്റെയും മാറ്റ് കൂട്ടുന്നത് പരസ്പര വിചാരവും സഹകരണവുമാണ്. നല്ല ആരോഗ്യ വിചാരത്തോടു കൂടി നമുക്കൊരുമിച്ച് പൊങ്കാല ഇനിയും മഹത്തരമാക്കാം

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.