spot_img

ആരോഗ്യമുള്ള തലമുറക്കായി പോളിയോ വാക്സിന്‍

പോളിയോ രോഗത്തിനെതിരായ വാക്സിന്‍ നിര്‍മിച്ച ടീമിലെ പ്രധാനിയായ ജോനസ് ആല്‍കിന്റെ ജന്മദിനം ലോക പോളിയോ ദിനമായി ആചരിക്കുന്നു. ഒക്ടോബര്‍ 24 പോളിയോ ദിനമായി ആചരിക്കാന്‍ മുന്‍കൈയെടുത്തത് റോട്ടറി ഇന്റര്‍നാഷണലാണ്. 1955 ലാണ് ജോനസ് ആല്‍ക് പോളിയോ വാക്സിന്‍ കണ്ടുപിടിച്ചത്. ഐപിവി എന്ന പോളിയോ വാക്സിനാണ് അദ്ദേഹം കണ്ടുപിടിച്ചത്. പിന്നീട് 1961 ലാണ് ആല്‍ബര്‍ട്ട് സാവിന്‍ ഒപിവി അഥവാ ഓറല്‍ പോളിയോ വാക്സിന്‍ കണ്ടുപിടിച്ചത്. ലോകാരോഗ്യ സംഘടനയുടെ അടിസ്ഥാന മരുന്നു പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടമരുന്നാണ് പോളിയോ വാക്സിന്‍.

പോളിയോ വാക്സിന്റെ ഉപയോഗത്തിലൂടെ പോളിയോ രോഗികളുടെ എണ്ണം ഗണ്യമായി കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 1988 ല്‍ ലോകത്താകമാനം മൂന്നര ലക്ഷത്തോളം പോളിയോ കേസുകളുണ്ടായിരുന്നു. ഇത് ഇപ്പോള്‍ വെറും നൂറില്‍ താഴെ മാത്രമാണ്. പോളിയോ തളര്‍ച്ചയുണ്ടാക്കുന്നതും മരണത്തിനു വരെ കാരണമാകുന്ന ഗുരുതരമായ രോഗമാണ്. പോളിയോ വൈറസുകള്‍ മൂന്നു വിധത്തിലാണുള്ളത് – ടൈപ്പ് 1, ടൈപ്പ് 2, ടൈപ്പ് 3.
ഇതില്‍ ടൈപ്പ് 2 വൈറസ് ലോകത്തില്‍ നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ടൈപ്പ് 3 ഏതാണ്ട് നിര്‍മാര്‍ജന പ്രക്രിയയുടെ അവസാന ഘട്ടത്തിലാണ്. ഇപ്പോള്‍ പോളിയോ കേസുകളുണ്ടാകുന്നതിന്റെ കാരണം ടൈപ്പ് 1 വൈറസാണ്.

1988 ലാണ് ലോകാരോഗ്യ സംഘടന ആഗോള പോളിയോ നിര്‍മാര്‍ജന പദ്ധതി ആരംഭിക്കുന്നത്. റോട്ടറി ഇന്റര്‍നാഷണല്‍, സിഡിസി, യൂണിസെഫ്, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ എന്നീ സംഘടനകള്‍ ലോകാരോഗ്യ സംഘടനയുമായി ഈ വിഷയത്തില്‍ സഹകരിച്ചുവരുന്നു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നൈജീരിയ എന്നീ മൂന്നു രാജ്യങ്ങളാണ് ഇന്ന് ലോകത്ത് പോളിയോ പരത്തുന്ന രാജ്യങ്ങള്‍. 1988 നു ശേഷം പോളിയോയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെങ്കിലും ലോകത്തില്‍ ഒരു കുട്ടിക്കെങ്കിലും പോളിയോ രോഗം ഉണ്ടെങ്കില്‍ ലോകത്തെ എല്ലാ കുട്ടികള്‍ക്കും പോളിയോ ബാധ ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നു.

പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത്
പോളിയോ രോഗബാധ ഉണ്ടായ ശേഷമുള്ള ചികിത്സ എളുപ്പമുള്ളതല്ല. എന്നാല്‍ രോഗം പകരാതിരിക്കാന്‍ വാക്സിനേഷന്‍ സഹായിക്കുന്നു. പോളിയോ തളര്‍വാത രോഗമുണ്ടാക്കുന്ന വൈറസിനെതിരായ വാക്സിനാണ് പോളിയോ വാക്സിന്‍. പോളിയോ വാക്സിന്‍ രണ്ടു തരത്തിലുണ്ട് – ഐപിവി, ഒപിവി. നിര്‍ജ്ജീവമായ പോളിയോ വൈറസുകള്‍ ഉപയോഗിച്ചാണ് ഐപിവി നിര്‍മ്മിക്കുന്നത്. ദുര്‍ബലമായ പോളിയോ വൈറസാണ് ഒപിവിയിലുള്ളത്.

ദേശീയ പ്രതിരോധ കുത്തിവെയ്പ് പട്ടിക പ്രകാരം പോളിയോ വാക്സിനേഷന്‍ നല്‍കേണ്ടത് ഇപ്രകാരമാണ്.

1. ജനിക്കുമ്പോള്‍ ബിസിജിയോടൊപ്പം ഒരു ഡോസ് ഒപിവി.

2. ആറാഴ്ചയാകുമ്പോള്‍ ഒപിവിയും ഐപിവിയും ഒരുമിച്ച്.

3. 10 ആഴ്ചയാകുമ്പോള്‍ ഒപിവി.

4. 14 ആഴ്ചയാകുമ്പോള്‍ ഒപിവിയും ഐപിവിയും

5. ഒന്നര വയസ്സിലും അഞ്ചു വയസ്സിലും ഒപിവി

പള്‍സ് പോളിയോ ദിനങ്ങളില്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നതു പോലെ പോളിയോ വാക്സിന്‍ ഇതിനു പുറമേ കൊടുക്കേണ്ടതാണ്. വസൂരി നിര്‍മാര്‍ജനം ചെയ്തതു പോലെ പോളിയോയും ഈ ലോകത്തുനിന്നും പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്യുന്നതു വരെ അഞ്ചു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പോളിയോ വാക്സിന്‍ കൊടുക്കേണ്ടതാണ്. പൂര്‍ണ്ണമായും ഐപിവിയിലേക്ക് മാറണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. സമീപ ഭാവിയില്‍ത്തന്നെ ഈ ലോകത്തുനിന്നും പോളിയോ രോഗം പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.