spot_img

മടി പിടിച്ചിരുന്ന് സമയംകളയുന്നത് മാറ്റാം; ജീവിതം പ്ലാന്‍ ചെയ്യാം

മടി പിടിച്ചിരിക്കാന്‍ ഇഷ്ടമില്ലാത്തവരില്ല. മടി പിടിച്ച് കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാതെ ടിവിയും കണ്ടിരിക്കുന്നത് രസമുള്ള കാര്യമാണ്. എന്നാല്‍ ഇതിന്റെ ഫലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ആയിരിക്കുമെന്ന് മാത്രം. മേലനങ്ങാതെയുള്ള ഇരിപ്പ് മാരക രോഗങ്ങളിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. പൊണ്ണത്തടിയും കൊളസ്‌ട്രോളും പ്രമേഹവും ഹൃദ്രോഗവും ഒക്കെ ഇങ്ങനെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മടി മൂത്ത് ദൈനംദിന ജീവിതത്തെ തന്നെ ബാധിച്ചാല്‍ അത് പിന്നെയും പ്രശ്‌നമാകും. ഇതുകൊണ്ടെന്താ, ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്ത് തീര്‍ക്കാന്‍ സാധിക്കാതെ വരുന്നു.

ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് നീണ്ടു പോവുകയും ചെയ്ത് തീര്‍ത്ത കാര്യങ്ങള്‍ കുറവും ആണെങ്കില്‍ നിര്‍ബന്ധമായും നിങ്ങളുടെ മടി മാറ്റി വെക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് ലോകമെമ്പാടും ആളെ കൊല്ലുന്നതില്‍ നാലാം സ്ഥാനത്താണ് മടി. പുകവലിയും പ്രമേഹവും പൊണ്ണത്തടിയും കവര്‍ന്നെടുക്കുന്ന ജീവനുകളെക്കാള്‍ കൂടുതലാണ് മടി മൂലമുണ്ടാകുന്ന മരണങ്ങള്‍. മറ്റ് രോഗങ്ങളെ വിളിച്ചു വരുത്തുന്നു എന്നത് മാത്രമല്ല മടിയുടെ പ്രശ്‌നങ്ങള്‍. അവനവനോടുള്ള ഇഷ്ടം പോകാനും ആത്മവിശ്വാസം നഷ്ടപ്പെടാനും സര്‍ഗാത്മകത ഇല്ലാതാക്കാനും ഒക്കെ മടി കാരണമാണ്. കുറ്റബോധം, സ്വയം മതിപ്പ് കുറയുക എന്നിവയും മടിയുടെ പരിണത ഫലമാണ്.

മടി പിടിച്ചിരുന്ന് കാലം മുന്‍പോട്ടു പോകുന്നത് നമ്മള്‍ അറിയുന്നില്ല. അത് തിരിച്ചറിയുമ്പോഴേക്കും പലപ്പോഴും വൈകിപ്പോയിരിക്കും. ആഗ്രഹിക്കുന്ന ജീവിതം ജീവിക്കാന്‍ പറ്റാതെ കഷ്ടപ്പെട്ട് പോകും നമ്മള്‍. കുറച്ച് കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഊര്‍ജസ്വലരായ ആ പഴയ നിങ്ങളെ തിരിച്ചു കിട്ടും. ഒരു കാര്യവും നാളത്തേക്ക് മാറ്റി വയ്ക്കാതിരിക്കുക. പല കാര്യങ്ങളും ചെയ്ത് തുടങ്ങി ഒന്നും മുഴുമിപ്പിക്കാതെ ഇരിക്കുന്ന അവസ്ഥ ഒഴിവാക്കുക. ഇതിനായി ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ ചെറിയൊരു നോട്ട് തയാറാക്കാം.

എന്തൊക്കെയാണ് നിങ്ങളുടെ പ്ലാനുകള്‍ എന്നും എന്താണ് നിങ്ങള്‍ക്ക് നേടേണ്ടത് എന്നും കൃത്യമായി എഴുതി വക്കുക. എന്നത്തേക്ക് ആണ് അത് ചെയ്ത് തീര്‍ക്കേണ്ടത് എന്നും രേഖപ്പെടുത്തുക. ഒപ്പം അത് ചെയ്യുന്നതില്‍ നിന്നും നിങ്ങളെ തടസപ്പെടുത്തുന്ന സംഗതികള്‍ എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കുക. ഇത്തരത്തില്‍ രേഖപ്പെടുത്തുന്നത് തലച്ചോറിനെ കുറച്ച് കൂടി കൃത്യമാക്കും.

പലരും പരാജയങ്ങള്‍ ഏറ്റു വാങ്ങുമ്പോഴാണ് പിന്‍വാങ്ങുന്നത്. പല കാര്യങ്ങളും ചെയ്ത് പരാജയപ്പെടുമ്പോള്‍ ഇനി എത്ര ശ്രമിച്ചിട്ടും കാര്യമില്ല എന്ന അവസ്ഥയിലേക്ക് പലരും എത്തുന്നു. ഇത് മനസിനെ ഉദാസീനമാക്കുകയും നെഗറ്റീവ് ചിന്തകള്‍ക്ക് കാരണമാവുകയും ചെയ്യും.

മാനസിക സംഘര്‍ഷങ്ങളും ഉത്ക്കണ്ഠയും വിഷാദ രോഗവും പോലെയുള്ള മാനസികാരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങള്‍ മൂലവും മടി അനുഭവപ്പെട്ടേക്കാം. പല വിഷമങ്ങളും ആശങ്കകളും മൂലം ഒന്നും ചെയ്യാതെ ഇരിക്കുന്നവര്‍ അനവധിയാണ്. ഇവ കൃത്യമായി ചികിത്സിച്ചേ മതിയാകൂ. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ബീഹേവിയറല്‍ തെറാപ്പി, സൈക്കോ തെറാപ്പി എന്നിങ്ങനെയുള്ള മാനസിക രോഗ ചികിത്സകള്‍ ഗുണം ചെയ്യും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു മന:ശാസ്ത്രജ്ഞന്റെ സഹായത്തോടെ പരിഹാരമുണ്ടാക്കാന്‍ സാധിക്കും.

ആഹാര ക്രമീകരണവും മടി മാറ്റാന്‍ നല്ലതാണ്. ഭക്ഷണം വലിയ അളവില്‍ ഒറ്റയടിക്ക് കഴിക്കാതെ പല തവണകളായി കഴിക്കുക. ഭക്ഷണത്തില്‍ വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ശീലമാക്കുക. ഒപ്പം വ്യായാമം ചെയ്യാന്‍ മറക്കണ്ട. ശരീരത്തിന്റെ പ്രസരിപ്പ് നിലനിര്‍ത്തി ഊര്‍ജസ്വലമാക്കാന്‍ വ്യായാമത്തിനുള്ള പങ്ക് വളരെ വലുതാണ്. ദിവസവും കൃത്യമായി വ്യായാമം ചെയ്യാന്‍ മറക്കണ്ട. മടി മാറ്റി വച്ച് ചുറുചുറുക്കോടെ ഓടി നടക്കും നിങ്ങള്‍.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.