spot_img

പി.സി.ഒ.എസ് പിടിച്ചുകെട്ടാന്‍ പഞ്ചകര്‍മ  മുതല്‍ യോഗ വരെ; ആയുര്‍വേദ ചികിത്സയിലെ നാലു മാര്‍ഗങ്ങള്‍

1. ശരീരം ശുദ്ധീകരിക്കുന്നതിന് പഞ്ചകര്‍മ
ശോധന ചികിത്സ
പി.സി.ഒ.എസുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശരീരത്തെ വിഷമുക്തമാക്കാനും മെറ്റബോളിസം ക്രമീകരിക്കാനുമാണ് പഞ്ചകര്‍മ രീതികള്‍ ഉപയോഗിക്കുന്നത്.
സ്‌നേഹന, സ്വേദന
പഞ്ചകര്‍മ്മയ്ക്ക് മുന്‍പുള്ള പ്രക്രിയകളാണിത്. സ്നേഹനയുടെ സമയത്ത് മരുന്നു ചേര്‍ത്ത നെയ്യോ എണ്ണയോ രോഗി പ്രത്യേക അളവില്‍ കഴിക്കണം. ചിലപ്പോള്‍ മരുന്നു ചേര്‍ത്ത കൊഴുപ്പ് മൂക്കിലൂടെയോ മൂത്രദ്വാരത്തിലൂടെയോ യോനിയിലൂടെയോ മലദ്വാരത്തിലൂടെയോ അകത്തേക്ക് കടത്തിവിടുന്നു. എണ്ണ ഉപയോഗിച്ചുള്ള തിരുമ്മലും ഇതിന്റെ ഭാഗമാണ്. ഇതു കോശങ്ങളെ അയവുള്ളതാക്കുന്നതോടെ പഞ്ചകര്‍മ്മ ചികിത്സയ്ക്ക് ശരീരം കൂടുതല്‍ സജ്ജമാകുന്നു. ഇതിനു ശേഷം സ്വേദന അഥവാ സ്റ്റീം ബാത്ത് നല്‍കുന്നു.
ഉദ്വര്‍ത്തന
ശരീരത്തിലെ വിഷാംശങ്ങള്‍ ഇല്ലാതാക്കുന്നതിന് ഔഷധ ലേപനങ്ങളും എണ്ണകളും ഉപയോഗിച്ചുള്ള തിരുമ്മലാണിത്. ഇത് രക്തചംക്രമണം വര്‍ധിപ്പിക്കുകയും ഫാറ്റ് മെറ്റബോളിസം ഉയര്‍ത്തുകയും ചെയ്യുന്നു.
വമന
മരുന്നുപയോഗിച്ച് ഛര്‍ദ്ദിപ്പിക്കുന്ന രീതിയാണിത്. ഔഷധങ്ങളായ ഇരട്ടിമധുരം, മദന്‍ഫല, കലാമസ് വേര് എന്നിവ ചേര്‍ത്ത ചായ നല്‍കിയാണ് ഛര്‍ദ്ദിപ്പിക്കുന്നത്.
വിരേചന
വയറിളക്കി ശരീരം ശുദ്ധീകരിക്കുന്ന പ്രക്രിയയാണിത്. നിര്‍ദ്ദിഷ്ട സമയത്തിനു മുന്നേ ആര്‍ത്തവം നിലച്ച സ്ത്രീകള്‍ക്ക് ഇതൊരു നല്ല ചികിത്സയാണ്.
വസ്തി
മലദ്വാരത്തിലൂടെയുള്ള എനിമ പ്രക്രിയയാണിത്. പി.സി.ഒ.എസിന് പ്രധാനമായും ഉപയോഗിക്കുന്ന വസ്തി ഉത്തര വസ്തിയാണ്. യോനിയിലൂടെ ദ്രാവക രൂപത്തിലുള്ള ഔഷധം അകത്തേക്ക് കടത്തിവിടുന്നു. ഇതൊരു ശുദ്ധീകരണ പ്രക്രിയയാണ് എന്നതോടൊപ്പം ആര്‍ത്തവ രക്തത്തിന്റെ പ്രവാഹം, അണ്ഡങ്ങളുടെ വളര്‍ച്ച എന്നിവയെ നിയന്ത്രിക്കുകയും ചെയ്യുന്നു.
2. അസന്തുലിതാവസ്ഥകള്‍ കൃത്യമാക്കാന്‍ ഔഷധ ചികിത്സ: ശമന ചികിത്സ
പഞ്ചകര്‍മ ചികിത്സയോടൊപ്പം ചില ഔഷധങ്ങള്‍ കൂടി കഴിക്കേണ്ടതുണ്ട്. ചികിത്സാ തലം അനുസരിച്ച് ഔഷധങ്ങളുടെ അളവും സ്വഭാവവും വ്യത്യാസപ്പെട്ടിരിക്കും. ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സ തുടങ്ങുന്നത് ശരീരം ശുദ്ധീകരിച്ചുകൊണ്ടാണ്. സ്ത്രീകളുടെ പ്രത്യുല്‍പാദന സംവിധാനം പ്രവര്‍ത്തനോന്മുഖമാക്കുന്നതിനാവശ്യമായ ഔഷധങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ത്രിഫല ക്വാഥ, ചന്ദ്രപ്രഭ, മണിഭദ്ര എന്നിവ ശുദ്ധീകരണ സ്റ്റേജില്‍ ഉപയോഗിക്കുന്ന ഔഷധങ്ങളാണ്. ശതാവരി, ശതപുഷ്പ, കൃഷ്ണ ജീരകം എന്നിവ പ്രത്യുല്‍പാദന സംവിധാനത്തെ ശാക്തീകരിക്കാന്‍ ഉപയോഗിക്കുന്നു.
ശതാവരി
ആര്‍ത്തവം ക്രമീകരിക്കാനും ഹോര്‍മോണ്‍ വ്യതിയാനം കൃത്യമാക്കാനും അണ്ഡങ്ങളുടെ വളര്‍ച്ചയെ അഭിവൃദ്ധിപ്പെടുത്താനും
ശതപുഷ്പത്തിന്റെ വിത്തുകളും കൃഷ്ണ ജീരകവും
അണ്ഡങ്ങളെ ഉത്തേജിപ്പിക്കാനും അണ്ഡാശയ മുഴയെ നശിപ്പിക്കാനും. ശതപുഷ്പത്തിന് ക്രമരഹിതമായ ആര്‍ത്തവത്തെ ക്രമീകരിക്കാനും ആര്‍ത്തവത്തെത്തുടര്‍ന്നുള്ള സന്ധിവേദന കുറക്കാനും ശക്തിയുണ്ട്.
പൊണ്ണത്തടി കുറക്കാനും കോശങ്ങളെ നേര്‍പ്പിക്കാനും ലേഖനിയ എന്നു വിളിക്കുന്ന ഒരു കൂട്ടം ഔഷധങ്ങള്‍ ഉപയോഗിക്കുന്നു. ഇത് പി.സി.ഒ.എസ് ഉള്ള സ്ത്രീകള്‍ക്ക് പൊതുവെ നിര്‍ദ്ദേശിക്കാറുണ്ട്. അപമാര്‍ഗ, മഞ്ഞള്‍, മരിച അഥവാ കറുത്ത കുരുമുളക്, ഗുഗ്ഗുലു എന്നിവ അവയില്‍ ചിലതാണ്. പി.സി.ഒ.എസ് ചികിത്സാ സമയത്ത് ഈ ഔഷധങ്ങള്‍ മാത്രമല്ല, മറ്റനവധി ഔഷധങ്ങളും ഉപയോഗിക്കുന്നു. അശ്വഗന്ധ, കറുവാപ്പട്ട എന്നിവ ചില ഉദാഹരണങ്ങളാണ്.
3. ഭാരം കുറക്കുന്നതിന് അനുഗുണമായ ഡയറ്റ് 
പി.സി.ഒ.എസ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാനേജ് ചെയ്യുന്നതിന് ഭക്ഷണരീതിയിലും വ്യത്യാസങ്ങള്‍ വരുത്തേണ്ടതായി വരും. ഭാരം നിയന്ത്രിച്ചു നിര്‍ത്തുന്നതിനും മെറ്റബോളിക് പ്രശ്നങ്ങളായ ഇന്‍സുലിന്‍ റെസിസ്റ്റന്‍സും പ്രമേഹവും നിയന്ത്രിച്ചു നിര്‍ത്താനും ഡയറ്റ് സഹായിക്കുന്നു. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണത്തിന്റെ അളവ് കുറച്ചും നാരടങ്ങിയ (ഫൈബര്‍) ഭക്ഷണത്തിന്റെ അളവ് കൂട്ടിയുമാണ് ഡയറ്റ് ശ്രദ്ധിക്കേണ്ടത്. അരി, ഉരുളക്കിഴങ്ങ്, സംസ്‌ക്കരിച്ച ധാന്യപ്പൊടികള്‍ എന്നിവ ഒഴിവാക്കി ധാന്യങ്ങളും ആന്റി ഓക്സിഡന്റ് സമ്പുഷ്ടമായ പച്ചക്കറികളും ഉപയോഗിക്കുക. പപ്പായ, പൈനാപ്പിള്‍ എന്നിവ കഴിക്കുന്നത് ദഹനത്തിനു സഹായിക്കും. സംഭാരം, തേന്‍ എന്നിവ പോഷക സമൃദ്ധമായതിനാല്‍ ദിവസവും ഉപയോഗിക്കാം.
ഭാരം കുറക്കുന്നതിനും ഹോര്‍മോണ്‍ സന്തുലനം നിലനിര്‍ത്തുന്നതിനും ഡ്രൈ ഫ്രൂട്ടുകള്‍, നട്ട്സ് എന്നിവ കഴിക്കാം. സംസ്‌ക്കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളും എണ്ണ കലര്‍ന്ന ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കണം. മുന്‍പു കഴിച്ച ഭക്ഷണം ദഹിക്കുന്നതിനു മുന്‍പ് അടുത്തത് കഴിക്കുകയും ചെയ്യരുത്.
4. ഭാരം നിലനിര്‍ത്താനും സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനും യോഗ
ജീവിതശൈലിയിലെ ഇടപെടലുകള്‍ വഴി പി.സി.ഒ.എസ് നിയന്ത്രിക്കാനാകുമെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. യോഗ മൂഡ് പ്രശ്‌നങ്ങള്‍ക്കും ഭാരക്കൂടുതലിനും നല്ല പ്രതിരോധമാണ്. ശരീരത്തിനും മനസ്സിനും ഒരുപോലെ പ്രയോജനകരമായ തെറാപ്പിയാണിത്. 15 മുതല്‍ 18 വയസു വരെയുള്ള പെണ്‍കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍ യോഗ പരമ്പരാഗത വ്യായാമ രീതികളേക്കാള്‍ പ്രയോജനകരമാണെന്ന് കണ്ടെത്തി. സൂര്യനമസ്‌ക്കാരം, പ്രാണായാമ, മെഡിറ്റേഷന്‍, പലവിധ ആസനകള്‍ എന്നിവ ഉള്‍പ്പെടുത്തിയ ഒരു മണിക്കൂര്‍ യോഗ പരിശീലനം 12 ആഴ്ച നല്‍കി. കൊഴുപ്പ്, ഗ്ലൂക്കോസ്, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്നിവയില്‍ കാര്യമായ വ്യതിയാനം കണ്ടെത്തി. ഉല്‍ക്കണ്ഠയുടെ തോതും ഗണ്യമായി കുറഞ്ഞിരുന്നു.
ഇടുപ്പിന് കൂടുതല്‍ വ്യായാമം നല്‍കുന്ന ആസനകള്‍ പി.സി.ഒ.എസ് ഉള്ള സത്രീകള്‍ക്ക് നല്ലതാണ്. സൂര്യനമസ്‌ക്കാരം, ശലഭാസനം, സുപ്ത ബാധകോനാസന, ഭരദ്വാജാസന, ചക്കി ചലനാസന, ശവാസന എന്നിവ ലളിതവും ഇടുപ്പെല്ലിന് ഗുണകരവുമായ ആസനകളാണ്. പ്രത്യുല്‍പാദന അവയവങ്ങളെ ഉത്തേജിപ്പിക്കുന്നതും ശരീരത്തിന് റിലാക്സേഷന്‍ നല്‍കുന്നതുമാണ്. സ്ഥിരമായ പരിശീലനം വഴി ഭാരം കുറക്കാനും സാധിക്കുന്നു. പ്രാണായാമ ടെക്നിക്കുകളും നാഡീശോധനും സഥിരമായി പരിശീലിക്കണം.
ശരിയായ ജീവിതശൈലിയും കൃത്യമായ ഡയറ്റും റിലാക്സേഷന്‍ ടെക്നിക്കുകളായ യോഗയും മെഡിറ്റേഷനുമെല്ലാം ഉള്‍പ്പെടുത്തി സമഗ്രമായ സമീപനത്തിലൂടെ പി.സി.ഒ.എസ് എന്ന രോഗാവസ്ഥയെ പ്രതിരോധിക്കാവുന്നതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here