spot_img

ഓര്‍ക്കുക! കുട്ടികളെ സ്‌കൂളില്‍ അയച്ചാല്‍ രക്ഷിതാക്കളുടെ ഉത്തരവാദിത്വം തീരില്ല

അവധിക്കാലം കഴിഞ്ഞ് കുട്ടികളെ സ്‌കൂളിലേക്ക് അയക്കാനൊരുങ്ങുകയാണ് രക്ഷിതാക്കള്‍. ക്ലാസില്‍ ഏറ്റവും നല്ല കുട്ടിയായിരിക്കണം, നല്ല മാര്‍ക്ക് വാങ്ങണം, അവരെക്കുറിച്ച് അധ്യാപകര്‍ നല്ലത് പറയണം എന്നിങ്ങനെയുള്ള പ്രതീക്ഷകള്‍ സ്വാഭാവികം. ഇതോടൊപ്പം തങ്ങളുടെ ചിറകിനടിയില്‍ സുരക്ഷിതമായി കഴിഞ്ഞിരുന്ന കുട്ടികള്‍ മറ്റൊരിടത്തേക്ക് പോകുമ്പോള്‍ സുരക്ഷിതരായിരിക്കുമോ എന്ന ആശങ്കയും കാണും രക്ഷിതാക്കള്‍ക്ക്.

വീട്ടിലുള്ള അതേ സുരക്ഷിതത്വം മക്കള്‍ക്ക് സ്‌കൂളിലും കിട്ടുമോ എന്ന് മിക്ക രക്ഷിതാക്കളും ആശങ്കപ്പെടാറുണ്ട്. ഇത്തരം പ്രതീക്ഷയും ഉത്ക്കണ്ഠയും അമിതമായി കുട്ടികളെ ബാധിക്കുന്ന നിലയെത്താതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സമ്മര്‍ദങ്ങളില്ലാതെ കുട്ടി നന്നായി പഠിച്ചു വളരാന്‍ ഇത് അത്യാവശ്യമാണ്.

പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് എപ്പോഴും വലിയ താത്പര്യമുണ്ടാകും. എപ്പോഴും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. ജനിച്ച കാലം മുതല്‍ അവര്‍ പുതിയ ഓരോ കാര്യങ്ങള്‍ നിരന്തരം പഠിച്ചു കൊണ്ടേയിരിക്കുകയാണ്. എന്നാല്‍ സ്‌കൂളിലെത്തുമ്പോള്‍, ആ രീതിയില്‍ നിന്നു മാറി നിര്‍ബന്ധപൂര്‍വ്വം പുസ്തകങ്ങള്‍ നല്‍കി ഒരു സ്ഥലത്തിരുന്ന് പഠിക്കാന്‍ പറയുമ്പോള്‍ അവരുടെ മനോഭാവത്തില്‍ മാറ്റം വരും. പഠനത്തോട് സ്വാഭാവികമായും താത്പര്യം കുറയാം

കുട്ടികളുടെ മാനസിക,ശാരീരിക വികാസം ഏറ്റവും കൂടുതലായി നടക്കുന്ന സമയമാണ് ചെറിയ പ്രായം. പ്രത്യേകിച്ച് 3 വയസ്സ് മുതല്‍ 6 വയസ്സു വരെ. അധികം നിയന്ത്രണമില്ലാതെ കളിച്ചു വളരാനുള്ള സാഹചര്യമാണ് ഈ സമയത്ത് അവര്‍ക്കാവശ്യം. അതിനാൽ കളിച്ച് പഠിച്ച് അവര്‍ വളരട്ടെ. അവരുടെ ഇഷ്ടത്തിനനുസരിച്ച് വിടുക എന്നുമല്ല അതിനര്‍ത്ഥം. ഓരോ ദിവസവും അരമണിക്കൂറെങ്കിലും ഒരു സ്ഥലത്തിരുത്തി അധികം സമ്മര്‍ദമില്ലാതെ പുസ്തകങ്ങള്‍ നല്‍കി പഠിപ്പിക്കാന്‍ ശ്രമിക്കുക. പഠനം ജീവിതത്തിലെ ഒരു ശീലമാക്കി മാറ്റാന്‍ ഇതിലൂടെ സാധിക്കും.

സ്‌കൂളില്‍ നിന്ന് കുട്ടികള്‍ വന്നാല്‍ വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ചെറിയ കുട്ടികള്‍ക്ക് പൂര്‍ണമായും എല്ലാം ഓര്‍ത്തെടുത്ത് പറയാന്‍ കഴിയണമെന്നില്ല. എങ്കിലും ചെറിയ ചെറിയ കാര്യങ്ങള്‍ ആണെങ്കില്‍ പോലും അവര്‍ പറയുമ്പോള്‍ അത് കേള്‍ക്കുക. ഇത്തരത്തില്‍ തങ്ങളുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ പോലും രക്ഷിതാക്കളോട് പങ്കുവയ്ക്കുന്ന ശീലം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.

സ്കൂളില്‍ നല്ല സൗഹൃദങ്ങളുണ്ടാക്കാനും, സഹപാഠികളെ സ്നേഹിക്കാനും, എല്ലാവരുമായി സഹകരിക്കാനും കുട്ടികളെ പഠിപ്പിക്കുക എന്നത് പ്രധാനമാണ്. സ്കൂളിലെ അവരുടെ സുഹൃത്തുക്കളെക്കുറിച്ച് ചോദിച്ചറിയാന്‍ ശ്രമിക്കണം. ഭക്ഷണം അൽപം കൂടുതല്‍ കൊടുത്തുവിട്ട് കൂട്ടുകാരുമായി പങ്കുവയ്ക്കാന്‍ പറയുക. കഴിയാവുന്നിടത്തോളം മക്കളുടെ സുഹൃത്തുക്കളെ നേരിട്ട് കണ്ട് സംസാരിക്കണം. അവരുടെ മാതാപിതാക്കളുമായി ബന്ധമുണ്ടാക്കുന്നതും നല്ലതാണ്.

ഇങ്ങിനെ ചെറിയ ശീലങ്ങള്‍ വളര്‍ത്തിയെടുത്ത് ജീവിതത്തില്‍ ഉത്തരാവാദിത്ത ബോധവുമുള്ളവരാക്കി നമ്മുടെ കുട്ടികളെ മാറ്റാന്‍ ക‍ഴിയും. അതല്ലാതെ ഉത്ക്കണ്ഠയും അമിത പ്രതീക്ഷയുമെല്ലാമായി സന്തോഷകരമായ അവരുടെ നല്ല പഠനകാലം ഇല്ലാതാക്കരുത്.

(കുന്നക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സൈക്കോ സോഷ്യല്‍ കൗണ്‍സിലറാണ് ലേഖിക)

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.