താരതമ്യേന വില കുറഞ്ഞ ഫലവര്‍ഗമാണ് ഓറഞ്ച്. അനവധിയായ ഗുണങ്ങളടങ്ങിയതും. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി 6, പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം അങ്ങനെ അനവധിയായ പോഷകങ്ങളാണ് ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നത്. ഫലവര്‍ഗങ്ങള്‍ കഴിക്കുന്നത് പ്രമേഹ സാധ്യത കുറക്കുമെങ്കിലും പഴങ്ങളുടെ ജ്യൂസ് പ്രമേഹ സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. പഞ്ചസാര ഉപയോഗിക്കുന്നതാണ് കാരണം. പഞ്ചസാര ഇല്ലാതെ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിന്റെ ആരോഗ്യവശങ്ങള്‍ താഴെ പറയുന്നു. ദിവസവും 150 മില്ലി ലിറ്ററിലധികം കുടിക്കാതിരിക്കാനും ശ്രദ്ധിക്കണം.
- പ്രതിരോധശക്തി കൂട്ടുന്നു
ഓറഞ്ചില്‍ നിന്നും മറ്റേതൊരു സിട്രസ് പഴത്തില്‍ നിന്നും ആദ്യം ഉറപ്പിക്കാവുന്ന ഗുണം വിറ്റാമിന്‍ സി ആണ്. ദിവസവും എട്ട് ഔണ്‍സ് ഓറഞ്ച് ജ്യൂസ് കഴിക്കുന്ന പുരുഷന്മാര്‍ക്ക് ദിവസവും വേണ്ട വിറ്റാമിന്‍ സിയുടെ 137 ശതമാനവും സ്ത്രീകള്‍ക്ക് 165 ശതമാനവും ലഭിക്കുന്നു. കോശങ്ങളുടെ വളര്‍ച്ചയ്ക്കും കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും എല്ലുകളുടെയും പല്ലുകളുടെയും രക്തധമനികളുടെയും ആരോഗ്യത്തിനും വിറ്റാമിന്‍ സി ആവശ്യമാണ്. ഇതൊരു നല്ല ആന്റി ഓക്‌സിഡന്റുമാണ്.
- ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറക്കുന്നു
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്താദിസമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ ഓറഞ്ചു നീരിലടങ്ങിയിരിക്കുന്ന ഹെസ്‌പെരിഡിന്‍ എന്ന ഘടകത്തിന് കഴിയുന്നു. അമിതവണ്ണമുള്ള മധ്യവയ്ക്കരില്‍ ദിവസവും 500 മില്ലി ലിറ്റര്‍ ഓറഞ്ച് ജ്യൂസ് അവരുടെ രക്തസമ്മര്‍ദ്ദം കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
- കൊളസ്‌ട്രോള്‍ തോത് മിതമായി നിലനിര്‍ത്തുന്നു
ഓറഞ്ച് നീരിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഫൊലേറ്റ്, ഫ്‌ളവനോയിഡ്‌സ് എന്നിവ ചീത്ത കൊളസ്‌ട്രോള്‍ (LDL) കുറക്കുന്നു. ദിവസവും 750 മില്ലി ലിറ്റര്‍ ഓറഞ്ചുനീര് കുടിക്കുന്നത് നല്ല കൊളസ്‌ട്രോളിന്റെ (HDL) തോത് കൂട്ടുകയും ചെയ്യുന്നു.
- ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നു
ഓറഞ്ചു നീര് രക്തസമ്മര്‍ദ്ദത്തെ കുറക്കുകയും കൊളസ്‌ട്രോള്‍ തോത് പരിമിതപ്പെടുത്തി നിര്‍ത്തുകയും ചെയ്യുന്നു. അതോടൊപ്പം ഓറഞ്ചുനീരില്‍ വലിയ അളവില്‍ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇതില്‍ സോഡിയവും അടങ്ങിയിട്ടുണ്ടെങ്കിലും അത് വളരെ കുറഞ്ഞ അളവിലാണ്. ഓറഞ്ചുനീരില്‍ ധാരാളമായി മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു. മഗ്നീഷ്യം ഹൃദ്രോഗങ്ങളെ പ്രതിരോധിക്കുന്ന ഘടകമാണ്.
- പുകവലിക്കാര്‍ക്ക് നല്ലതാണ്
പുകവലിക്കുന്നവര്‍ക്ക് ശ്വാസകോശാര്‍ബുദത്തില്‍ നിന്ന് ഒരു പരിധി വരെ പ്രതിരോധം തീര്‍ക്കുന്നതാണ് ഓറഞ്ചുനീര്. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ ക്രിപ്‌റ്റോക്‌സാന്തിന്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്.
- വിളര്‍ച്ചയെ പ്രതിരോധിക്കുന്നു
ഓറഞ്ചു നീര് വിളര്‍ച്ചയെ പൂര്‍ണ്ണമായും പ്രതിരോധിക്കുന്നില്ല. വിളര്‍ച്ച മറികടക്കാന്‍ ധാരാളമായി ഇരുമ്പടങ്ങിയ ഭക്ഷണവസ്തുക്കള്‍ കഴിക്കുകയാണ് വേണ്ടത്. എന്നാല്‍ ഒരു പരിധിവരെ ഓറഞ്ചുനീര് ഇതിനു പരിഹാരമാണ്.
- വൃക്കയില്‍ കല്ലുണ്ടാകാതെ കാക്കുന്നു
ഓറഞ്ചുനീര് വൃക്കകളുടെ ആരോഗ്യത്തിനും നല്ലതാണ്. ഓറഞ്ചിലെ സിട്രിക് ആസിഡ് വൃക്കയില്‍ കല്ലുണ്ടാകാതെ സംരക്ഷിക്കുന്നു. വൃക്കയിലെ കല്ലിനു കാരണമാകുന്ന യൂറിക്ക് ആസിഡിന്റെ തോത് കുറക്കാനും ഇതിനു കഴിയുന്നു.
- അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കുന്നു
ഓറഞ്ച് നീര് ചര്‍മത്തെ ആരോഗ്യമുള്ളതായും ചെറുപ്പമായും നിലനിര്‍ത്തുന്നു. വിറ്റാമിന്‍ സി ചര്‍മത്തെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷിക്കുന്നു.
പാക്കറ്റുകളില്‍ ലഭിക്കുന്ന ഓറഞ്ച് ജ്യൂസുകളില്‍ നിന്ന് ഈ ഗുണങ്ങള്‍ ലഭിക്കുകയില്ല. അവയില്‍ വലിയ തോതില്‍ പഞ്ചസാരയും മറ്റു രാസവസ്തുക്കളും അടങ്ങിയിരിക്കും. ഒരു ദിവസം ഒരു ഓറഞ്ച് വീതം കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. അല്ലെങ്കില്‍ ഓറഞ്ച് ജ്യൂസാക്കി ഉപയോഗിക്കാം. പഞ്ചസാരയോ മറ്റു വസ്തുക്കളോ ചേര്‍ക്കാതെ വേണം ഉപയോഗിക്കാന്‍.