ശാരീരികാരോഗ്യത്തിന്റെ സൂചികയാണ് വായ. ചുണ്ട്, നാവ്, പല്ല്, കവിള്‍ എന്നിവയെല്ലാം അടങ്ങുന്നതാണ് വായ. നാം ഓരോരുത്തര്‍ക്കും വളരെ എളുപ്പത്തില്‍ വായ ശുചിയാക്കി സംരക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ ചെറിയ അശ്രദ്ധ മൂലം വായയില്‍ വലിയ അസുഖങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
എന്തുകൊണ്ടാണ് വായയില്‍ അസുഖങ്ങള്‍ പിടിപെടുന്നത്? ദന്തക്ഷയം എല്ലാക്കാലത്തും മനുഷ്യരെ അലട്ടിയിരുന്നു.എങ്ങനെയാണ് ദന്തക്ഷയം ഉണ്ടാകുന്നത്? വളരെ ലളിതമായ രാസപ്രവര്‍ത്തനങ്ങളാണ് വായയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ വായില്‍ വിവിധതരം അണുക്കള്‍ ഉണ്ട്. സ്ഥിരമായി അവ നമ്മുടെ വായ്ക്കുള്ളിലാണ് ജീവിക്കുന്നത്. പലതരത്തിലുള്ള ഭക്ഷണങ്ങള്‍ നാം മൂന്നും നാലും നേരമായി കഴിയ്ക്കുന്നു. എന്നാല്‍ പലപ്പോഴും ഭക്ഷണശേഷം നാം വായ കഴുകാറില്ല. രാത്രിയില്‍ വായ കഴുകാതെ ഉറങ്ങുന്നവരും കുറവല്ല. ഈ സാഹചര്യങ്ങളില്‍
വായ്ക്കുള്ളിലെ അണുക്കള്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുമായി പ്രവര്‍ത്തിച്ച് അമ്ലങ്ങള്‍ സൃഷ്ടിക്കുന്നു. ധാതുസമ്പുഷ്ടമായ ജൈവഘടനയാണ് നമ്മുടെ പല്ലുകള്‍ക്കുള്ളത്. ഈ ഘടനയെ ഇല്ലാതാക്കാന്‍ അണുക്കള്‍ സൃഷ്ടിക്കുന്ന അമ്ലങ്ങള്‍ക്ക് കഴിയുന്നു. ഇങ്ങനെയാണ് ദന്തക്ഷയം ഉണ്ടാകുന്നത്.
പലതവണ ബ്രഷ് ചെയ്തിട്ടും എന്തുകൊണ്ടാണ് ദന്തക്ഷയം വരുന്നതെന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. നിങ്ങള്‍ ബ്രഷ് ചെയ്യുന്ന രീതിയും, സമയവും തെറ്റായതിനാലാണ് വായ്ക്കുള്ളിലെ അമ്ലങ്ങളെ ചെറുക്കാന്‍ സാധിക്കാതെ പോകുന്നത്.
3 കാര്യങ്ങള്‍ ഒത്തുവരുമ്പോഴാണ് പ്രധാനമായും ദന്തക്ഷയം ഉണ്ടാകുന്നത്.
1. അണുക്കള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള ഒരു പ്രതലം: അതായത് പല്ലിന്റെ പ്രതലങ്ങള്‍
2.ദന്തപ്രതലങ്ങളുമായി അടുത്തിരിക്കുന്ന സമയം
3. ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍
ഇവ മൂന്നും കൂടി ചേരുമ്പോഴാണ് ദന്തക്ഷയം ഉണ്ടാകുന്നത്. ദന്തക്ഷയം തടുക്കാന്‍ ഒറ്റ മാര്‍ഗമേയുള്ളൂ. വൃത്തിയായി വായ കഴുകുകയും കൃത്യമായ രീതിയില്‍ ബ്രഷ് ചെയ്യുകയും ചെയ്യുക. ബ്രഷ് ചെയ്യുമ്പോള്‍ കൃത്യമായ സമയം പാലിച്ച്, ഗുണമേന്‍മയുള്ള പേസ്റ്റ് ഉപയോഗിച്ച് കൃത്യമായ രീതിയില്‍ തന്നെ ബ്രഷ് ചെയ്യാന്‍ ശ്രദ്ധിക്കുക. പല്ലിന്റെ ഉള്‍ഭാഗങ്ങളും നാക്കും വൃത്തിയായി സൂക്ഷിക്കുന്നവരില്‍ മാത്രമേ അണുക്കളുടെ നശീകരണം പൂര്‍ണമാകൂ.