spot_img

പുകയിലയും വായിലെ അർബുദവും

അർബുദങ്ങളിൽ ഏറ്റവും അപകടകാരിയാണ് വായിൽ വരുന്ന അർബുദം. തിരിച്ചറിയാൻ വൈകുന്നതും വന്നാൽ അത്യന്തം വേദനാജനകവുമാണ് വായ് ഭാഗങ്ങളിൽ വരുന്ന അർബുദങ്ങൾ. ലക്ഷണങ്ങൾ വളരെ നേരത്തെ തിരിച്ചറിഞ്ഞാൽ ഒരു പരിധി വരെ നിയന്ത്രിക്കാവുന്നതാണ് ഇത്. എന്നാൽ നേരത്തെ തിരിച്ചറിയുന്നതും നിയന്ത്രണ വിധേയമാകുന്നതും വളരെ അപൂർവ്വമാണ്. അതു കൊണ്ടാണ് ഇത് അങ്ങേയറ്റം അപകടകാരിയാകുന്നത്.

ചില കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഓരോ വർഷവും 92000 പേർക്ക് വായിൽ അർബുദം ബാധിക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. വായിലെ അർബുദം മൂലം ഓരോ ഏഴ് മിനിറ്റിലും ഒരാൾ വീതം മരണമടയുന്നുണ്ടെന്നും കണക്കുകൾ പറയുന്നു. ഗവേഷകരും ആരോഗ്യ രംഗത്തെ വിദഗ്ദരും തരുന്ന മറ്റൊരു മുന്നറിയിപ്പാണ് ഏറ്റവും പ്രധാനം. ഭൂരിഭാഗം പേരും ചികിത്സ തേടിയെത്തുന്നത് രോഗത്തിന്റെ അവസാന ഘട്ടങ്ങളിലാണ് എന്നതാണ് മുന്നറിയിപ്പ്. രോഗം  തിരിച്ചറിയുന്നത് വളരെ വൈകിയാണെന്ന് സാരം.

പുകവലിക്കുന്നവർക്ക് വായിൽ അർബുദം വരാനുള്ള സാധ്യത ഒൻപത് മടങ്ങ് അധികമാണ്. വിവിധയിനം പുകയില ഉത്പന്നങ്ങൾ ചവയ്ക്കുന്നവർക്ക് പുകയില ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് നാല് മടങ്ങ് അർബുദ സാധ്യതയുണ്ട്. 50ശതമാനം രോഗികളും ചികിത്സയ്ക്കു ശേഷം അഞ്ചു വർഷം വരെ ജീവിക്കാനും സാധ്യതയുണ്ട്.

രോഗം നേരത്തെ കണ്ടെത്തിയാലാണ് ചികിത്സയും അതിജീവന സാധ്യതയും വർദ്ധിക്കുന്നത്. രോഗം വളരെ വൈകിയാണ് തിരിച്ചറിയുന്നതെങ്കിൽ ചികിത്സ കൊണ്ടുള്ള ഫലം ഇല്ലാതാകും.

ലഹരിയുടെ നേരം പോക്കുകൾ

മനുഷ്യന്റെ ചരിത്രം തന്നെ ലഹരിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. പൗരാണിക കാലം മുതൽ തന്നെ പലതരം ലഹരികൾ ഉപയോഗിച്ചതിന്റെ പലതരം കഥകളും സൂചനകളും ഇന്ന് ലഭ്യമാണ്. ഇതിൽ പ്രധാനമായി കാണുന്ന ശീലങ്ങൾ പുകവലിയും വെറ്റില മുറുക്കും മദ്യപാനവുമാണ്.

ഇതിൽ പുകവലിയും വെറ്റില മുറുക്കുമാണ് വായിലെ അർബുദത്തിന് കാരണമാകുന്നത്. വെറ്റില മുറുക്ക് പഴയ കാലത്തിന്റെ ശീലമാണെങ്കിൽ ഗുഡ്ക്ക, പാൻ മസാല എന്നിവ വഴി പുതിയ തലമുറയും മുറുക്കിന്റെ വഴിയെ പോകുന്നുണ്ട്. അതാണ് വായിലെ അർബുദത്തെ ഇത്രയും അപകടകാരിയാക്കുന്നത്.

പാക്കറ്റുകളിൽ എത്തുന്ന വിവിധയിനം ഗുഡ്ക്കകളും പാൻ മസാലകളും തുടർച്ചയായുള്ള പുകവലിയും വായിൽ പലവിധത്തിലുള്ള വ്യതിയാനങ്ങൾക്ക് കാരണമാകാം. ചർമ്മത്തിന്റെ നിറം മാറ്റമടക്കമുള്ള പ്രശ്‌നങ്ങളായിട്ടാണ് അർബുദം ആരംഭിക്കുന്നത്. മുറുക്കുന്ന ഒരാൾ വായിലെ നിറം മാറ്റം ശ്രദ്ധിക്കണമെന്നില്ല. അങ്ങനെയാണ് ഇത് തുടക്കത്തിലെ ചികിത്സക്കപ്പെടാതെ പോകുന്നത്.

നിറം മാറ്റം വേദനയുടെ ഘട്ടത്തിലേക്ക് കടക്കുമ്പോൾ മാത്രമാകും ശ്രദ്ധിക്കുക.  അപ്പോഴേക്കും രോഗം മൂർച്ഛിച്ചിട്ടുണ്ടാകും. ശീലങ്ങളിൽനിന്ന് മുക്തി നേടിയാൽ തീരാവുന്ന പ്രശ്‌നമാണ് വായിലെ അർബുദം.

പ്രായം

വായിലെ അർബുദങ്ങൾക്ക് പ്രായവുമായി ബന്ധമുണ്ട്. 45 വയസ്സ് കഴിഞ്ഞവർക്ക് ഓറൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. ചുണ്ടിനും വായ്ക്കകത്തും അസാധാരണമായ രീതിയിൽ ചുവന്ന നിറം. കാണുന്നുണ്ടെങ്കിലും മോണ വീക്കം പോലെ വായ്ക്കകത്തും വീക്കം കാണുന്നുണ്ടെങ്കിലും സൂക്ഷിക്കണം.

പുരുഷൻ/സ്ത്രീ

മൂന്നിൽ രണ്ട് ഓറൽ ക്യാൻസർ രോഗികളും പുരുഷന്മാരാണ്. പുകവലിയും മുറുക്കും പുരുഷന്മാരാണ് കൂടുതൽ ചെയ്യുന്നത്. ഇതാണ് പുരുഷന്മാരിൽ രോഗസാധ്യത കൂട്ടുന്നത്. കുടുംബത്തിൽ ആർക്കെങ്കിലും ഓറൽ ക്യാൻസർ വന്നിട്ടുണ്ടെങ്കിൽ രോഗം വരാനുള്ള സാധ്യത ഇരട്ടിക്കുന്നു.

പ്രതിരോധം എങ്ങനെ?

പുകവലിയും മദ്യപാനവും വെറ്റില മുറുക്കം ഉപേക്ഷിച്ചാൽ തീരാവുന്ന പ്രശ്‌നമാണ് ഓറൽ ക്യാൻസർ. പുകയില ഉപയോഗവും ഓറൽ ക്യാൻസർ തമ്മിലുള്ള ബന്ധം നിർവചിക്കാനാവില്ല. പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും നിർത്തിയാൽ ഒരുപരിധിവരെ ഓറൽ ക്യാൻസറിനെ ചെറുക്കാം.

മദ്യപാന ശീലമുള്ളവരിൽ നല്ലൊരു ശതമാനവും പുകവലിയും കൂടി ഉള്ളവരാണ്. ഇത് രണ്ടുംകൂടി ചേരുന്നതോടെ ഓറൽ ക്യാൻസർ സാധ്യത ഇരട്ടിക്കുന്നു.

ഓറൽ സെകസിലൂടെയും ഇത് വരാനുള്ള സാധ്യതയുണ്ട്. സുരക്ഷിതമായ രീതിയിലുള്ള സെക്‌സ് ശീലിക്കുക.

ശ്രദ്ധിക്കുക

വായിലെ വെളുത്ത പാടുകൾ, വായിലെ ചുവന്ന പാടുകൾ, മൂന്നാഴ്ചയിലേറെയായിട്ടും ഭേദമാകാത്ത പുണ്ണുകൾ, വായിലെ ചർമ്മത്തിലെ വിളർച്ച, വായിലെ ചർമത്തിന് കട്ടി കൂടുന്ന അവസ്ഥ, വായ തുറക്കാനുള്ള ബുദ്ധിമുട്ട്, വായിലുണ്ടാകുന്ന പുകച്ചിൽ, വായിലെ അകാരണമായ മുഴകൾ, വളർച്ച എന്നിങ്ങനെ വിവിധ കാര്യങ്ങൾ ശ്രദ്ധിക്കണം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.