spot_img

ഓണസദ്യ: ആയുര്‍വ്വേദം അനുശാസിക്കുന്ന ആഹാരവിധികളുടെ കലവറ

ഓണം കടന്നു വരികയാണ്. നമുക്ക് ഓണസദ്യയുടെ വിശേഷങ്ങള്‍ പറയാം . സദ്യയിലെ ശാസ്ത്രീയതയെക്കുറിച്ച് ആരെങ്കിലും ഇതുവരെ ചിന്തിച്ചിട്ടുണ്ടോ ? സദ്യ ആസ്വദിക്കാന്‍ മാത്രമല്ല, നല്ല ആരോഗ്യ സംരക്ഷണത്തിനു കൂടിയുള്ളതാണ് . ആയുര്‍വ്വേദം അനുശാസിക്കുന്ന ആഹാര വിധികള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് സദ്യ. സദ്യയില്‍ ആദ്യം തന്നെ കഴിക്കേണ്ടത് ശര്‍ക്കര ഉപ്പേരിയും കായ വറുത്തതുമാണ് . ശര്‍ക്കര ഉപ്പേരിയിലെ മധുരം നാവിലെ എല്ലാ രസമുകുളങ്ങളെയും ഉണര്‍ത്തും. ചുക്കുപൊടിയും വറവിലെ ഉപ്പും ദഹനേന്ദ്രിയങ്ങളെയും കൂടി ഉണര്‍ത്തും . ഇനി ചോറും നെയ്യും കഴിക്കാം , നെയ്യ് അഗ്‌നിയെ ഉത്തേജിപ്പിക്കുന്നു. അഗ്‌നിയാണല്ലോ ദഹനം ഉണ്ടാക്കുന്നത്. ശേഷം പുളിയിഞ്ചി കൂട്ടണം . മധുരവും ഇഞ്ചിയും ചെയ്യുന്നതും ദഹനേന്ദ്രിയത്തെ ഉത്തേജിപ്പിക്കലാണല്ലോ. ഇനി പ്രധാന കറിയായ സാമ്പാര്‍ കൂട്ടി നമ്മള്‍ ഊണു തുടങ്ങും . ഇലയില്‍ പലതരം കറികളും കാണും. കാളന്‍, അവിയല്‍, പച്ചടി എന്നിവയില്‍ പച്ചക്കറികള്‍ക്ക് പുറമേ പ്രധാന ചേരുവകള്‍ തൈരും , നാളികേരവും ആണ്. കൂട്ടുകറിയിലും, എരിശ്ശേരിയിലും നാളികേരവും. പിന്നെ അച്ചാര്‍ അഥവാ ഉപ്പിലിട്ടതും, ഓലനും, തോരനും പപ്പടവും . ഇത്രയുമാണ് സാധാരണ ഒരു സദ്യയില്‍ നാം കാണുന്ന വിഭവങ്ങള്‍. ഇത്രയും പറയാന്‍ കാരണം ഇനി  പറയുന്ന ക്രമങ്ങളുടെ കാരണം മനസിലാക്കുവാന്‍ വേണ്ടിയാണ്.

പുളിയിഞ്ചിക്ക് ശേഷം മധുരമുള്ള കറികള്‍ ആദ്യം കൂട്ടണം. ചോറും സാമ്പാറും കഴിഞ്ഞാല്‍ ചോറും രസവും കഴിക്കാം. കാരണവന്മാര്‍ക്ക് രസത്തിനു പപ്പടം ഒപ്പം വേണം. അതാണത്രേ രസത്തിന് മികച്ച കൂട്ട് . പപ്പടം സാമ്പാറും രസവും പങ്കിടും. ഇനി പായസം ആവാം. സദ്യയില്‍ നമ്മെ ആകര്‍ഷിക്കുന്ന പ്രധാന വിഭവം പായസം അല്ലാതെ മറ്റെന്താ ! ശേഷം മോരും ചോറും. വയറിന്റെ രക്ഷകനാണ് മോര്. ദഹനം ശരിയായി നടക്കാനും മധുരത്തിന്റെ ആലസ്യം കുറയ്ക്കാനും അവസാനം മോരു കൂട്ടി ഉണ്ണണം. അച്ചാറും തോരനും ലേശം ബാക്കി വച്ചാല്‍ മോരിനു കൂട്ടായി. ഇനി ആ വിരലുകളൊക്കെ ഒന്നു നക്കിത്തുടച്ചാല്‍ പഴം വിഴുങ്ങി ഇല മടക്കാം. സദ്യക്കിടയില്‍ കുടിക്കുന്ന വെള്ളത്തിന്‌ ചൂട് വേണം . ഇല്ലെങ്കില്‍ അഗ്‌നിക്ക് ശമനം വരും. ദഹനം കുറയും. സദ്യയ്ക്ക് ശേഷം ഒന്നു മുറുക്കുന്നതില്‍ തെറ്റില്ല. ദഹനത്തിനു വേണ്ടിയാണല്ലോ അയവിറക്കല്‍. വെറ്റില പല്ലിനും  ഗുണം ചെയ്യും .

പാചകത്തെപ്പറ്റിയും ഉണ്ട് ചില കാര്യങ്ങള്‍. മസാലകള്‍, ഉള്ളികള്‍, കിഴങ്ങുകള്‍ തുടങ്ങിയവയ്‌ക്കൊന്നും സദ്യയില്‍ സ്ഥാനമില്ലായിരുന്നു . പൊതുവെ ദോഷകരമായ മുളകുപൊടിയും ചുവന്ന മുളകും കാളന്‍, ഓലന്‍, അവിയല്‍, എരിശ്ശേരി, കറി, മെഴുക്കു പുരട്ടി തുടങ്ങിയവയിലൊന്നും ഉപയോഗിച്ചിരുന്നില്ല . നല്ല പച്ചമുളകും കുരുമുളകും ആണ് ഉപയോഗിച്ചിരുന്നത്. കുമ്പളങ്ങയും പച്ചമുളകും വെളിച്ചെണ്ണയും മാത്രം ഉള്ള ഓലന്‍ ആണ് നാവു ശുദ്ധമാക്കാന്‍ ഏറ്റവും നല്ലത് . മെഴുക്കു പുരട്ടിയാണ് തോരന്റെ മുന്‍ഗാമി. ആളൊരു കേമന്‍ തന്നെ. ജീരകം, നാളികേരം, മോര് / തൈര് പച്ചമുളക്, കുരുമുളക് തുടങ്ങിയവയായിരുന്നു നാലുകൂട്ടം കറികളില്‍ ഉള്‍പ്പെട്ടിരുന്നത്. ചുവന്ന മുളക്, ഉള്ളി, മസാല, കിഴങ്ങ് എന്നിവയൊന്നും ഇല്ലാത്തതിനാല്‍ ദഹനക്കേടും , വായു കോപവും ഒന്നും ബുദ്ധിമുട്ടിക്കില്ലായിരുന്നു. എന്നാല്‍ ഇന്ന് സദ്യകളില്‍ പുതിയ മസാല വിഭവങ്ങളും , മുളകുപൊടിയും എല്ലാം ഇടം പിടിക്കുന്നു. അവയെല്ലാം ദോഷകരമാണെന്ന് ആരുംചിന്തിക്കുന്നില്ല. സദ്യയിലെ പായസങ്ങളില്‍ ശരീരത്തിനു നല്ലത് ശര്‍ക്കരയും നാളികേരപ്പാലും ചേര്‍ത്ത പ്രഥമന്‍ തന്നെ. ചില കറികള്‍ക്കു മീതെ പച്ച വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു . എണ്ണ ചൂടാക്കാതെ ഉപയോഗിക്കുന്നതാണ് നല്ലത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.