ഉറക്കത്തിനിടയില്‍ ശ്വസനം മെല്ലെ മെല്ലെ നിന്നുപോകുന്ന അവസ്ഥയാണ് നിദ്രാ ശ്വാസ തടസ്സം അഥവാ ഒഎസ്എ (Obtsructive Sleep Apnea). ശ്വസനം നിലച്ചു പോകുന്ന ഈ സമയത്തിനെ വൈദ്യശാസ്ത്രത്തില്‍ അപ്നിയ അഥവാ അപ്നിക് എപ്പിസോഡ്‌സ് എന്നു പറയുന്നു. ഒഎസ്എ ഉള്ളവരില്‍ വായുവിന്റെ സാധാരണ പ്രവാഹം ഉറക്കത്തിലുട നീളം ഇടയ്ക്കിടെ നിന്നു പോകുന്നു. തൊണ്ടയിലെ വായു കടന്നു പോകേണ്ട സ്ഥലം തീരെ ഇടുങ്ങിയതായതു കൊണ്ടാണ് വായു ഇപ്രകാരം നിന്നു പോകുന്നത്. ഈ വായു പ്രയാസപ്പെട്ട് ഇടുങ്ങിയ വഴിയിലൂടെ കടന്നുപോകുന്നതിനാല്‍ കൂര്‍ക്കംവലിയുണ്ടാകുന്നു.
ഒഎസ്എ എങ്ങനെ കണ്ടെത്താം ?
വീട്ടിലോ സ്ലീപ് ലാബിലോ ഒരു പരിശോധനയ്ക്ക് (Sleep Study) വിധേയമായി ഒഎസ്എ എളുപ്പത്തില്‍ കണ്ടെത്താം. ഉറക്കത്തിനിടയില്‍ എത്ര തവണ ശ്വസനം തടസ്സപ്പെട്ടു എന്നറിയാന്‍ ഡോക്ടര്‍ നിങ്ങളുടെ ഉറക്കത്തെക്കുറിച്ച് ചോദിക്കും.
- പരിശോധനയില്‍ താഴെ പറയുന്ന കാര്യങ്ങളാണ് നിരീക്ഷിക്കുന്നത്.
- കണ്ണിന്റെ ചലനങ്ങള്‍
- വായു പ്രവാഹം
- രക്തത്തിലെ ഓക്‌സിജന്റെ അളവ്
- ശ്വസന രീതി
- ഹൃദയ സ്പന്ദന നിരക്ക്
- തലച്ചോറിന്റെ ഇലക്ട്രിക്കല്‍ ആക്ടിവിറ്റി
- പേശികളുടെ പ്രവര്‍ത്തനം
ഒഎസ്എ ഉണ്ടാവാനുള്ള കാരണങ്ങള്‍ എന്തെല്ലാം ?
ഒഎസ്എ പ്രധാനമായും പ്രായമുള്ളവരിലും ഭാരക്കൂടുതലുള്ളവരിലുമാണ് കണ്ടുവരുന്നത്. ഭാരം കുറയ്ക്കുന്നതിലൂടെ ഈ അവസ്ഥയില്‍ കാര്യമായ കുറവുണ്ടാകുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മലര്‍ന്നു കിടക്കുന്നത് ഒഎസ്എ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
മുതിര്‍ന്നവരില്‍ ഒഎസ്എ ഉണ്ടാകാനുള്ള പ്രാധാന കാരണങ്ങള്‍ ഭാരക്കൂടുതലും പൊണ്ണത്തടിയും അതോടൊപ്പം വായിലും തൊണ്ടയിലും മൃദുവായ കോശങ്ങള്‍ ഉണ്ടാകുന്നതുമാണ്. ഉറക്കത്തില്‍ തൊണ്ടയിലെയും വായിലെയും പേശികള്‍ അയഞ്ഞിരിക്കുന്ന സമയത്ത് ഈ മൃദു കോശങ്ങള്‍ വായു പ്രവാഹ മാര്‍ഗത്തെ തടസ്സപ്പെടുത്തുന്നു. മുതിര്‍ന്നവരില്‍ മറ്റു കാരണങ്ങളും ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.
കുട്ടികളില്‍ ടോണ്‍സിലിന്റെ അമിത വളര്‍ച്ച, ക്രമം തെറ്റിയ ദന്ത നിര, വീക്കം വന്ന മൂക്ക് എന്നിവ ഒഎസ്എയ്ക്ക് കാരണമാകാറുണ്ട്. വായു പ്രവാഹ വഴിയില്‍ എന്തെങ്കിലും മുഴകള്‍, ജനന വൈകല്യങ്ങളായ ഡൗണ്‍ സിന്‍ഡ്രം, പിയറി റോബിന്‍ സിന്‍ഡ്രം എന്നിവയുള്ളവരിലും ഇതിനു സാധ്യത കൂടുതലാണ്. നാവിന്റെയും ടോണ്‍സിലിന്റെയും അമിതമായ വികാസത്തിന് സിന്‍ഡ്രം കാരണമാകുന്നു. മുതിര്‍ന്നവരെ അപേക്ഷിച്ച് സാധ്യത കുറവാണെങ്കിലും പൊണ്ണത്തടിയും കുട്ടികളില്‍ ഒഎസ്എ വരുത്തിവെച്ചേക്കാം.
ചികിത്സ ലഭ്യമാക്കാതിരുന്നാല്‍ ഒഎസ്എ പലവിധ സങ്കീര്‍ണതകളും ഉണ്ടാക്കിയേക്കും. ഹൃദയ സംബന്ധിയായ രോഗങ്ങള്‍, അപകടങ്ങള്‍, അകാല മരണം എന്നിവയ്ക്ക് ഒഎസ്എ കാരണമാകാറുണ്ട്. അതിനാല്‍ ഉച്ചത്തിലുള്ള കൂര്‍ക്കം വലി, പകല്‍ ദീര്‍ഘമായ ഉറക്കവും രാത്രി തുടര്‍ച്ചയായി ഉറക്കം നഷ്ടപ്പെട്ട് ഉണരുകയും ചെയ്യുന്ന ശീലം എന്നിവയുണ്ടെങ്കില്‍ ചികിത്സ തേടാന്‍ മടിക്കരുത്.
ലക്ഷണങ്ങള്‍ എന്തെല്ലാം ?
തലച്ചോറിലേക്കും മറ്റു ശരീര ഭാഗങ്ങളിലേക്കുമുള്ള ഓക്‌സിജന്‍ വിതരണം കുറയാന്‍ ഒഎസ്എ കാരണമായേക്കാം. കൂടാതെ രാത്രിയില്‍ ഉറക്കം കുറയുന്നതിനാല്‍ പകല്‍ സമയം ഉറക്കം തൂങ്ങിയിരിക്കാനും ഉണരുമ്പോള്‍ വ്യക്തതക്കുറവ് ഉണ്ടാകാനും സാധ്യതയുണ്ട്. ഒഎസ്എ അനുഭവിക്കുന്നവരില്‍ സാധാരണ കാണുന്ന ലക്ഷണങ്ങള്‍ ഇവയാണ്.
- ഉച്ചത്തിലുള്ള കൂര്‍ക്കം വലി
- ഉറക്കത്തില്‍ ശ്വസനത്തിനു വേണ്ടിയുള്ള വീര്‍പ്പു മുട്ടല്‍
- ഉണരുമ്പോള്‍ വരണ്ടുണങ്ങിയതായി കാണപ്പെടുന്ന വായ
- രാവിലെ തലവേദന
- ഉറക്കത്തിലായിരിക്കാനുള്ള പ്രയാസം
- പകല്‍ അമിതമായ ഉറക്കം
- അസ്വസ്ഥത
- തലവേദന
- അകാരണമായ ഈര്‍ഷ്യ
- ഓര്‍മ്മക്കുറവ്
- ഉറക്കംതൂങ്ങല്‍
- വര്‍ധിക്കുന്ന വിഷാദം
- ലൈംഗിക താല്‍പര്യം നഷ്ടപ്പെടുക
ചികിത്സാ മാര്‍ഗങ്ങള്‍ എന്തൊക്കെ ?
- പൊതുവെ ഒഎസ്എയ്ക്ക് ഉപയോഗിക്കുന്ന ചികിത്സാ മാര്‍ഗങ്ങള്‍ ഇവയാണ്.
- മദ്യവും ഉറക്ക ഗുളികകളും ഉപേക്ഷിക്കുക
- വശങ്ങളിലേക്ക് ചരിഞ്ഞുറങ്ങുക.
- ആവശ്യമെങ്കില്‍ ഭാരം കുറയ്ക്കുക
- മൂക്ക് തിങ്ങി നിറഞ്ഞ് ശ്വസന പ്രശ്‌നം ഉണ്ടാക്കുന്നുണ്ടെങ്കില്‍ മൂക്കില്‍ മരുന്ന് (nasal spray) ഒഴിക്കുക.
സിപിഎപി (CPAP) മെഷീന്‍
ഒരു മാസ്‌കടങ്ങിയ ഉപകരണമാണിത്. മാസ്‌ക് ഉപയോഗിച്ച് മൂക്കോ വായോ രണ്ടുമോ മൂടുക. അതിന്റെ എയര്‍ ബ്ലോവര്‍ (Air Blower) വായുവിനെ മൂക്കിലൂടെയും വായയിലൂടെയും തടസ്സരഹിതമായി പ്രവഹിക്കാന്‍ സഹായിക്കുന്നു
ബാധിക്കപ്പെടാന്‍ കൂടുതല്‍ സാധ്യത ആര്‍ക്ക് ?
- വലിയ ടോണ്‍സിലുകളും മൂക്കിനുള്ളില്‍ വീക്കവുമുള്ള കുട്ടികള്‍ക്ക്
- 17 ഇഞ്ചോ അതിനു മുകളിലോ കോളര്‍ വലിപ്പമുള്ള പുരുഷന്മാര്‍ക്ക്
- 16 ഇഞ്ചോ അതിനു മുകളിലോ കോളര്‍ വലിപ്പമുള്ള സത്രീകള്‍ക്ക്
- ശ്വസനമാര്‍ഗം തടസ്സപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ നാവിനു നീളമുള്ളവര്‍ക്ക്