ഭാരം കുറക്കൽ നിസ്സാര കാര്യമല്ല. ഭാരം കുറക്കാൻ നെട്ടോട്ടമോടുകയാണ് എല്ലാവരും. അതിന് വിപണിയിൽ ലഭ്യമായ പല ഉൽപ്പന്നങ്ങളും മാറിമാറി പരീക്ഷിക്കുന്നുണ്ട്. അക്കൂട്ടത്തിലൊന്നാണ് സപ്ലിമെന്റുകൾ. ഇവയിൽ രാസവസ്തുക്കളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ടാകും. അതിനാൽ പ്രകൃതിദത്തമായ സപ്ലിമെന്റുകൾ ഉപയോഗിച്ച് ഭാരം കുറക്കുന്നതാണ് നല്ലത്. രാസവസ്തുക്കൾ കലരാത്ത സപ്ലിമെന്റുകൾ ഉണ്ടോ എന്നല്ലേ. ഉണ്ട്. തീർത്തും പ്രകൃതിദത്തമായ അഞ്ച് സപ്ലിമെന്റുകൾ പരിചയപ്പെടുത്താം.
- ഒമേഗ 3
ആരോഗ്യകരമായ കൊഴുപ്പാണ് ഒമേഗ 3. അതിനാൽ ഭാരം കുറക്കാൻ മികച്ച സപ്ലിമെന്റാണിത്. അപൂരിതമായ ഈ ഫാറ്റി ആസിഡ് ദീർഘനേരം വയറു നിറഞ്ഞതുപോലെ തോന്നിപ്പിക്കുന്നതിനാൽ അമിതമായി കഴിക്കുന്നതും ഇടയ്ക്കിടെ കഴിക്കുന്നതും തടയുന്നു. പ്രസവത്തിനു ശേഷമുണ്ടാകുന്ന ഭാരം കുറക്കാൻ ഇത് നല്ലതാണ്. അമേരിക്കൻ ജേർണൽ ഓഫ് ക്ലിനിക്കൽ ന്യുട്രീഷൻ നടത്തിയ പരീക്ഷണത്തിൽ ഒമേഗ 3 കഴിച്ച സ്ത്രീകൾ പെട്ടെന്ന് അവരുടെ സാധാരണ ഭാരത്തിലേക്ക് തിരിച്ചെത്തിയതായി പറയുന്നു. ഈ സപ്ലിമെന്റുകൾ ഭാരം കുറയ്ക്കുക മാത്രമല്ല കൊളസ്‌ട്രോൾ നിരക്കും രക്തസമ്മർദ്ദവും കുറക്കുന്നു.
- കഫീൻ
കഫീൻ ഉണർന്നിരിക്കാൻ സഹായിക്കുക മാത്രമല്ല ഭാരം കുറക്കാനും സഹായിക്കുന്നു. ഇത് വിശപ്പും അതുവഴി ഊർജ്ജോപയോഗവും കുറക്കുന്നു. വിശ്രമ സമയത്ത് കൊഴുപ്പ് എരിച്ചു കളയുന്ന തെർമോജെനിസിസിനെ കഫീൻ ഊർജ്ജിതപ്പെടുത്തുന്നു. ലിപോലിസിസ് എന്ന പ്രക്രിയയിലൂടെ ലിപിഡ് വിഘടിക്കുകയും ചെയ്യുന്നു. എന്നാൽ കഫീൻ അമിതമായി ഉപയോഗിക്കരുത്. അതിന് മറ്റു പാർശ്വഫലങ്ങളുണ്ടാകും. അമിത കഫീൻ ഉപയോഗം ഉറക്കമില്ലായ്മ, തലവേദന എന്നിവയ്ക്ക് കാരണമാകുന്നു.
- പ്രൊബയോട്ടിക്‌സ്
ഉദര പ്രവർത്തനങ്ങൾക്കും പ്രതിരോധ സംവിധാനത്തിനും അവശ്യം വേണ്ട ബാക്ടീരിയയാണ് പ്രൊബയോട്ടിക്‌സ്. പിസിഒഎസ് (പോളി സിസ്റ്റിക് ഓവറി സിൻഡ്രോം) ഉള്ള സ്ത്രീകളിൽ ഈ ബാക്ടീരിയ ഇരട്ടിക്കുന്നു. ഇവരിൽ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്നതുകൊണ്ട് പൊതുവെ ഭാരം കൂടാറുള്ളതിനാൽ ഇത് ഉപയോഗപ്രദമാണ്. പ്രൊബയോട്ടിക്‌സ് ഇൻസുലിൻ റസിസ്റ്റൻസ് മെച്ചപ്പെടുത്തുകയും കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവ നിരീക്ഷിക്കുകയും ചെയ്യുന്നു. പിസിഒഎസ് ഇല്ലെങ്കിലും പ്രൊബയോട്ടിക്‌സ് കഴിക്കുന്നത് നല്ലതാണ്.
- ഗ്രീൻ ടീ
ഗ്രീൻ ടീയിൽ ഗാലറ്റ് അടങ്ങിയിരിക്കുന്നു. ഇത് കൊഴുപ്പിനെ വിഘടിപ്പിച്ച് ഇല്ലാതാക്കുന്നു. ശരീരത്തിന്റെ ഭാരം കുറക്കുന്ന ഹോർമോൺ-സെൻസിറ്റീവ് എൻസൈമുകളെ ഈ ഫൈറ്റോകെമിക്കലുകൾ സ്വാധീനിക്കുന്നു.
ഫാറ്റ് എരിച്ചു കളയുന്ന തെർമോജെനിസിസിനെയും ഇത് ഊർജ്ജിതപ്പെടുത്തുന്നു. ഗ്രീൻ ടീയിലെ പോളിഫെനോൽ ശരീരത്തിൽ വ്യായാമത്തെ അനുകരിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.
- ഇഞ്ചി
ഇഞ്ചി പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ഓക്കാനത്തിന് ആശ്വാസം നൽകുകയും ചെയ്യുന്നു. കൂടാതെ ഇത് ഭാരം കുറക്കാൻ ഏറ്റവും അനുയോജ്യവുമാണ്. 12 ആഴ്ച സ്ഥിരമായി ഇഞ്ചി കഴിക്കുന്നത് ബിഎംഐ കുറയാൻ സഹായിക്കും. ഭാരം കുറക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത സപ്ലിമെന്റ് എന്നതിനു പുറമെ ഇഞ്ചി ദഹനത്തെയും സഹായിക്കുന്നു. ശരീരത്തിന് വിറ്റാമിനുകളും പോഷകങ്ങളും ശരിയായി സ്വീകരിക്കാൻ കഴിയുന്നു.