spot_img

തിരിച്ചറിയുക; അലോപ്പതി മരുന്നുകളെ കുറിച്ചുള്ള തെറ്റിദ്ധാരണകളും കുപ്രചരണങ്ങളും

പല ഘട്ടങ്ങളിലും നാം മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്. ചിലപ്പോള്‍ രോഗം വരാതിരിക്കാന്‍ അല്ലെങ്കില്‍ വന്ന രോഗം ചികിത്സിക്കാന്‍  അതുമല്ലെങ്കില്‍ വാക്‌സിനുകളായി നാം മരുന്നുകള്‍ കഴിക്കാറുണ്ട്. അലോപ്പതി മരുന്നുകളെ സംബന്ധിച്ച് ധാരാളം തെറ്റിദ്ധാരണകള്‍ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.  ചില അടിസ്ഥാന തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് അലോപ്പതി മരുന്നുകളെല്ലാം ഉപയോഗിക്കുന്നത്. അതിലൊന്നാണ് റിസ്‌ക് ബെനഫിറ്റ് റേഷ്യോ അഥവാ ഗുണവും ദോഷവും തമ്മിലുള്ള അനുപാതം. ഗുണത്തേക്കാളേറെ ദോഷമാണെങ്കില്‍ നാം ആ മരുന്നുകള്‍ ഉപയോഗിക്കില്ല. അതായത് ഗുണമേറിയ മരുന്നുകള്‍ മാത്രമാണ് നാം ഉപയോഗിക്കുന്നുള്ളൂ.

അലോപ്പതിമരുന്നുകളെ കുറിച്ചുള്ള തെറ്റിദ്ധാരണയുടെ കാരണങ്ങള്‍

ഇന്റര്‍നെറ്റിന്റെ തെറ്റായ രീതിയിലുള്ള ഉപയോഗം, സോഷ്യല്‍ മീഡിയയുടെ അതിപ്രസരം, ചില ആളുകളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍, മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി പടച്ചുവിടുന്ന അസത്യങ്ങള്‍. ഇവയെല്ലാമാണ് തെറ്റിദ്ധാരണകള്‍ക്ക് പിന്നിലെ മുഖ്യ കാരണങ്ങള്‍.ഉദാഹരണമായി വാര്‍ഫാറിന്‍ രക്തം കട്ടപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണ്. ഇത് എലിവിഷമല്ലേ എന്ന സംശയം നിരവധിയാണ്. എലിവിഷം എങ്ങനെനെയാണ്‌ മനുഷ്യരില്‍ മരുന്നായി ഉപയോഗിക്കുന്നത്? കാലാകാലങ്ങളായി വാര്‍ഫാറിന്‍ എലിവിഷമായി ഉപയോഗിക്കുന്നു. അതിന് ശേഷമാണ് ഇവ മനുഷ്യരില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. വാര്‍ഫാറിന്‍ റൊഡന്റിസൈഡ് എലി കഴിച്ചാല്‍ ശരീരത്തിനുള്ളില്‍ രക്തസ്രാവമുണ്ടായി എലി ചാവുന്നു. അതേ മരുന്ന് തന്നെയാണ് ഡോസ് കുറച്ച് പല അപകട ഘട്ടങ്ങളിലും ജീവന്‍രക്ഷയ്ക്കായി രോഗികള്‍ക്ക് നല്‍കുന്നത്. ത്രോബോസിസ് പോലുള്ള അവസ്ഥകളെ തടയാന്‍ ഈ മരുന്ന് ഉപയോഗിക്കുന്നു. മനുഷ്യരില്‍ വാര്‍ഫാറിന്‍ ഉപയോഗിക്കുമ്പോള്‍ രക്തത്തിന്റെ അളവ് അറിയാനായി പല ടെസ്റ്റുകളും ഉണ്ട്. ക്യത്യമായ പരിശോധനകള്‍ നടത്തിയാണ് മനുഷ്യരില്‍ ഇവ ഉപയോഗിക്കുന്നത്.

മെന്‍സ്‌ട്രേഷന്‍ ഉണ്ടാകുമ്പോള്‍ വരുന്ന ശാരീരിക അസ്വസ്ഥതകള്‍ (premenstrual syndrome) മാറാനായി പ്രൊജസ്‌ട്രോണ്‍ ഡോക്ടര്‍മാര്‍ സ്ത്രീകള്‍ക്ക്‌ നല്‍കാറുണ്ട്. ഇത് ഗര്‍ഭ നിരോധന ഗുളികകളായും ഉപയോഗിക്കുന്നതാണെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മനസിലാക്കാം. സ്വാഭാവികമായും രോഗികള്‍ക്ക് ഭയവും സംശയവും ഉണ്ടാകും. എന്നാല്‍ മെന്‍സ്‌ട്രേഷനുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ മാറാനും അവ ഫലപ്രദമാണ്. ഇത്തരം സാഹചര്യങ്ങളില്‍ സംശയ നിവാരണത്തിനായി വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശം തേടാവുന്നതാണ്.

ചില വ്യക്തികള്‍ സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി തെറ്റായ വിവരങ്ങള്‍ നല്‍കാറുണ്ട്. ഉദാഹരണത്തിന് ഫാര്‍മക്കോളജിയിലെ പുസ്തകങ്ങള്‍ ചൂണ്ടിക്കാട്ടി കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പാരസെറ്റമോള്‍ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നെന്ന് വാദിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ പനി വരുമ്പോഴോ മറ്റ് സാഹചര്യങ്ങളിലോ നാം കഴിയ്ക്കുന്ന പരാസെറ്റമോളിന്റെ അളവ് 500- 650 മില്ലിഗ്രാമാണ്. ഒരു ദിവസം കൂടിപ്പോയാല്‍ രണ്ടര മുതല്‍ മൂന്നു ഗ്രാം  വരെ കഴിയ്ക്കും. ഒരു ദിവസം പരമാവധി 4-5 ഗ്രാം വരെ കഴിക്കാം. അതിനാല്‍ ആരോഗ്യത്തിന് ദോഷകരമാകും വിധം അല്ല ഇവ കഴിക്കാന്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇതെല്ലാം മറച്ചുവെച്ചാണ് പലരും പല വാദമുഖങ്ങളും ഉന്നയിക്കുന്നത്.

അലോപ്പതിയുടെ ഒരു സൗന്ദര്യമാണ് ഇതെന്ന് പറയേണ്ടി വരും. നാം കഴിയ്ക്കുന്ന ഏത് മരുന്നും ലക്ഷത്തില്‍ ഒരാള്‍ക്ക് ദോഷകരമാകുന്നെങ്കില്‍ പോലും അത് റെക്കോര്‍ഡ് ചെയ്തും പഠിച്ചുമാണ് വൈദ്യശാസ്ത്രം മുന്നോട്ടു പോകുന്നത്. നാം നിത്യവും ഉപയോഗിക്കുന്ന ഈ മരുന്നുകള്‍ രണ്ട് രീതിയിലുള്ള പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാം. അതിലൊന്ന് മരുന്ന്കളുടെ പ്രവര്‍ത്തനം നോക്കി പ്രവചിക്കാന്‍ കഴിയുന്നവയാണ്. മരുന്ന് കണ്ടാല്‍ അവ കഴിയ്ക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ഡോക്ടര്‍ക്ക് ക്യത്യമായി മനസിലാക്കാം. പാര്‍ശ്വഫലങ്ങള്‍ കൊണ്ട്‌ ചിലപ്പോള്‍ രോഗിക്ക് മരണം വരെ സംഭവിക്കാം.രണ്ടാമത്തേത്‌ പ്രവചനാതീതമാണ് . മരുന്നിന്റെ കുഴപ്പം കൊണ്ടല്ല, മറിച്ച്‌ കഴിക്കുന്ന ആളുടെ ജനിതക ഘടനയെ ആശ്രയിച്ചിരിക്കും ഇവിടെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുക. അലര്‍ജി, ഫോട്ടോസെന്‍സിറ്റീവ് റിയാക്ഷന്‍ എന്നിവ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളാണിവ. ഭക്ഷണത്തില്‍ നിന്നും പോലും അത്തരം റിയാക്ഷന്‍സ് ഉണ്ടാകാറുണ്ട്.

അമിതമായാല്‍ അമൃതും വിഷം എന്ന പോലെ, ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്ന് പറയുന്ന അളവില്‍ പറയുന്ന രീതിയില്‍ കഴിയ്ക്കുക. നിങ്ങള്‍ കഴിയ്ക്കുന്ന അലോപ്പതി മരുന്നുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് മരുന്ന് എഴുതി തന്ന ഡോക്ടറിനോട് തന്നെ ചോദിക്കുക. പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ രോഗ വിവരം പറഞ്ഞ് മരുന്ന് വാങ്ങുന്ന ശീലവും ഒഴിവാക്കുക. മരുന്നുകളില്ലാതെ ജീവിക്കുക എന്നതാണ് ഏറ്റവും നല്ലത്‌, അതിന് ആരോഗ്യപൂര്‍ണമായ ജീവിത രീതികള്‍ പിന്തുടരലാണ് മാര്‍ഗം .

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.