spot_img

മഴക്കാലം രോഗങ്ങളുടെ കാലം; അല്‍പം ശ്രദ്ധിച്ചാല്‍ ഫലപ്രദമായി പ്രതിരോധിക്കാം

കഴിഞ്ഞ മഴക്കാലം മലയാളികള്‍ക്ക് പ്രളയക്കാലമായിരുന്നു. ഈ മഴക്കാലം എന്തായിരിക്കും എന്ന കാര്യത്തിലുള്ള ആശങ്കയാണ് എല്ലായിടത്തും. മഴക്കാലം പ്രളയകാലം ആയാലും അല്ലെങ്കിലും രോഗകാലമാണെന്ന ധാരണയും മുന്‍കരുതലും ആവശ്യമാണ്. എത്ര ചെറുതായാലും മഴക്കാലം രോഗകാലം കൂടിയാണ്. പ്രളയത്തിനുശേഷമുള്ള ആദ്യ മഴക്കാലമായതിനാലുള്ള ആശങ്കയ്ക്ക് പുറമെയാണ് മഴക്കാല രോഗങ്ങള്‍ പരത്തുന്ന ആശങ്ക.

സാംക്രമിക രോഗങ്ങള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന രോഗങ്ങള്‍ കൂട്ടമായെത്തുന്ന കാലം എന്നതാണ് മഴക്കാലത്തിന്റെ പ്രത്യേകത. രോഗം പകരാനുള്ള ഏറ്റവും അനുകൂലമായ സാഹചര്യമാണ് മഴക്കാലത്തെ രോഗകാലമാക്കുന്നത്. മലിനമായ ജലവും പരിസരവും ഉയര്‍ന്ന ജനസാന്ദ്രത എന്നിവ വിവിധ ഘടകങ്ങളാണ് രോഗപ്പകര്‍ച്ച വേഗത്തിലാക്കുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് മഴ വരുന്നതോടെ രോഗം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.

രോഗാണു വാഹകരാണ് പകര്‍ച്ചാ വ്യാധികള്‍ പരത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത്. ഇനിയിപ്പോള്‍ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ തന്നെ പലപ്പോഴും രോഗലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. അവര്‍ രോഗാണുക്കളെ വിസര്‍ജിക്കുന്നവരായി മാറും. അവരുടെ മലവും മൂത്രവും വഴി രോഗാണുക്കള്‍ പടരും. ശുചിത്വവും രോഗ പ്രതിരോധ ശേഷിയും മഴക്കാലത്ത് കുറവായിരിക്കും എന്നതിനാല്‍ രോഗങ്ങള്‍ പെട്ടെന്ന് പടര്‍ന്ന് പിടിക്കുന്നു.

മഴക്കാലത്ത് കുടിവെള്ളം മലിനമാകും. ഇതിലൂടെയാണ് മുഖ്യമായും രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത്. മഴക്കാലത്ത് കുടിവെള്ള സ്രോതസ്സുകള്‍ വളരെ പെട്ടെന്ന് മലിനമാക്കപ്പെടും. ഇതുവഴിയാണ് സാംക്രമിക രോഗങ്ങള്‍ മനുഷ്യരിലേക്ക് പടരുന്നത്. ഫാക്ടറികളിലേയും ആശുപത്രികളിലേയും മാലിന്യങ്ങള്‍ കുടിവെള്ള സ്രോതസ്സുകളില്‍ എത്തുകയും ചെയ്യുന്നതോടെ മഴക്കാല രോഗങ്ങളുടെ കാലം തുടങ്ങുകയായി. ഇത് മാത്രമല്ല രോഗ കാരണങ്ങള്‍. ഇവ പ്രശ്നങ്ങളെ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുക.

കുടിവെള്ള സ്രോതസ്സുകളില്‍ വിവിധയിടങ്ങളിലെ മാലിന്യങ്ങള്‍ എത്തുന്നതോടെയാണ് ഈ വഴിക്കുള്ള സാംക്രമിക രോഗങ്ങള്‍ പടരുന്നത്. മലിനമാക്കപ്പെട്ട വെള്ളത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതും പഴങ്ങളും പച്ചക്കറികളും കഴുന്നതും വിവിധ രോഗങ്ങള്‍ക്കിടയാക്കുന്നു.

കൊതുക്

എക്കാലത്തേയും പോലെ കൊതുകാണ് മഴക്കാല രോഗങ്ങളിലെ പ്രധാന വില്ലന്‍. മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടുകളില്‍ കൊതുകുകള്‍ പെറ്റ് പെരുകുന്നു. ഒരു സ്പൂണ്‍ വെള്ളം മതി കൊതുകിന് മുട്ടയിട്ട് പെരുകാന്‍. മനുഷ്യന്റെ അശ്രദ്ധ കൊണ്ടും അല്ലാതെയും രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ടുകളില്‍ മുട്ടയിട്ട് പെരുകുന്ന കൊതുകുകള്‍ മഴക്കാല രോഗങ്ങളിലെ വില്ലന്മാരാണ്. ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി, ജപ്പാന്‍ ജ്വരം എന്നിങ്ങനെയുള്ള മാരക രോഗങ്ങളാണ് കൊതുകു വഴി മനുഷ്യരിലേക്ക് എത്തുന്നത്.

ഓരോ തരം കൊതുകുകളും ഓരോ തരം സ്ഥലങ്ങളിലാണ് മുട്ടയിടുന്നത്. മലിന വെള്ളമാണ് ജപ്പാന്‍ ജ്വരം പരത്തുന്ന കൊതുകുകള്‍ മുട്ടയിടാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പാത്രങ്ങളിലും മറ്റും ശേഖരിക്കുന്ന വെള്ളത്തിലാണ് ചിക്കന്‍ ഗുനിയയും ഡെങ്കിപ്പനിയും പരത്തുന്ന കൊതുകുകള്‍ മുട്ടയിടുന്നത്. പകര്‍ച്ചപ്പനി നിയന്ത്രണത്തിന് കൊതുക് നിയന്ത്രണം അനിവാര്യമാണ്. അതുകൊണ്ട് തന്നെ മലിനജലവും അല്ലാത്ത ജലവും കെട്ടികിടക്കാന്‍ അനുവദിക്കാതിരിക്കുക. മഴയൊക്കെ പെയ്ത് കഴിഞ്ഞാല്‍ മുറ്റത്തും പറമ്പിലുമായി കിടക്കുന്ന പാത്രങ്ങളിലെ വെള്ളവും മറ്റും ഒഴിച്ച് കളയുക. വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ക്ക് മുട്ടയിടാന്‍ സ്ഥലമൊരുക്കാതിരിക്കുക.

ഡെങ്കിപ്പനി

ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് മഴക്കാല രോഗങ്ങളിലെ പ്രധാന വില്ലനായ ഡെങ്കിപ്പനി പരത്തുന്നത്. പനി, ശരീരത്തിലെ നിറംമാറ്റം, ശരീരവേദന, രക്തത്തിലെ പ്ളേറ്റൈറ്റുകളുടെ എണ്ണം കുറയുക തുടങ്ങിയവാണ് പ്രധാന ലക്ഷണങ്ങള്‍.

ജപ്പാന്‍ ജ്വരം

ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ പനിക്കൊപ്പമുള്ള ശക്തമായ തലവേദനയും ഓര്‍മ്മക്കുറവുമാണ്. കൈകാല്‍ തളര്‍ച്ചയും അനുഭവപ്പെടാം.

മഞ്ഞപ്പിത്തം

മലിനമായ ജലമാണ് മഞ്ഞപ്പിത്ത രോഗത്തിന്റെ പ്രധാന ഉറവിടം. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പടരുന്നു. കണ്ണിന് മഞ്ഞനിറം, ആഹാരത്തോട് വെറുപ്പ്, മൂത്രത്തിന് നിറവ്യത്യാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ടോണ്‍സിലൈറ്റസ്

തൊണ്ടയെ ബാധിക്കുന്ന അസുഖങ്ങളിലൊന്നാണ് ടോണ്‍സിലൈറ്റിസ്. പനിക്കൊപ്പം തൊണ്ടവേദന, ആഹാരമിറക്കാന്‍ പ്രയാസം, ചുമ എന്നിവ ഉണ്ടാകും.

വൈറല്‍ പനി

മഴക്കാലത്ത് എളുപ്പം പടര്‍ന്ന് പിടിക്കുന്ന രോഗങ്ങിലൊന്നാണ് വൈറല്‍ പനി. പനി, ശരീര വേദന, ജലദോഷം എന്നിവയാണ് ലക്ഷണങ്ങള്‍.

എലിപ്പനി

ജല മലനീകരണം മൂലമുണ്ടാകുന്ന രോഗങ്ങളിലൊന്ന്. എലി മൂത്രത്തിലെ അണുക്കള്‍ ജല സ്രോതസ്സുകള്‍ വഴി മനുഷ്യരിലെത്തുന്നു. മുറിവുകള്‍ വഴിയാണ് അണുക്കള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത്. പനി, കണ്ണിന് ചുവപ്പ് നിറം, വേദന എന്നിവ കാണും.

ടൈഫോയ്ഡ്

രോഗികളുടെ വിസര്‍ജ്യ വസ്തുകള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന അസുഖമാണ് ടൈഫോയ്ഡ്. ഇടവിട്ട് വരുന്ന പനി, വിശപ്പില്ലായ്മ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. വിറയലും വയറു വേദനയും തലവേദനയും ഉണ്ടാകും.

പ്രതിവിധി

പരിസരം വൃത്തിയായി സൂക്ഷിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, ഇത് രണ്ടുമാണ് പ്രധാനമായി വേണ്ട രണ്ട് ഗുണങ്ങള്‍. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, എണ്ണയും അമിത കൊഴുപ്പുള്ളതുമായ ആഹാരങ്ങള്‍ ഒഴിവാക്കുക. വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധി വരെ മഴക്കാല രോഗങ്ങളില്‍ നിന്ന് രക്ഷ നേടാം. പഴയതും തുറന്നു വെച്ചതുമായ ഭക്ഷണങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്.
കുടിവെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് മഴക്കാല രോഗങ്ങളില്‍ നല്ലൊരു ശതമാനവും പടരുന്നത്. ഇത് രണ്ടും വൃത്തിയുള്ളതാണെന്ന് ഉറപ്പ് വരുത്തണം. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈ വൃത്തിയായി കഴുകണം. രോഗം വന്നാലുടന്‍ ഡോക്ടറെ കാണണം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.