spot_img

മഴക്കാലപൂര്‍വ ശുചീകരണം: ഉത്സവമാക്കി എറണാകുളം ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍

എറണാകുളം ജില്ലയിലെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറുന്നു. പ്രവര്‍ത്തനങ്ങളെല്ലാം ആവേശത്തോടെ ഏറ്റെടുത്ത പഞ്ചായത്തുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്കു കടന്നു.

പാറക്കടവ് ബ്ലോക്കില്‍ പഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ ഓരോ വാര്‍ഡിലും ഹരിതകര്‍മസേന രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തൊഴിലുറപ്പു തൊഴിലാളികളും ശുചീകരണത്തിന്റെ ഭാഗമായുണ്ട്.ബ്ലോക്കിനു കീഴിലെ ചെങ്ങമനാട് പഞ്ചായത്തില്‍ വഴിവക്കില്‍ നിക്ഷേപിച്ചിരുന്ന രണ്ട് മാലിന്യ കൂനകള്‍ നീക്കം ചെയ്ത് വൃത്തിയാക്കി. 25 കിലോ അജൈവ മാലിന്യങ്ങളും ശേഖരിച്ചു നീക്കം ചെയ്തു. 30 കിലോ ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റിംഗിന് വിധേയമാക്കി. പൊതു മാലിന്യ സംസ്‌കരണ സംവിധാനങ്ങളിലൂടെ 30 കിലോ ജൈവ മാലിന്യങ്ങളും സംസ്‌കരിച്ചു.

നെടുമ്പാശ്ശേരി പഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ പ്രധാന കുടിവെള്ള സ്രോതസുകളെല്ലാം വൃത്തിയാക്കി ക്ലോറിനേഷന്‍ നടത്തി. കാടുപിടിച്ചു കിടന്ന കുളങ്ങളും തോടുകളുമാണ് വൃത്തിയാക്കിയത്. റോഡരികിലെ പുല്ലുവെട്ടി മാലിന്യം നിറയുന്നത് ഒഴിവാക്കി. കനാലുകളെല്ലാം ചെളി കോരി വെള്ളമൊഴുക്ക് സുഗമമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. റോഡരുകില്‍ കൂടിക്കിടന്ന 25 മാലിന്യ കൂമ്പാരങ്ങള്‍ നീക്കം ചെയ്തു. 4000 കിലോ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തു. 3500 കിലോ ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റിംഗിന് വിധേയമാക്കി. 500 കിലോ ഇലക്ട്രോണിക് മാലിന്യങ്ങളും നീക്കം ചെയ്തു. പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശാവര്‍ക്കര്‍മാരെ ഉള്‍പ്പെടുത്തി വീടുകളില്‍ ലഘുലേഖ വിതരണവും നടത്തി.

കുന്നുകര പഞ്ചായത്തില്‍ 30 ഉം പാറക്കടവ് പഞ്ചായത്തില്‍ 31 ഉം മാലിന്യ കൂമ്പാരങ്ങള്‍ റോഡരികില്‍ നിന്നും പൊതു ഇടങ്ങളില്‍ നിന്നും നീക്കം ചെയ്തു. കുന്നുകര പഞ്ചായത്തില്‍ നിന്നും 3500 കിലോ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തു. 3500 കിലോ ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റിംഗിന് വിധേയമാക്കി. 500 കിലോ ഇലക്ട്രോണിക് മാലിന്യങ്ങളും നീക്കം ചെയ്തു. പാറക്കടവ് പഞ്ചായത്തില്‍ 21 മാലിന്യ കൂമ്പാരങ്ങളാണ് നീക്കം ചെയ്തത്. 680 കിലോ അജൈവ മാലിന്യം ശേഖരിച്ചു. 130 കിലോ കുഴി കമ്പോസ്റ്റിന് വിധേയമാക്കി. ഏഴ് കിലോ ഇലക്ട്രോണിക് മാലിന്യങ്ങളും നീക്കം ചെയ്തു.

പുത്തന്‍ വേലിക്കര പഞ്ചായത്തില്‍ 75 കിലോ ജൈവ മാലിന്യങ്ങളും ശ്രീ മൂലനഗരം പഞ്ചായത്തില്‍ 100 കിലോ ജൈവ മാലിന്യങ്ങളും ശേഖരിച്ചു. പുത്തന്‍വേലിക്കര പഞ്ചായത്തില്‍ 990 കിലോ മാലിന്യങ്ങളും ശ്രീ മൂലനഗരം പഞ്ചായത്തില്‍ 1900 കിലോ മാലിന്യങ്ങളും കമ്പോസ്റ്റിംഗിന് വിധേയമാക്കി.

മഴയ്ക്ക് മുമ്പേ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ പഞ്ചായത്തുകളും. ആലങ്ങാട് ബ്ലോക്കിനു കീഴിലെ ആലങ്ങാട്, കരുമാലൂര്‍, വരാപ്പുഴ, കടുങ്ങല്ലൂര്‍ എന്നീ പഞ്ചായത്തുകളില്‍ എല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നു. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആണ് എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

പകര്‍ച്ചവ്യാധികള്‍ പെരുകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി മഴയ്ക്കു മുന്‍പേ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞത്തിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു. പഞ്ചായത്ത് തലത്തില്‍ വാര്‍ഡ് തല സമിതികള്‍ സജീവമാക്കി. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരെ സംയോജിപ്പിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ നടന്നു വരുന്നത്.

വ്യവസായ മേഖല ആയതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് പഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. അതിഥി തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന ഭാഗങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകളും ശുചീകരണ പ്രവര്‍ത്തനങ്ങളും ആശാ വര്‍ക്കര്‍മാര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ നടത്തിവരികയാണ്. പൊതു സ്ഥലങ്ങളില്‍ നിന്നും കാനുകളില്‍ നിന്നുമുള്ള മാലിന്യങ്ങളും നീക്കം ചെയ്തു.

പഞ്ചായത്തിനു കീഴിലെ 20 വാര്‍ഡുകളിലും തൊഴിലുറപ്പ്, കുടുംബശ്രീ, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്നത്. അവശേഷിക്കുന്ന പിഡബ്ല്യുഡി റോഡിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഈ ആഴ്ചയോടെ പൂര്‍ത്തീകരിക്കും.

പഞ്ചായത്തിനു കീഴിലെ 21 വാര്‍ഡുകളിലും വാര്‍ഡ് തല കമ്മിറ്റികള്‍ രൂപീകരിച്ചാണ്‌ ആലങ്ങാട് പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആശാവര്‍ക്കര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും  പൊതുഇടങ്ങള്‍ വൃത്തിയാക്കുകയും ചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഇതുവരെയുള്ള നടപടികള്‍ പരിശോധിക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ആയി ഈ മാസം 29ന് പഞ്ചായത്തുതലത്തില്‍ യോഗം ചേരും.

വരാപ്പുഴ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും കിണര്‍ ക്ലോറിനേഷനും ആശാവര്‍ക്കര്‍മ്മാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി നടന്നുവരികയാണ്.

കാനകളില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയുക. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉപയോഗങ്ങള്‍ കുറയ്ക്കുക, തോട്ടങ്ങളും അഥിതി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളും ആക്രി കടകളും സന്ദര്‍ശിക്കുക. റബര്‍തോട്ടങ്ങളില്‍ ചിരട്ടകളില്‍ വെള്ളം കെട്ടിക്കിടന്ന് പകര്‍ച്ചവ്യാധികള്‍ പെരുകുന്നതിനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കുക എന്നിങ്ങനെ വിപുലമായ രീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും പുരോഗമിക്കുകയാണ്.

ഗാര്‍ഹികം, സ്ഥാപനം, പൊതു തലം എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 50 വീടിന് ഒരു ക്ലസ്റ്റര്‍ എന്ന നിലയില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ശുചിത്വ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. 200 വീടിന് ഒരു കണ്‍വീനറെയും നിയോഗിച്ചിട്ടുണ്ട്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.