നമ്മുടെ കുട്ടികളെല്ലാവരും വേനലവധിയൊക്കെ ആഘോഷിച്ച് സ്‌കൂളിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. സ്‌കൂളുകള്‍ തുറക്കുന്ന ഒരു സമയമാണ്, സ്‌കൂളുകള്‍ തുറക്കുന്നതിനൊപ്പം മഴ തുടങ്ങുന്ന സമയവുമാണിത്. അപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നാം കുട്ടിയുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
മഴക്കാല രോഗങ്ങളെ പറ്റി നാമെല്ലാവരും കേട്ടിട്ടുണ്ട്. രോഗങ്ങളെ പറ്റി ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അതിന്റെ പ്രതിരോധത്തെ പറ്റി നമ്മളധികം ചിന്തിക്കാറില്ല. രോഗം വരുമ്പോള്‍ പോയി ചികിത്സിക്കുക എന്നതാണ് നാം സാധാരണയായി ചെയ്യാറ്. അപ്പോള്‍ ഇവിടെ അക്കാര്യത്തില്‍ ഒരു മാറ്റം സ്വീകരിക്കാം. പ്രതിരോധമാണ് എപ്പോഴും ചികിത്സയേക്കാള്‍ നല്ലത്. അപ്പോള്‍ മഴക്കാലത്തില്‍ കുട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഞാനിവിടെ പറയാന്‍ പോകുന്നത്. ഇതില്‍ മൂന്നു കാര്യങ്ങളാണ് പ്രധാനമായുള്ളത്. ഒന്ന് പകര്‍ച്ച വ്യാധികള്‍. രണ്ടാമതായി ആസ്മ, അലര്‍ജി രോഗങ്ങള്‍, മൂന്നാമതായി ത്വക്ക് സംബന്ധമായ രോഗങ്ങള്‍.
പകര്‍ച്ചവ്യാധി
പകര്‍ച്ച വ്യാധികളെന്നു പറയുമ്പോല്‍ പ്രധാനമായും ഫ്‌ളൂ പോലുള്ള രോഗങ്ങള്‍. ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ പനി, ജലദോഷം, ചുമ, ശരീര വേദന മുതലായവയാണ്. അതോടൊപ്പം തന്നെ അതീവ ക്ഷീണവും കുട്ടികളില്‍ കാണാറുണ്ട്. പ്രധാനമായും ഇത് വായു വഴി പരക്കുന്ന അസുഖമാണ്. അപ്പോള്‍ അത്തരം അസുഖമുള്ള കുട്ടികളുമായി ഇടപഴകാതിരിക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അടുത്തതായി നമ്മള്‍ ശ്രദ്ധിക്കേണ്ടത് കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവുമാണ്. വെള്ളത്തിലൂടെ പകരുന്ന വൈറല്‍ ബാക്ടീരിയല്‍ വയറിളക്ക രോഗങ്ങളുണ്ട്. അതു പൊതുവായി കുട്ടികളില്‍ കാണുന്ന ഒരു അവസ്ഥയാണ്. ഡയേറിയ എന്നൊക്കെ അതിന് പറയും. അതില്‍ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം തിളപ്പിച്ചാറിയ വെള്ളം മാത്രം കുട്ടികള്‍ക്ക് കൊടുക്കുക എന്നുള്ളതാണ്. കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ അവര്‍ക്ക് തിളപ്പിച്ചാറിയ വെള്ളം കൊടുത്ത് വിടുക. പുറത്തു നിന്നുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. വീട്ടിലുണ്ടാക്കിയതും വേവിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുക. അതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. പുറത്തു നിന്നും വാങ്ങുന്ന ഭക്ഷണത്തിന് ശുചിത്വമോ ഗുണമേന്മയോ നമുക്ക് തിട്ടപ്പെടുത്താനാവില്ല. അത്തരത്തില്‍ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതു വഴി വയറിളക്ക രോഗങ്ങളില്‍ നിന്ന് നമുക്ക് രക്ഷ നേടാം.
ഡെങ്കിപ്പനി
അടുത്തതായി എല്ലാവരും ഭീതിയോടെ കാണുന്ന ഡെങ്കിപ്പനി എന്ന രോഗത്തെ പറ്റിയാണ്. സൂക്ഷിച്ചില്ലെങ്കില്‍ ഏറെ വിഷമ ഘട്ടങ്ങളിലേക്ക് കൊണ്ടെത്തിക്കുന്ന ഒരു രോഗമാണിത്. ഇത് പകരുന്നത് കൊതുകുകളിലൂടെയാണ്. ഡെങ്കിപ്പനി പ്രതിരോധിക്കുന്ന എന്നതിന് കൊതുകള്‍ പെരുകുന്നത് തടയുക, കൊതുക് കടിയേല്‍ക്കാതെ നോക്കുക തുടങ്ങിയവയാണ് മാര്‍ഗം. കൊതുകുകളുടെ വളര്‍ച്ച തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് അതത് നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നതാണ്. ആഴ്ചയിലൊരു ദിവസം ഡ്രൈ ഡേ ആചരിക്കുക. കാരണം ഡെങ്കിപ്പനി പോലുള്ള മറ്റ് പകര്‍ച്ചപ്പനികള്‍ അതെല്ലാം ഈ ഈഡിസ്, ഈജിപ്തി കൊതുകുകളിലൂടെയാണ് പകരുന്നത്. അത് കെട്ടിക്കിടക്കുന്ന ജലങ്ങളിലാണ് മുട്ടയിടുന്നത്. അപ്പോള്‍ ഡ്രൈ ഡേ ആചരിക്കുന്ന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ വീടിലും പരിസരങ്ങളിലും കവറുകളിലും പാത്രങ്ങളിലും മറ്റുമായി കെട്ടികിടക്കുന്ന മലിന ജലം കമിഴ്ത്തി കളയുക മുതലായവയാണ്. അപ്പോള്‍ കൊതുകു വളരുന്ന സാഹചര്യം നമുക്ക് തടയാനാകും. പിന്നെ ചെയ്യേണ്ട കാര്യം കൊതുകുകടി ഏല്‍ക്കാതിരിക്കുക എന്ന കാര്യമാണ്. ഇതിന് കൊതുകു വലകള്‍ ഉപയോഗിക്കുക. കൊച്ചു കുട്ടികള്‍ക്ക് കൈയും കാലും കവറു ചെയ്യുന്ന തരത്തിലുള്ള വസ്ത്രങ്ങല്‍ ധരിപ്പിക്കുക എന്നുള്ള കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കുക. ഇങ്ങനെയാണ് നാം പകര്‍ച്ച വ്യാധികള്‍ പ്രധാനമായും തടയേണ്ടത്.
ആസ്ത്മ, അലര്‍ജി
ചിലകുട്ടികള്‍ക്ക് അടുപ്പിച്ചടുപ്പിച്ച് മാസത്തില്‍ രണ്ടും മൂന്നും പ്രാവിശ്യം കഫകെട്ട് വരാം. മഴക്കാലത്ത് ആ സ്വഭാവം കൂടുതലായി കാണാറുണ്ട്. ചിലപ്പോള്‍ അവരുടെ രക്തത്തില്‍ അലര്‍ജിയുടെ അണുക്കള്‍ ഉണ്ടാവാം. ഈ അലര്‍ജി രോഗങ്ങള്‍ തടയാന്‍ വേണ്ടിയിട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. അലര്‍ജി രോഗങ്ങള്‍ 50 ശതമാനം മാത്രമാണ് മരുന്നുകള്‍ കൊണ്ട് മാറ്റാനാകുന്നത്. ബാക്കി നമ്മുടെ ശാരീരിക പരിപാലനും അനുസരിച്ചിരിക്കും. പൊടിയടിക്കുക, പുകയടിക്കുക, മഴ നനയുക, തുടങ്ങിയവയാല്‍ ആസ്മ അലര്‍ജി രോഗങ്ങള്‍ കൂടാനുള്ള ഒരു സാധ്യതയുണ്ട്. നമ്മള്‍ മരുന്ന് കഴിച്ചതു കൊണ്ട് മാത്രം അതിനെ തടയാനാവില്ല. അതിനൊപ്പം രോഗം പിടിപെടാനുള്ള സാഹചര്യങ്ങളില്‍ നിന്ന് അകലം പാലിക്കുക. രോഗം ഉള്ളവരില്‍ നിന്ന് അകലം പാലിക്കുക. ഇത്തരത്തില്‍ ആസ്മ ട്രിഗേഴ്സ് ഒഴിവാക്കാനാവും.
ത്വക്ക് സംബന്ധമായ രോഗങ്ങള്‍
മഴക്കാലമാകുമ്പോള്‍ നനയുന്നതും കാലില്‍മേല്‍ ചെളി പിടിക്കുന്നതും സ്വാഭാവികമാണ്. ആ സാഹചര്യത്തില്‍ കൈകാലുകളും ശരീരവും ചൂടുവെള്ളത്തില്‍ കഴുകുക. കാരണം മഴക്കാലത്ത് കാലുകളുടെ വിരലുകളുടെ ഇടയിലും മറ്റും ഈര്‍പ്പം തങ്ങി നില്‍ക്കാനുള്ള സാഹചര്യമുണ്ട്. ഇതുമൂലം ഫംഗസ്, ബാക്ടീരിയ അണുബാധ ഉണ്ടാകാനുള്ള സാഹചര്യം കൂടുതലാണ്. വളംകടി മുതലായവ ഉണ്ടാകാന്‍ കാരണമാകുന്നു. അതിനാല്‍ മഴക്കാലത്ത് കുട്ടികളുടെ കെകാലുകളും മറ്റും വൃത്തിയായി സൂക്ഷിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക. ഫംഗസ് അണുബാധ യുണ്ടാകുന്ന ആളാണെങ്കില്‍ അവിടെ ചെറിയ പഞ്ഞി കഷണം വക്കുന്നത് നല്ലതാണ്. അത് ഈര്‍പ്പം ഇല്ലാതിരിക്കാന്‍ സഹായിക്കുന്നു.