spot_img

ആധുനിക വൈദ്യശാസ്ത്രം : സത്യവും മിഥ്യയും

ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ ആളുകള്‍ക്കിടയിലുണ്ട്. 1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഇവിടുത്തെ മനുഷ്യരുടെ ശരാശരി ആയുസ്സ് 45 നും 50 നും ഇടയിലായിരുന്നു. പിന്നീട് ആധുനിക ശാസ്ത്രവും സാങ്കേതിക വിദ്യകളും വികസിച്ചപ്പോള്‍ ഇന്നത്തെ ശരാശരി ആയുസ്സ് 70 നും 75നും ഇടയിലെത്തി. അതൊരു ചെറിയ നേട്ടമല്ല. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ നമുക്ക് കൂട്ടിക്കിട്ടിയത് 30 വര്‍ഷത്തെ ആയുസ്സാണ്.

ഹരിത വിപ്ലവം, ശ്വേത വിപ്ലവം തുടങ്ങി നിരവധി മാറ്റങ്ങള്‍ ഇതിനിടയില്‍ ഇന്ത്യയില്‍ സംഭവിച്ചു. ബംഗാള്‍ ക്ഷാമം പോലൊരു സംഭവം പിന്നീടൊരിക്കലും ഇന്ത്യയില്‍ ഉണ്ടാവാതിരുന്നത് പഞ്ചവത്സര പദ്ധതികളുടെയും ഭക്ഷ്യസുരക്ഷാ മാര്‍ഗങ്ങളുടെയുമെല്ലാം ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപ്പാക്കലിന്റെ ഫലമാണ്. ഹരിത വിപ്ലവത്തിലൂടെയായാലും മറ്റു മാറ്റങ്ങളിലൂടെയായാലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ നിരവധിയായ കെമിക്കലുകളും രാസവസ്തുക്കളും ഉപയോഗിച്ചിട്ടുണ്ട്. ആന്റിബയോട്ടിക് റെവല്യൂഷന്‍ എന്നൊരു വലിയ മാറ്റവും ഇതിനിടയില്‍ ആധുനിക വൈദ്യശാസ്ത്ര രംഗത്ത് സംഭവിക്കുകയുണ്ടായി.

എന്നാല്‍ ആന്റിബയോട്ടിക്കുകളെ കുറിച്ച് വളരെ തെറ്റായ ധാരണകളാണ് ഇന്ന് നമുക്കിടയിലുള്ളത്. പത്രമാധ്യമങ്ങളിലൂടെയും അല്ലാതെയും കിട്ടുന്ന തെറ്റായ വിവരങ്ങളുടെ ഫലമായാണ് ആന്റി ബയോട്ടിക്കുകള്‍ക്കെതിരായ മനോഭാവം ആളുകളില്‍ ഉണ്ടായത്. ആന്റി ബയോട്ടിക്കുകള്‍ വിഷമാണ്, അത് കാന്‍സറുണ്ടാക്കുന്നു, കരളിനെ ബാധിക്കുന്നു തുടങ്ങി പലതരം തെറ്റായ വിവരങ്ങളാണ് ആളുകള്‍ക്കിടയിലുള്ളത്. എന്നാല്‍ വിവിധതരം അണുബാധകള്‍, രോഗങ്ങള്‍ എന്നിവക്കെതിരെ ആന്റി ബയോട്ടിക്കുകള്‍ കണ്ടെത്തിയതിന്റെ കൂടി ഫലമാണ് ഇന്നത്തെ നമ്മുടെ ശരാശരി ആയുസ്സ് 75ല്‍ എത്തിയത്‌.

അഞ്ചാം പനി, പോളിയോ, റൂബെല്ല, ക്ഷയം, കുഷ്ഠം എന്നിവ പ്രതിരോധ കുത്തിവെയ്പുകള്‍ ഉപയോഗിച്ച്  ഉന്മൂലനം ചെയ്യാന്‍ നമുക്ക് സാധിച്ചു. എന്തിന് എയ്ഡ്സ് പോലുള്ള വലിയ അസുഖങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിച്ചതും ആധുനിക വൈദ്യശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സങ്കേതങ്ങള്‍ ഉപയോഗിച്ചതിലൂടെയാണ്. മലേറിയക്കെതിരായ പോരാട്ടവും ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് നടത്തിയത്.

പൊതുവെ കാണപ്പെടുന്ന ചില പ്രശ്നങ്ങളെക്കുറിച്ച് പറയാം. നിരവധി വ്യാജന്മാരുള്ള ഒരു മേഖല കൂടിയാണ് ആധുനിക വൈദ്യശാസ്ത്രം. ശരിയായ ബിരുദമില്ലാത്തവരും മറ്റ് ശാഖയില്‍ നിന്ന് വൈദ്യം പഠിച്ച് മോഡേണ്‍ മെഡിസിന്‍ പരിശീലിക്കുന്നവരും നിരവധിയുള്ള നാടാണ് നമ്മുടേത്. അവര്‍ തെറ്റായ ചികിത്സാ രീതികള്‍ പിന്തുടരുന്നതും അതുവഴി രോഗികള്‍ കഷ്ടതയനുഭവിക്കുന്നതും ആധുനിക വൈദ്യശാസ്ത്രത്തിന് ചീത്തപ്പേരുണ്ടാക്കുന്നുണ്ട്. മറ്റൊന്ന്, മരുന്നുകള്‍ രോഗികള്‍ അവരുടെ സൗകര്യമനുസരിച്ച് കഴിക്കുന്ന രീതിയാണ്. ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ രോഗികള്‍ അവരുടെ ഇഷ്ടപ്രകാരം കഴിക്കുന്നതായി കാണാറുണ്ട്. ഡോസ് കുറച്ചോ, എണ്ണം കുറച്ചോ, ചില മരുന്നുകള്‍ ഒഴിവാക്കിയോ ഒക്കെ ചിലര്‍ സ്വയം ചികിത്സിക്കാറുണ്ട്. ഇങ്ങനെ ചെയ്ത്‌ രോഗം മാറാതിരിക്കുകയോ മറ്റെന്തെങ്കിലും പ്രയാസം വരികയോ ചെയ്യുമ്പോള്‍ ഡോക്ടറെയോ ചികിത്സാ ശാസ്ത്രത്തെയോ കുറ്റം പറയുന്നു.

ശ്വാസം മുട്ടല്‍, ബിപി, പ്രമേഹം പോലുള്ള അസുഖങ്ങള്‍ക്ക് ഒരു തവണ ഡോക്ടറെ കണ്ട് എഴുതിക്കിട്ടിയ മരുന്ന് പിന്നീടൊരിക്കല്‍ പോലും ഡോക്ടറെ സന്ദര്‍ശിക്കുകയോ ഉപദേശം തേടുകയോ ചെയ്യാതെ വര്‍ഷങ്ങളോളം കഴിക്കുന്ന ചിലരുമുണ്ട്. ഇത്തരം രോഗികള്‍ക്ക് നിരന്തരമായ മരുന്നുപയോഗത്തിലൂടെ മറ്റെന്തെങ്കിലും രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ അത് ഈ മരുന്നുകളുടെ പാര്‍ശ്വഫലമാണെന്ന രീതിയില്‍ മാത്രമാണ് അവര്‍ മനസ്സിലാക്കുന്നത്. മരുന്നുകള്‍ക്ക് പാര്‍ശ്വഫലമുണ്ട്. ഇല്ല എന്ന് ഒരു ഡോക്ടറും പറയില്ല. എന്നാല്‍ അവ രോഗലക്ഷണങ്ങളും ശാരീരിക വ്യത്യാസങ്ങളും അനുസരിച്ച് ഡോക്ടര്‍മാര്‍ ഇക്കാര്യം
ശ്രദ്ധിക്കുകയും പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. അതുകൊണ്ട്‌ ഡോക്ടറുടെ അഭിപ്രായം തേടാതെ ദീര്‍ഘകാലം സ്വയം മരുന്ന് കഴിച്ച് വരുത്തിവെക്കുന്ന അസുഖങ്ങളെയല്ല പാര്‍ശ്വഫലങ്ങളെന്ന് പറയുന്നത്. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ ഇടയ്ക്കിടെ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തി അതിനനുസരിച്ച് ഡോസുകളില്‍ വ്യത്യാസം വരുത്തേണ്ടതുണ്ട്.

പൊതുവെ ആളുകള്‍ ചോദിക്കുന്ന ഒരു ചോദ്യമാണ്, ആയുസ്സ് വര്‍ധിച്ചെങ്കിലും എല്ലാവരും രോഗബാധിതരാണല്ലോ എന്നത്. നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഇവിടുത്തെ ജനസംഖ്യ 47 കോടി മാത്രമായിരുന്നു. ഇന്നത് 120 കോടിയാണ്, ഏതാണ്ട് മൂന്നിരട്ടി. ജനസംഖ്യ കൂടുമ്പോള്‍ രോഗികളുടെ എണ്ണവും കൂടുന്നത് സ്വാഭാവികമാണ്. മറ്റൊരു തെറ്റിദ്ധാരണ, ഇന്നത്തെക്കാലം വളരെ മോശമാണെന്നും പണ്ട് വളരെ നല്ലകാലവും എല്ലാവരും ആരോഗ്യമുള്ളവരുമായിരുന്നു എന്നതാണ്. അത് തികച്ചും തെറ്റാണ്. ഇന്നത്തെ രോഗങ്ങള്‍ അന്നുമുണ്ടായിരുന്നു. ഒരുപക്ഷെ കൂടുതല്‍ പേരില്‍ കൂടുതല്‍ തീവ്രമായി. എന്നാലിന്നത്തേതു പോലെ രോഗം കണ്ടുപിടിക്കാനുള്ള സംവിധാനങ്ങള്‍ അന്നുണ്ടായിരുന്നില്ല. സ്‌കാനിങ്, രക്ത പരിശോധനകള്‍ തുടങ്ങിയ രോഗനിര്‍ണ്ണയ സംവിധാനങ്ങള്‍ വളരെ പുതുതാണ്. അതുകൊണ്ടുതന്നെ ഇന്ന് കൂടുതല്‍ ആളുകളില്‍ രോഗം കണ്ടെത്തപ്പെടുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്നു എന്ന വ്യത്യാസമേയുള്ളൂ. പണ്ട് ആളുകള്‍ രോഗം തിരിച്ചറിഞ്ഞിരുന്നില്ല.  ടിബി, ലെപ്രസി (ക്ഷയം, കുഷ്ഠം) പോലുള്ള രോഗങ്ങള്‍ വന്നും ആളുകള്‍ മരിക്കുമായിരുന്നു. കാന്‍സര്‍ അന്നുമുണ്ടായിരുന്നു, തിരിച്ചറിഞ്ഞിരുന്നില്ല എന്നു മാത്രം.

ഇന്ന് അത്തരം സാഹചര്യമില്ല.  രോഗനിര്‍ണ്ണയ സംവിധാനങ്ങള്‍ വ്യാപകമായതോടെ ആളുകള്‍ രോഗങ്ങള്‍ കണ്ടെത്തുകയും ചികിത്സ തേടുകയും ചെയ്യുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ തന്നെ ബൃഹത്തായ ചികിത്സാ സംവിധാനങ്ങള്‍ ഇന്ന് എല്ലാവര്‍ക്കും ലഭ്യമാകുന്നുണ്ട്. ഇപ്പോഴും കണ്ടെത്തപ്പെടാത്ത നിരവധി രോഗങ്ങളുണ്ട്. കണ്ടെത്തിയ രോഗങ്ങള്‍ക്ക് ചികിത്സ കണ്ടെത്താത്ത സാഹചര്യവുമുണ്ട്. മരുന്നുകള്‍ക്ക് പാര്‍ശ്വഫലമുണ്ട്. എന്നാല്‍ നമുക്ക് ലഭ്യമായതില്‍വെച്ച് അങ്ങേയറ്റം സുരക്ഷിതമായ ചികിത്സാരീതി ആധുനിക വൈദ്യശാസ്ത്രമാണ്. ഓരോ മരുന്നുകളും ചികിത്സാരീതികളും അനവധിയായ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് നിങ്ങളിലേക്കെത്തുന്നത്. അവയ്ക്കെല്ലാം അന്താരാഷ്ട്ര മേല്‍നോട്ടവും നിയന്ത്രണവുമുണ്ട്. എന്നാല്‍ മറ്റു പല ചികിത്സാ രീതികളുടെയും അവസ്ഥ ഇതല്ല.

ആധുനിക വൈദ്യശാസ്ത്രം നമ്മുടെയൊക്കെ ജീവിതത്തിനു നല്‍കിയ സംഭാവനകള്‍ വിസ്മരിച്ച് തെറ്റായ വിവരങ്ങളില്‍പ്പെട്ട് സ്വയം വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.