spot_img

ടോയ്‌ലെറ്റിലെ മൊബൈല്‍ ഉപയോഗം വേണ്ട; രോഗങ്ങളെ നിങ്ങള്‍ വിളച്ചു വരുത്തുകയാണ് എന്നോര്‍ക്കുക

പലരുടെയും രാവിലത്തെ പത്ര വായന നടക്കുന്നത് ടോയ്‌ലറ്റിലാണ്. പത്രം മാത്രമല്ല കോമിക്‌സും മാഗസിനുകളും ടോയ്‌ലറ്റില്‍ കൊണ്ടു പോയി വായിക്കുന്നവര്‍ ധാരാളമാണ്. മാഗസിനുകള്‍ ടോയ്‌ലറ്റില്‍ തന്നെ സൂക്ഷിക്കുന്നവരുമുണ്ട്. ഇന്ന് മൊബൈല്‍ ഫോണ്‍ കൈയിലില്ലാത്തത് വിരലുകളില്ലാത്തതു പോലെയാണ്. അതു കൊണ്ട് മൊബൈലുമായാണ് പലരും ടോയ്‌ലറ്റില്‍ പോകുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പരതാനോ, ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വായിക്കാനോ, ഗെയിം കളിക്കാനോ ഒക്കെയാണ് പലരും മൊബൈലുമായി പോകുന്നത്. അമിതമായി ഗെയിം കളിക്കുന്നവര്‍ ടോയ്‌ലറ്റില്‍ ദീര്‍ഘ സമയം ചെലവഴിക്കുന്നു.

എന്നാല്‍ ടോയ്‌ലറ്റില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു പോകുന്നത് ആരോഗ്യകരമാണോ ? അല്ല എന്നാണ് നിരവധി പഠനങ്ങള്‍ പറയുന്നത്. ടോയ്‌ലറ്റിലെ അണുക്കള്‍ ഫോണില്‍ പ്രവേശിക്കാനും പിന്നീട് അത് നിങ്ങളുടെയോ മറ്റുള്ളവരുടെയോ ശരീരത്തിലേക്ക് പ്രവേശിക്കാനും ഇടയാക്കുന്നു.

മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ നാം കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ചെലവഴിക്കുന്നു. ഈ സമയമാണ് യഥാര്‍ത്ഥ വില്ലന്‍. കൂടുതല്‍ സമയം ഇരിക്കുന്നത് മലദ്വാരത്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നു. മല ദ്വാരത്തില്‍ സമ്മര്‍ദ്ദം കൂടുന്നത് മൂലക്കുരു പോലുള്ള രോഗത്തിന് കാരണമാകുന്നു. കൂടാതെ വേദന, വീക്കം, രക്തസ്രാവം എന്നിവയ്ക്ക് കാരണമാകുന്നു. ടോയ്‌ലറ്റില്‍ നിന്നും ഇകോളി, സാല്‍മൊണല്ല, സി ഡിഫിസൈല്‍ തുടങ്ങിയ ബാക്ടീരിയകള്‍ ഫോണില്‍ പ്രവേശിക്കാനും പിന്നീട് ശരീരത്തിലെത്താനും സാധ്യതയുണ്ട്. ടോയ്‌ലറ്റ് ഉപയോഗത്തിനു ശേഷം കൈകള്‍ വൃത്തിയായി കഴുകുന്നതിനു മുമ്പ് ഫോണ്‍ വീണ്ടും കൈയിലെടുക്കുമ്പോഴും, ഫോണ്‍ ടോയ്‌ലറ്റ് വിന്‍ഡോയിലോ ഫ്‌ളഷിനു മുകളിലോ വെക്കുമ്പോഴും ഫോണില്‍ അണുക്കള്‍ പ്രവേശിക്കാം. നിങ്ങളുടെ വിസര്‍ജ്യത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് അണുബാധയേല്‍ക്കുന്ന സാഹചര്യമാണ് ഇതിലൂടെ സംഭവിക്കുന്നത്. നിങ്ങള്‍ക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്കും ഇതിലൂടെ രോഗം പകരുന്നു.

പബ്ലിക് ടോയ്‌ലറ്റുകളില്‍ രോഗബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. നിരവധിയാളുകള്‍ ഉപയോഗിക്കുന്നതായതിനാല്‍ പലവിധത്തിലുള്ള അണുക്കള്‍ ടോയ്‌ലറ്റില്‍ പറ്റിപ്പിടിച്ചിരിപ്പുണ്ടാകും. ടോയല്റ്റിലെ ടാപ്പിലും ഡോറിലും ഫ്‌ളഷിലുമെല്ലാം തൊടുന്നതിനാല്‍ പുറത്തിറങ്ങിയാലുടന്‍ വൃത്തിയായി കൈകള്‍ കഴുകണം. പബ്ലിക് ടോയ്‌ലറ്റില്‍ ഒരു കാരണവശാലും മൊബൈല്‍ ഉപയോഗിക്കരുത്. ഫോണില്‍ നിന്ന് നിങ്ങള്‍ക്കും ചുറ്റിലുമുള്ളവര്‍ക്കും രോഗബാധയേല്‍ക്കാം. ഫോണ്‍ പെട്ടെന്ന് ചൂട് പിടിക്കുന്നതിനാല്‍ ബാക്ടീരിയകള്‍ക്ക് സുഖമായി ഇടംപിടിക്കാന്‍ കഴിയുന്നു. ഫോണിനു മുകളില്‍ എന്തെങ്കിലും മധുരമുള്ള സാധനങ്ങള്‍ വെച്ചിരുന്നെങ്കില്‍ അതും ബാക്ടീരിയകള്‍ക്ക് വസിക്കാന്‍ അവസരമൊരുക്കുന്നു.

ടോയ്‌ലറ്റില്‍ ഷെല്‍ഫുകളോ മറ്റോ ഉണ്ടെങ്കില്‍ അവിടെ സുരക്ഷിതമായി വെക്കാം എന്നു കരുതുന്നതും വിഡ്ഢിത്തമാണ്. ടോയ്‌ലറ്റിന്റെ ഓരോ മുക്കിലും മൂലയിലും അണുക്കള്‍ ഉണ്ടാകും. ടോയ്‌ലറ്റിലെ ഓരോ ചലനത്തിലും കൈകള്‍ എവിടെയെല്ലാം തൊടുന്നുവെന്ന് ശ്രദ്ധിക്കുക. ഓരോ തവണയും അണുക്കളിലാണ് കൈ വെക്കുന്നതെന്ന് ഓര്‍ക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.