spot_img

വൈകാരിക പീഡനം : ഹ്രസ്വകാല, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍

ശാരീരിക പീഡനത്തേക്കാള്‍ കൂടുതല്‍ അപകടകരമാണ് വൈകാരികമായ പീഡനം. എന്തെന്നാല്‍ വൈകാരികമായി പീഡിപ്പിക്കപ്പെടുന്നതിന്റെ പ്രത്യാഘാതം കാലങ്ങളോളം നിലനില്‍ക്കുന്നു. ഒരാളെ വൈകാരികമായി പീഡിപ്പിക്കുന്നത് ചിലപ്പോള്‍ അയാളെ പൂര്‍ണ്ണമായും തകര്‍ത്തു കളഞ്ഞേക്കും. 

വൈകാരിക പീഡനത്തിന്റെ ഹ്രസ്വകാല പ്രത്യാഘാതങ്ങള്‍

വൈകാരിക പീഡനത്തിന്റെ ഹ്രസ്വകാല പ്രതികരണങ്ങള്‍ പലപ്പോഴും ഞെട്ടലോ ഭയമോ ഒക്കെയായിരിക്കും. അത്തരമൊരു പെരുമാറ്റം അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നതിനാല്‍ അത് അയാളുടെ ജീവിതത്തിന്റെ സന്തുലനം തെറ്റിക്കുന്നു. ഇതുവരെ വിശ്വസിച്ചിരുന്ന പലതും കീഴ്മേല്‍ മറിയുന്നു. ഇവിടെയാണ് ഇരകള്‍ വ്യത്യസ്ത രീതിയില്‍ പെരുമാറുന്നതും പ്രതികരിക്കുന്നതും.

 1. ആശങ്കയും നിഷേധവും ഇടകലര്‍ന്ന വികാരങ്ങള്‍

വൈകാരിക പീഡനത്തിന് ഇരയായവര്‍ക്ക്, മുതിര്‍ന്നവരായാലും കുട്ടികളായാലും, അങ്ങനെയൊരു സാഹചര്യം അവര്‍ക്ക് സംഭവിച്ചല്ലോ എന്ന ആശ്ചര്യമുണ്ടാകും. അത് പലപ്പോഴും അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല. അതിനാല്‍ അവര്‍ നടന്ന സംഭവം നിഷേധിക്കും. അവര്‍ക്ക് സ്വന്തം ബുദ്ധി സ്ഥിരതയെക്കുറിച്ച് സംശയം തോന്നിത്തുടങ്ങുകയും ചെയ്യും. 

 1. ശക്തമായ പേടിയും കുറ്റബോധവും

ഇരകള്‍ അവരെ പീഡിപ്പിച്ച ആളെയും ആ സാഹചര്യത്തെയും നിരന്തരമായി ഭയപ്പെടും. കൂടാതെ ആ സാഹചര്യത്തിന് കാരണം താന്‍ തന്നെയാണ് എന്ന തെറ്റായ തോന്നല്‍ അവരില്‍ കുറ്റബോധമുണ്ടാക്കും. ഇരകള്‍ കുട്ടികളാണെങ്കില്‍ അവര്‍ നിരന്തരമായി പശ്ചാത്തപിക്കുകയും അതേക്കുറിച്ച് സംസാരിക്കാന്‍ ഭയക്കുകയും ചെയ്യും. 

 1. ഒന്നുകില്‍ അങ്ങേയറ്റം ആക്രമണം അല്ലെങ്കില്‍ അങ്ങേയറ്റം അച്ചടക്കം

കുട്ടികളും മുതിര്‍ന്നവരുമായ ചില ഇരകള്‍ വളരെയധികം ആക്രമണ സ്വഭാവം കാണിക്കാറുണ്ട്. ഇത് ഉപദ്രവിച്ചയാളോടോ മറ്റുള്ളവരോടോ ആകാം. മിക്കപ്പോഴും അത് മറ്റുള്ളവരോടാണ്. മറ്റു ചിലര്‍ തികച്ചും അടക്കമുള്ളവരായി, നിശബ്ദരായി കാണപ്പെടും. ഇവര്‍ തുടര്‍ച്ചയായി കരഞ്ഞുകൊണ്ടിരിക്കും. 

 1. സ്വയം മതിപ്പില്ലാതാകുക

ചിലര്‍ക്ക് അവനവനെക്കുറിച്ച് തീരെ മതിപ്പില്ലാതാകുകയും നെഗറ്റീവ് ചിന്തകളും പെരുമാറ്റങ്ങളും ഉണ്ടാവുകയും ചെയ്യും. ഇവര്‍ക്ക് തങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടതായി തോന്നുകയും നിസ്സഹായത അനുഭവപ്പെടുകയും ചെയ്യും. കൂടാതെ ഇവര്‍ മറ്റുള്ളവരുടെ കണ്ണില്‍ നോക്കി സംസാരിക്കുന്നത് ഒഴിവാക്കുകയും ചെയ്യും.

ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍

ചെറിയ തോതിലുള്ള വൈകാരിക പീഡനങ്ങളെ പലരും അതിജീവിക്കാറുണ്ട്. എന്നാല്‍ ദീര്‍ഘകാല പീഡനങ്ങള്‍ ഇരകളില്‍ വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. മുതിര്‍ന്നവരിലും കുട്ടികളിലും ഇത്  ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും

 1. വിഷാദവും പിന്‍വാങ്ങലും 

ദീര്‍ഘകാലമായി വൈകാരിക പീഡനം അനുഭവിക്കുന്നവര്‍ക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെടും. സഹായത്തിന് ആരെയും സമീപിക്കാന്‍ കഴിയാത്തതോ സഹായം ലഭിക്കാത്തതോ ആണ് കാരണം. സ്വയം മതിപ്പില്ലാതാകുന്നത് വര്‍ധിച്ചു വര്‍ധിച്ച് അത് വിഷാദരോഗമായി മാറാനും സാധ്യതയുണ്ട്. പുറത്തുനിന്നുള്ള സഹായമോ ചികിത്സയോ ലഭിച്ചില്ലെങ്കില്‍ വിഷാദം കൂടുതല്‍ ഗൗരവതരമാകുകയും സാധ്യമായ സഹായങ്ങള്‍ക്കപ്പുറത്തേക്ക് പ്രശ്‌നം വലുതാകുകയും ചെയ്യും.

 1. ആക്രമണം

വൈകാരിക പീഡനത്തിന്റെ ഇരകള്‍ക്ക് അവരെ ഉപദ്രവിക്കുന്നവരോട് ആക്രമണ സ്വഭാവം കാണിക്കാന്‍ കഴിയാറില്ല. കായികമായി അവര്‍ക്കതിനു കഴിയുന്ന സാഹചര്യമുണ്ടെങ്കില്‍ പോലും. പകരം പലപ്പോഴും ഇത് അവര്‍ മറ്റുള്ളവരോട് പ്രകടിപ്പിക്കും. 

വൈകാരികമായി പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍ പലപ്പോഴും മറ്റു കുട്ടികളെ ഉപദ്രവിക്കുകയും അവര്‍ക്ക് നല്ല സുഹൃദ് ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാതെ പോകുകയും ചെയ്യും. മുതിര്‍ന്നവരാണെങ്കില്‍  കുട്ടികളോടും വീട്ടു ജോലിക്കാരോടും സഹപ്രവര്‍ത്തകരോടും ഈ ആക്രമണ സ്വഭാവം കാണിക്കും.

 1. ഉറക്ക പ്രശ്‌നവും ദുസ്വപ്‌നങ്ങളും

മുതിര്‍ന്നവരിലും കുട്ടികളിലും പീഡനത്തിന്റെ ഓര്‍മ്മ പലപ്പോഴും ട്രോമയായി നിലനില്‍ക്കാറുണ്ട്. ഇത് ഉറക്കക്കുറവ്, അമിതമായ ഉറക്കം, ദുസ്വപ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.

 1. സ്വയം അപകടപ്പെടുത്തലും ആത്മഹത്യാ പ്രവണതയും

ചിലര്‍ ആ സംഭവത്തിന്റെ ഞെട്ടലില്‍ സ്വയം അപകടപ്പെടുത്തുകയോ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുകയോ ചെയ്യും. മുതിര്‍ന്നവരിലാണ് ഇതിനുള്ള സാധ്യത കൂടുതല്‍. കുട്ടികള്‍ക്ക് ഒന്നിനെയും കൂസാത്ത സ്വഭാവവും പേടിയില്ലായ്മയും വൈകാരിക പീഡനങ്ങളുടെ ദീര്‍ഘകാല പ്രത്യാഘാതമായി ഉണ്ടാകാറുണ്ട്.

 1. ലഹരി ഉപയോഗം

നല്ല വ്യക്തി ബന്ധങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ സന്തോഷം കണ്ടെത്താനായി ചിലര്‍ ലഹരി ഉപയോഗം തുടങ്ങുന്നു. ഇവര്‍ മദ്യത്തിനോ മയക്കുമരുന്നിനോ അടിമയായിത്തീരുകയാണ് ഒടുവില്‍ സംഭവിക്കുക. കുട്ടികള്‍ ചെറിയ പ്രായത്തിലേ പുകവലി ആരംഭിക്കുന്നതായും കാണാറുണ്ട്.

 1. വിശ്വാസം നഷ്ടപ്പെടുക

നിങ്ങളോട് സ്‌നേഹമുണ്ടെന്ന്, നിങ്ങളെ സംരക്ഷിക്കുമെന്ന് കരുതിയിരുന്നവരാല്‍ ഉപദ്രവിക്കപ്പെടുമ്പോള്‍ പിന്നെ ആരോടും ഒരു വിശ്വാസവും  തോന്നാതെ വരുന്നത് പൊതുവെ കുട്ടികളിലും മുതിര്‍ന്നവരിലും കണ്ടുവരുന്നു. 

 1. സ്‌കൂളിലോ ജോലിയിലോ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരിക

പീഡനത്തിന്റെ ഓര്‍മകള്‍ നിരന്തരം ഉണ്ടാകുന്നതിനാല്‍ മുതിര്‍ന്നവര്‍ക്ക് ജോലിയില്‍ പരിപൂര്‍ണമായി ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്നു. തുടര്‍ന്ന്‌ ജോലിയില്‍ താല്‍പര്യം ഇല്ലാതാകുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ നില മോശമാകുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.