spot_img

രോഗങ്ങളകറ്റാന്‍ മെഡിറ്ററേനിയന്‍ ഡയറ്റ്

ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, സ്തനാര്‍ബുദം എന്നീ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയകറ്റാന്‍ മെഡിറ്ററേനിയന്‍ ഡയറ്റ് സഹായിക്കുമെന്ന് പഠനങ്ങള്‍

മെഡിറ്ററേനിയന്‍ ഭക്ഷണമെന്നാല്‍ മെഡിറ്ററേനിയന്‍ കടലിനു ചുറ്റുമുള്ള രാജ്യങ്ങളിലെ പരമ്പരാഗത ഭക്ഷണരീതിയാണ്. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ഈജിപ്ത്, ഗ്രീസ് തുടങ്ങിയവ മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ ചിലതാണ്. ആരോഗ്യകരമായ കൊഴുപ്പുകള്‍ – അതായത് കൊഴുപ്പുള്ള മുട്ട, മത്സ്യം, ഒലിവെണ്ണ, നട്‌സ് എന്നിവയെല്ലാം അടങ്ങിയതാണ് മെഡിറ്ററേനിയന്‍ ഭക്ഷണം. ശരീരഭാരം കുറക്കാനും ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള ഒരു മാര്‍ഗം കൂടിയാണിത്.

ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാലാണ് ഉയര്‍ന്ന കൊഴുപ്പടങ്ങിയ ഭക്ഷണമായിട്ടും മെഡിറ്ററേനിയന്‍ ഡയറ്റ് ചില രോഗങ്ങള്‍ വരാനുള്ള സാധ്യതയെ കുറക്കുന്നതെന്ന് മെഡിറ്ററേനിയന്‍ ഡയറ്റിന്റെ സാധ്യതകളെക്കുറിച്ച് പഠനം നടത്തിയ യുഎസിലെ ക്രോണിക് ഡിസീസസ് ഔട്ട്കംസ് റിസര്‍ച്ചിലെ ഹന്നാ ബ്ലൂംഫീല്‍ഡ് പറയുന്നത്. മെഡിറ്ററേനിയന്‍ ഡയറ്റിനെക്കുറിച്ചുള്ള 332 പഠനങ്ങള്‍ വിശകലനം ചെയ്തതില്‍ 56 എണ്ണവും ഈ ഭക്ഷണത്തിന്റെ ഗുണങ്ങളെപ്പറ്റിയായിരുന്നു. അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ എന്ന ജേര്‍ണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, തവിട് കളയാത്ത ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, ബട്ടറിനു പകരം ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഒലിവ് ഓയില്‍, കനോല ഓയില്‍, ഉപ്പിനു പകരം രുചി കൂട്ടാന്‍ ഹെര്‍ബുകളും സുഗന്ധ വ്യജ്ഞനങ്ങളും, ആഴ്ചയില്‍ രണ്ടു തവണ മത്സ്യവും മാംസവും, ചുവന്ന വൈനിന്റെ മിതമായ ഉപയോഗം, പാലുല്‍പ്പന്നങ്ങളുടെ ഉപയോഗം, മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം റെഡ് മീറ്റ്. ഇങ്ങനെ ആരോഗ്യകരമായ കൊഴുപ്പ് മുതല്‍ അനാരോഗ്യകരമായ കൊഴുപ്പ് വരെ എന്ന അനുപാതത്തില്‍ ഒരു പിരമിഡ് ആകൃതിയിലാണ് മെഡിറ്ററേനിയന്‍ ഭക്ഷണം. ഒപ്പം കൃത്യമായി വ്യായാമവും ചെയ്യേണ്ടതുണ്ട്.

ഒലിവ് ഓയില്‍, കനോല ഓയില്‍, അവോക്കാഡോ എന്നിവയില്‍ മോണോ അണ്‍സാചുറേറ്റഡ് ഫാറ്റ് അഥവാ അനാരോഗ്യകരമായ കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. മരണനിരക്കില്‍ മാറ്റമൊന്നും വരുത്താന്‍ ഈ ഭക്ഷണശീലത്തിനാവില്ലെങ്കിലും ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, സ്തനാര്‍ബുദം എന്നീ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയകറ്റാന്‍ മെഡിറ്ററേനിയന്‍ ഡയറ്റ് സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ഹൃദയ സ്തംഭനത്തിന്റെ സാധ്യത മൂന്നിരട്ടിയായി വര്‍ധിപ്പിക്കുന്ന സി.റിയാക്ടീവ് പ്രോട്ടീന്‍ (സി.ആര്‍.പി) എന്നറിയപ്പെടുന്ന മാംസ്യ ഘടകത്തിന്റെ അളവ് ശരീരത്തില്‍ കുറയ്ക്കാന്‍ ഈ ഭക്ഷണരീതി സഹായിക്കുന്നു. മെഡിറ്ററേനിയന്‍ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് വൃക്കരോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥി ശോഷണ രോഗ സാധ്യത കുറക്കാനും ഈ ഭക്ഷണരീതി സഹായിക്കും.

നിത്യയൗവ്വനത്തിനും മെഡിറ്ററേനിയന്‍ ഡയറ്റ്

ഭക്ഷണശീലങ്ങളിലൂടെ ആരോഗ്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉറപ്പായും പിന്തുടരാവുന്ന ഭക്ഷണരീതിയാണ് മെഡിറ്ററേനിയന്‍ ഡയറ്റ്. പഴങ്ങളും പച്ചക്കറികളും പയറുവര്‍ഗങ്ങളും കൊണ്ട് സമ്പന്നമായ മെഡിറ്ററേനിയന്‍ ഭക്ഷണത്തിന്റെ ഉപഭോഗം വാര്‍ധക്യ ലക്ഷണങ്ങളിലേക്കെത്തുന്നത് പോലും വൈകിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്, പോളണ്ട്, യു.കെ എന്നിവിടങ്ങളില്‍ യൂറോപ്യന്‍ യൂണിയന്റെ ധനസഹായത്തോടെ നടത്തിയ എന്‍യു-ഏജ് എന്ന പഠനവും മെഡിറ്ററേനിയന്‍ ഡയറ്റിന്റെ നിരവധി ഗുണഫലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.