spot_img

വൃക്കകളെ ആരോഗ്യത്തോടെ സൂക്ഷിക്കാം

നിങ്ങളുടെ ശരീരത്തിലെ സൈലന്റ് ഹീറോസാണ് വൃക്കകള്‍. രക്തത്തിലെ മാലിന്യങ്ങളെ ശുദ്ധീകരിക്കുന്ന വലിയൊരു പ്രക്രിയയാണ്  ദിവസവും വൃക്കകള്‍ ചെയ്യുന്നത്. അതു മാത്രമല്ല, ചുവന്ന രക്താണുക്കളെ ഉണ്ടാക്കുന്നതും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതും എല്ലുകളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതും രക്തത്തിലെ ഇലക്ട്രോലൈറ്റുകളുടെ തോത് നിയന്ത്രിക്കുന്നതും വൃക്കകളാണ്. വളരെ ജാഗ്രത വേണ്ട പ്രവര്‍ത്തനങ്ങളാണ് ഇവയെല്ലാം എന്നതിനാല്‍ വൃക്കകളെ ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
നിങ്ങളുടെ വൃക്കകളെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. നിര്‍ജ്ജലീകരണം തടയുക

മൂത്രത്തിലെ മാലിന്യത്തെ അരിച്ചു കളയുന്നത് വെള്ളമാണ്. അതിനാല്‍ ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ഒരു മുതിര്‍ന്ന സ്ത്രീ ദിവസവും 2.1 ലിറ്ററും പുരുഷന്‍ 2.6 ലിറ്ററും വെള്ളം കുടിക്കണം. എന്നാല്‍ ചൂടു കൂടുതലുള്ള സമയത്തും അധികമായി വിയര്‍ത്തു ജലാംശം പുറത്തു പോകുന്ന സമയത്തും കൂടുതല്‍ വെള്ളം കുടിക്കണം. മൂത്രത്തിന്റെ നിറം മാറ്റം നോക്കി ശരീരത്തിലെ നിര്‍ജ്ജലീകരണം മനസ്സിലാക്കാം. മൂത്രത്തിന്റെ നിറം വൈക്കോലിന്റെ നിറത്തേക്കാള്‍ കട്ടിയുള്ളതാകുന്നത് നിങ്ങള്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല എന്നതിന്റെ സൂചനയാണ്.
2. രക്തസമ്മര്‍ദ്ദം, കൊഴുപ്പ്, പ്രമേഹം എന്നിവ നിയന്ത്രണ വിധേയമാക്കുക
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊഴുപ്പും പ്രമേഹവും വൃക്കകളെ തകരാറിലാക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് ഏറ്റവും അപകടകാരി. രക്തസമ്മര്‍ദ്ദം ഉയരുന്നത് ലക്ഷണങ്ങളിലൂടെ തിരിച്ചറിയാന്‍ സാധിക്കില്ല. നിരന്തരമായ പരിശോധന മാത്രമേ വഴിയുള്ളൂ. ഈ ജീവിതശൈലീ രോഗങ്ങളെ നിരന്തരമായ വ്യായാമത്തിലൂടെയും ഡയറ്റിലൂടെയും നിയന്ത്രിച്ചു നിര്‍ത്തുകയും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കൃത്യമായി മരുന്ന് കഴിക്കുകയും വേണം.
3. ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുക
നമ്മുടെ ഭക്ഷണത്തില്‍ സോഡിയം ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമായതിനേക്കാള്‍ 50 ശതമാനമെങ്കിലും അധികമാണ് പലപ്പോഴും ശരീരത്തിലെത്തുന്നത്. സോഡിയം ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്തുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കും. അത് രക്തത്തിന്റെ ഒഴുക്കിന് തടസ്സമുണ്ടാക്കുകയും വൃക്കയുടെ പ്രവര്‍ത്തനത്തെ അപകടകരമായി ബാധിക്കുകയും ചെയ്യും. വൃക്ക തകരാറിലാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കാരണമാണ് രക്തസമ്മര്‍ദ്ദം.
ഒരു ദിവസം 2,300 മില്ലി ഗ്രാം അല്ലെങ്കില്‍ ഒരു ടീ സ്പൂണ്‍ ഉപ്പ് മാത്രം ഉപയോഗിക്കുക. 75 ശതമാനം സോഡിയവും ശരീരത്തിലെത്തുന്നത് സംസ്‌ക്കരിച്ച ഭക്ഷണ വസ്തുക്കളില്‍ നിന്നാണ്. അതുകൊണ്ട് ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന സോഡിയത്തിന്റെ അളവ് പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പരിശോധിക്കാന്‍ ശ്രദ്ധിക്കുക.
4. പ്രോട്ടീന്‍ അധികമാകരുത്
പ്രോട്ടീന്‍ അധികമാകുന്നത് വൃക്കകളുടെ പ്രവര്‍ത്തനത്തിന് ദോഷകരമാണ്. പുരുഷന്മാരുടെ ഭാരത്തിന്റെ ഒരു കിലോഗ്രാമിന് .75 ഗ്രാം പ്രോട്ടീനും സ്ത്രീകളുടെ ഭാരത്തിന്റെ ഒരു കിലോഗ്രാമിന് .84 ഗ്രാം പ്രോട്ടീനുമാണ് ഒരു ദിവസം ശരീരത്തിനാവശ്യം. ഈ നിശ്ചിത അളവ് പ്രോട്ടീന്‍ ദിവസവും പല തവണകളിലായി ശരീരത്തിന് ലഭ്യമാക്കുക
5. സംസ്‌ക്കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക
സംസ്‌ക്കരിച്ചതും പാകപ്പെടുത്തിയതുമായ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക. അവയില്‍ അമിതമായ അളവില്‍ സോഡിയവും ഫോസ്ഫറസും അടങ്ങിയിരിക്കുന്നു. രണ്ടും വൃക്കയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നവയാണ്. അതിനാല്‍ അത്തരം ഭക്ഷണ വസ്തുക്കള്‍ ഉപേക്ഷിച്ച് പകരം ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക.
6. ആല്‍ക്കഹോള്‍ ഉപയോഗം കുറക്കുക
ആല്‍ക്കഹോള്‍ അമിതമായി ഉപയോഗിക്കുന്നത് വൃക്കകളെ തകരാറിലാക്കും. രക്തത്തില്‍ നിന്ന് വേര്‍തിരിച്ചു മാറ്റേണ്ട വിഷാംശമാണ് ആല്‍ക്കഹോള്‍ എന്നു മാത്രമല്ല, അത് ശരീരത്തെ നിര്‍ജ്ജലീകരിക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം ഉയരാനും കരള്‍ രോഗബാധയുണ്ടാവാനും ആല്‍ക്കഹോള്‍ കാരണമാകുന്നു. ഇത് രണ്ടും വൃക്കകളെ മോശമായി ബാധിക്കുന്നവയാണ്.
മിതമായ രീതിയില്‍ മദ്യപിക്കുന്നത് ആശാസ്യമാണ്. സ്ത്രീകള്‍ക്ക് ദിവസവും ഒരു ഡ്രിങ്കും പുരുഷന്മാര്‍ക്ക് രണ്ട് ഡ്രിങ്കും അനുവദനീയമാണ്. (ഒരു ഡ്രിങ്ക് = ബിയര്‍ 12 ഔണ്‍സ് / വൈന്‍ 5 ഔണ്‍സ് / ലിക്വര്‍ 1.5 ഔണ്‍സ്)
7. പുകവലി ഒഴിവാക്കുക
പുകവലി ഹൃദയത്തിനും ശ്വാസകോശത്തിനും നല്ലതല്ലെന്നും അര്‍ബുദത്തിന് കാരണമാകുമെന്നും എല്ലാവര്‍ക്കുമറിയാം. അതുപോലെ തന്നെ വൃക്കയ്ക്കും പുകവലി അനാരോഗ്യകരമാണ്. പുകവലി രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും വൃക്കയിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് മന്ദഗതിയിലാക്കുകയും ചെയ്യും. പുകവലി ഒഴിവാക്കാന്‍ കൗണ്‍സിലിങ് സഹായം തേടാം. നിക്കോട്ടിന്‍ തെറാപ്പികള്‍ വഴി പുകവലി നിര്‍ത്താന്‍ സാധിക്കും. നിക്കോട്ടിന്റെ അളവ് നിയന്ത്രിത ഡോസില്‍ മാത്രം ലഭ്യമാക്കി മെല്ലെ മെല്ലെ പുകവലിയില്‍ നിന്ന് പുറത്തുകൊണ്ടുവരുന്ന ചികിത്സാ മാര്‍ഗമാണിത്.
8. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക
ബിഎംഐ (Body Mass Index) 25 ഓ അതിനു മുകളിലോ ആകുന്നത് വൃക്കകള്‍ക്ക് അപകടകരമാണ്. ഇത്
രക്തസമ്മര്‍ദ്ദം ഉയര്‍ത്തി വൃക്കരോഗം വരുത്തിവെക്കുന്നു. നിങ്ങളുടെ ഭാരം ആരോഗ്യകരമായി നിലനിര്‍ത്താന്‍ സന്തുലിതമായ ഡയറ്റും നിരന്തരമായ വ്യായാമവും ആവശ്യമാണ്. ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ് കുറഞ്ഞതോ ഇല്ലാത്തതോ ആയ പാലുല്‍പ്പന്നങ്ങള്‍ ട്രാന്‍സ് ഫാറ്റ് എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. ആഴ്ചയില്‍ 150 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക.
9. സോയാബീന്‍, ബ്ലു ബെറീസ്, ഇലക്കറികള്‍ എന്നിവ ഉപയോഗിക്കുക
ആരോഗ്യകരമായ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് സോയാബീന്‍. ബ്ലൂബെറീസ് ആന്റി ഓക്‌സിഡന്റിനാല്‍ സമ്പുഷ്ടമാണ്. ഇലക്കറികളില്‍ ധാരളം കാത്സ്യവും അടങ്ങിയിരിക്കുന്നു. ഇവ ഭക്ഷണത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തിന് സഹായകരമാണ്.
10. ചൈനീസ് റുബാര്‍ബും ഗോള്‍ഡന്‍ റോഡും 
വൃക്കയുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നവയാണ് ചൈനീസ് റുബാര്‍ബും ഗോള്‍ഡന്‍ റോഡും. ഒരിനം നിത്യഹരിതച്ചെടിയാണ് ചൈനീസ് റുബാര്‍ബ്. ഗോള്‍ഡന്‍ റോഡ് വൃക്കയുടെ പ്രവര്‍ത്തനത്തിന് ത്വരകമായ ടോണിക്കാണ്. ഒരു വിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ. മുന്നോടിയായി നിങ്ങളുടെ ഡോക്ടറുടെ അനുമതിയും തേടിയിരിക്കണം. കിഡ്‌നി രോഗമുള്ളപ്പോള്‍ ഇവ കഴിക്കുന്നത് അപകടകരമാണ്. അതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ഇവ കഴിക്കരുത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.