ഭക്ഷണം കഴിക്കാതെ എത്ര ദിവസം ജീവിക്കാമെന്നത് എല്ലാക്കാലത്തും മനുഷ്യന് താല്‍പര്യമുള്ള ചോദ്യമാണ്. അതിന് വളരെ വ്യക്തമായ ഉത്തരം ലഭ്യമല്ല. ഓരോരുത്തരുടെയും ശാരീരിക സ്ഥിതി, ആരോഗ്യം, പരിസ്ഥിതി എന്നിവയനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു.
ഒട്ടും തന്നെ ഭക്ഷണം കഴിക്കാതെ ഒരാള്‍ക്ക് എത്ര ദിവസം നിലനില്‍ക്കാനാകുമെന്നത് ഇതുവരെ ഗവേഷണം നടത്തി കണ്ടെത്തിയിട്ടില്ല. നിരാഹാര സമരമനുഷ്ഠിച്ച ചില സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതമാണ് ഇതിലുള്ള പ്രധാന പഠനം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി അനുഷ്ഠിച്ച ഏറ്റവും വലിയ നിരാഹാരം 21 ദിവസമായിരുന്നു. ഗാന്ധിജി അതിനുശേഷവും ആരോഗ്യവാനായി ജീവിച്ചു.
ടെറന്‍സ് മാക്‌സ്വിനി എന്ന ഐറിഷ് രാഷ്ട്രീയത്തടവുകാരന്‍ 74 ദിവസം നിരാഹാരമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ മരണത്തോടെയാണ് നിരാഹാരം അവസാനിച്ചത്. അദ്ദേഹത്തോടൊപ്പം നിരാഹാരം ചെയ്തവര്‍ 46 ദിവസത്തിനും 73 ദിവസത്തിനുമിടയില്‍ മരിച്ചു. 74 ദിവസമാണ് ലോകത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ്. ഓരോ വ്യക്തിയുടെയും ശാരീരിക-പാരിസ്ഥിതിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഭക്ഷണമില്ലാതെ നിലനില്‍ക്കാന്‍ കഴിയുന്നതിന്റെ ദൈര്‍ഘ്യവും വ്യത്യാസപ്പെട്ടിരിക്കും.
- പാരിസ്ഥിതിക – ശാരീരിക ഘടകങ്ങള്‍ക്കനുസരിച്ച്
ഭക്ഷണം ശരീരത്തില്‍ ചെല്ലാതെ വരുമ്പോള്‍ എല്ലാവരുടെയും ശരീരം ഒരുപോലെയല്ല പ്രതികരിക്കുന്നത്. ചിലര്‍ക്ക് ദിവസങ്ങളോളം നിലനില്‍ക്കാന്‍ കഴിയുമെങ്കില്‍ മറ്റു ചിലര്‍ക്ക് മണിക്കൂറുകള്‍ കൊണ്ട് തന്നെ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെട്ടു തുടങ്ങും.
നിങ്ങളുടെ ഭാരം, പ്രമേഹം പോലുള്ള രോഗങ്ങള്‍, ആരോഗ്യാവസ്ഥ, കാലാവസ്ഥ പോലുള്ള പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയ്ക്കനുസരിച്ചാണ് ഇത് നിര്‍ണ്ണയിക്കപ്പെടുന്നത്. ഒരാളുടെ ആരോഗ്യകരമായ ബിഎംഐ (Body Mass Index) 18.5 നും 24.9 നും ഇടയിലാണ്. 12 നും 12.5 നുമിടയില്‍ ബിഎംഐ ഉള്ള ഒരാള്‍ അധികദിവസം ഭക്ഷണം കഴിക്കാതെ ഇരുന്നാല്‍ ഹൃദയാഘാതമോ അതിനെത്തുടര്‍ന്ന് മരണമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
- ഒരു ശരാശരി മനുഷ്യന് ഭക്ഷണമില്ലാതെ കഴിയാന്‍ പറ്റുന്നത് 2 ദിവസം മാത്രം
നേരത്തേ പറഞ്ഞതുപോല ധാര്‍മ്മിക പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് ഈ വിഷയത്തില്‍ അധികം പഠനങ്ങള്‍ ഉണ്ടായിട്ടില്ല. നിരാഹാരം ചെയ്യുന്നവര്‍ക്കിടയിലോ ഈറ്റിങ് ഡിസോര്‍ഡറുകള്‍ ഉള്ളവര്‍ക്കിടയിലോ മാത്രമാണ് ഇതേപ്പറ്റി പഠനങ്ങള്‍ നടന്നിട്ടുള്ളത്. അതനുസരിച്ച് ഒരാള്‍ക്ക് അല്‍പം പോലും ഭക്ഷണമില്ലാതെ ആരോഗ്യവാനായി നിലനില്‍ക്കാന്‍ കഴിയുന്നത് രണ്ടു ദിവസമാണെന്ന് പറയപ്പെടുന്നു. മറ്റൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളുമില്ലാത്ത, പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങളില്ലാത്ത ഒരു ശരാശരി മനുഷ്യന്റെ കാര്യമാണിത്. ആരോഗ്യ-പാരിസ്ഥിതിക ഘടകങ്ങളിലെ വ്യത്യാസമനുസരിച്ച് ഇത് കൂടാനും കുറയാനും സാധ്യതയുണ്ട്.
- വെള്ളം
ഭക്ഷണമില്ലാത്ത അവസ്ഥയെക്കുറിച്ചാണ് പറഞ്ഞത്. വെള്ളം ഒഴിവാക്കിയുള്ള രീതിയല്ല. വെള്ളം കൂടി ഒഴിവാക്കിയാല്‍ അവസ്ഥ കൂടുതല്‍ ഗുരുതരമാകുമെന്നു മാത്രമല്ല, രണ്ടു ദിവസം നിലനില്‍ക്കാന്‍ കഴിയുമോ എന്ന് സംശയവുമാണ്. അത് കാലാവസ്ഥയും ആരോഗ്യാവസ്ഥയും അനുസരിച്ചിരിക്കും. എന്നാല്‍ നിങ്ങള്‍ ധാരാളമായി വിയര്‍ക്കുകയും പകരമായി ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്തില്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രയാസം അനുഭവപ്പെട്ടു തുടങ്ങും.
- ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന ഗ്ലൂക്കോസ് രണ്ടു ദിവസത്തിനകവും പ്രോട്ടീന്‍ മൂന്നു ദിവസത്തിനകവും കഴിയും
ശരീരത്തില്‍ ഭക്ഷണമെത്താതെ വരുമ്പോള്‍ അത് പേശികളിലും കരളിലും സൂക്ഷിച്ചിരിക്കുന്ന ഗ്ലൈക്കോജന്‍ ഉപയോഗിച്ചു തുടങ്ങും. ഇത് കഴിഞ്ഞാലുടന്‍ ശരീരത്തില്‍ സംഭരിക്കപ്പെട്ടിരിക്കുന്ന കൊഴുപ്പും ഒടുവില്‍ പ്രോട്ടീനും ഉപയോഗിക്കുന്നു. ഇത് ആരോഗ്യത്തിന് ഒട്ടുംതന്നെ നല്ലതല്ല.
- ഭക്ഷണമില്ലാത്ത ആദ്യ 24-48 മണിക്കൂറില്‍ : ആദ്യ ആറു മണിക്കൂറില്‍ ഗ്ലൂക്കോസ് ശേഖരം കാലിയാകും. ചിലരില്‍ 24 മുതല്‍ 48 മണിക്കൂറിനുള്ളിലും. കൊഴുപ്പും ഈ കാലയളവില്‍ ഉപയോഗിച്ചുതീരും.
- 72 മണിക്കൂറിനു ശേഷം : കൊഴുപ്പ് ഇതിനകം ഉപയോഗിച്ചു തീര്‍ന്നിട്ടുണ്ടാകുമെന്നതിനാല്‍
പ്രോട്ടീന്‍ ഉപയോഗിച്ചു തുടങ്ങും.
- ഭക്ഷണമില്ലാത്ത ആദ്യ ദിവസങ്ങളില്‍ ക്ഷീണം, മുടി കൊഴിച്ചില്‍, പേശീ തളര്‍ച്ച
48 മണിക്കൂറിലധികം ഭക്ഷണമില്ലാതെ തുടര്‍ന്നാല്‍ താഴെപ്പറയുന്ന പ്രശ്‌നങ്ങളുണ്ടാകും.
- തളര്‍ച്ച, ക്ഷീണം, ഇവ ബോധക്ഷയം ഉണ്ടാക്കിയേക്കും.
- പേശീ തളര്‍ച്ച
- എല്ലിന്റെ സാന്ദ്രത കുറയാനും എല്ല് വരണ്ട് എളുപ്പത്തില്‍ പൊട്ടാനും ഇടയാകുന്നു.
- ഹൃദയ പേശികള്‍ തളരുന്നതിനാലും ഹൃദയത്തിന് രക്തം പമ്പ് ചെയ്യാനാവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരുന്നതിനാലും ഹൃദയരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത.
- രക്ത സമ്മര്‍ദ്ദം കുറയുക
- ഹൃദയമിടിപ്പ് കുറയുക
- അള്‍സര്‍
- അധികമായി തണുപ്പനുഭവപ്പെടുക
- ഗുരുതരമായ നിര്‍ജ്ജലീകരണത്തെത്തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ തകരാറുണ്ടാകുക
- മുടികൊഴിച്ചില്‍
- ഭക്ഷണം കുറച്ച് കഴിക്കുന്നതും അപകടം
ഭക്ഷണം തീരെ കഴിക്കാതിരിക്കുന്നതു പോലെ തന്നെ അപകടമാണ് ഭക്ഷണം കുറച്ചു കഴിക്കുന്നതും. വളരെ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നത് ഒരാളുടെ ശരീരത്തിനാവശ്യമായ പോഷണങ്ങള്‍ നല്‍കുകയില്ല. അത് നിരവധി രോഗങ്ങള്‍ക്കും അവയവങ്ങളുടെ പതനത്തിനും ഇടയാക്കും.
- ഇടയ്ക്കിടെയുള്ള ഹ്രസ്വകാല ഉപവാസം ആരോഗ്യകരമാണ്
ആരോഗ്യപൂര്‍ണ്ണമായ ശരീരമുള്ള ഒരാള്‍ക്ക് ഇടയ്ക്കിടെയുള്ള ഉപവാസം നല്ലതാണ്. ഹ്രസ്വകാല ഉപവാസം പലതരത്തില്‍ ചെയ്യാം. ആഴ്ചയില്‍ രണ്ടു ദിവസം, ഒന്നിടവിട്ടുള്ള ദിവസങ്ങളിലെ ഉപവാസം. അങ്ങനെ നിരവധി തരത്തില്‍. വെള്ളം കുടിച്ചു കൊണ്ടുള്ള ഉപവാസങ്ങളാണ് ഇവയൊക്കെയും.
ഇടയ്ക്കിടെയുള്ള ഉപവാസം ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കുറച്ച് പൊണ്ണത്തടി, പ്രമേഹം പോലുള്ള രോഗങ്ങളുടെ സാധ്യത കുറക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. നല്ല കൊളസ്‌ട്രോളിന്റെ തോത് കൂട്ടാനും ട്രൈഗ്ലിസറൈഡിന്റെ തോത് കുറക്കാനും ഇത് സഹായിക്കുന്നു. തലച്ചോര്‍ പെട്ടെന്ന് പ്രായമാകുന്നത് തടയാനും ഇടയ്ക്കിടെയുള്ള ഉപവാസം നല്ലതാണ്.