spot_img

നോമ്പുകാലത്ത് ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും അറിഞ്ഞിരിക്കാന്‍

റമസാന്‍ മാസമാകുമ്പോള്‍ ഡോക്ടര്‍മാര്‍ രോഗികളില്‍നിന്നും ഗര്‍ഭിണികളില്‍നിന്നും മുലയൂട്ടുന്ന അമ്മമാരില്‍നിന്നും പതിവായി കേള്‍ക്കുന്ന ചോദ്യമാണ് നോമ്പെടുക്കാന്‍ കഴിയുമോ എന്ന്. ഞാന്‍ ഗര്‍ഭിണിയായിരിക്കേ ഒരു മത പണ്ഡിതനോട് ഇതേക്കുറിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞത്, റമസാന്‍ എന്നാല്‍ സൃഷ്ടാവിന്റെ കാരുണ്യത്തിന്റെ കൂടി മാസമാണ്.. ആ കാരുണ്യം നീയെന്തിനാണ് നിന്റെ കുഞ്ഞിന് നിഷേധിക്കുന്നത് എന്നാണ്.
ഇതുതന്നെയാണ് ഗര്‍ഭിണികളോടും പാല്‍ മാത്രം കുടിക്കുന്ന ചെറിയ കുഞ്ഞുങ്ങളുള്ള അമ്മമാരോടും പറയാനുള്ളത്. ഗര്‍ഭകാലത്ത്, പ്രത്യേകിച്ചും തുടക്കത്തിലും അവസാന ഘട്ടത്തിലും ഒട്ടേറെ പോഷകങ്ങള്‍ കുഞ്ഞിന് ആവശ്യമുണ്ട്. ഈ സമയത്ത് നോമ്പ് ഒഴിവാക്കുന്നതായിരിക്കും ഉത്തമം. മറ്റൊരു സമയത്ത് ഈ നോമ്പെടുത്ത് വീട്ടാനുള്ള സാധ്യതകൂടി നിങ്ങള്‍ക്കുണ്ട്.
അസുഖമുള്ളവരുടെ കാര്യം- പനിയും വയറിളക്കവും പോലുള്ള അസുഖങ്ങളുടെ സമയത്ത് നോമ്പെടുക്കുന്നത് ആരോഗ്യസ്ഥിതി വഷളാക്കാന്‍ സാധ്യതയുണ്ട്. ഒന്നോ രണ്ടോ ദിവസം നോമ്പുപേക്ഷിച്ച് ധാരാളം വെള്ളം കുടിച്ച് വിശ്രമിക്കുകയാണ് അപ്പോള്‍ വേണ്ടത്.

പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം നോമ്പെടുക്കാം. മരുന്ന് കഴിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയേ ഇതു ചെയ്യാവൂ. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞും കൂടിയുമിരിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇന്‍സുലിന്‍ എടുക്കുന്നവര്‍ ലോങ് ആക്ടിങ് ഇന്‍സുലിനില്‍നിന്ന് ഷോര്‍ട് ആക്ടിങ് ഇന്‍സുലിനിലേക്ക് മാറുന്നത് നല്ലതാണ്. അതുപോലെ ഗുളികകളുടെ കാര്യത്തിലും ചില വ്യത്യാസങ്ങള്‍ വരുത്തേണ്ടിവരും. നോമ്പുകാലത്തിനു മുന്‍പുതന്നെ ഡോക്ടറെ കണ്ട് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുന്നതാണ് നല്ലത്.

പെട്ടെന്ന് ഗ്ലൂക്കോസ് കുറഞ്ഞു പോകാനുള്ള സാധ്യത എപ്പോഴും കരുതിയിരിക്കണം. അമിതമായി വിയര്‍ക്കുക, ഉയര്‍ന്ന നെഞ്ചിടിപ്പ്, ക്ഷീണം എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ നോമ്പ് അവസാനിപ്പിക്കണം. നോമ്പ് തുറക്കാന്‍ 10 മിനിറ്റേ ബാക്കിയുള്ളൂവെങ്കില്‍ പോലും ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ നോമ്പ് അവസാനിപ്പിക്കാന്‍ മടിക്കരുത്.

രക്തസമ്മര്‍ദത്തിന് മരുന്നു കഴിക്കുന്നവര്‍ക്കും ഡീഹൈഡ്രേഷന്‍ ചില പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. തൈറോയ്ഡ്, കൊളസ്ട്രോള്‍ തുടങ്ങിയ സ്ഥിരമായി മരുന്നു കഴിക്കേണ്ട രോഗമുള്ളവര്‍ക്ക് മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ നോമ്പെടുക്കാന്‍ തടസ്സമില്ല. എങ്കില്‍പ്പോലും ചികില്‍സിക്കുന്ന ഡോക്ടറെ കണ്ട് അഭിപ്രായമെടുക്കാന്‍ മറക്കരുത്. കീമോതെറപ്പി, ഡയാലിസിസ് തുടങ്ങിയവ ചെയ്യുന്ന രോഗികള്‍ നോമ്പെടുക്കാതിരിക്കുന്നതാണ് ഉത്തമം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.